“അസ്സലാമു അലൈക്കും”
“വ അലൈക്കും ഉസ്സലാം”
“സുബഹ് ഖൈര്‍…… രാജേഷ് ഭായ്…” (Good Morning)
“സുബഹ് നൂര്‍… മബ്റൂക് ഭായ്” (Good Morning)
“കേ ഫാലെക് ?” (How are you?)
“സൈയിന്‍. കൈസേ ഹൈ ആപ്?” (Fine. How are you?)
“സൈയിന്‍. ഫാമിലി സബ് ഖൈരിയത്? “ (Fine. Family all ok?)
“ഹാം. സബ് ഖൈരിയത് മെം” (Yes. All are fine)
എന്റെ പ്രവാസജീവിതത്തിലെ ഒരു സാധാരണ പ്രവൃത്തി ദിവസത്തിന്റെ തുടക്കം.
മബ്റൂക് സംഗൂര്‍ ഞങ്ങളുടെ കമ്പനിയുടെ പ്രൊ ആണ്‍. പ്രൊ എന്നു വച്ചാല്‍ പി.ആര്‍.ഒ. Public Relations Officer എന്നൊക്കെ നിങ്ങള്‍ വിചാരിച്ചെങ്കില്‍ തെറ്റി. പ്യൂണിനെ റീപ്ലേസ് ചെയ്ത ഒരാള്‍…. അത്രേയുള്ളൂ. എന്നു വച്ചു പ്യൂണ്‍ ജോലികളായി അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ചായ ഉണ്ടാക്കല്‍, ഓഫീസ് ടേബിള്‍സ് മറ്റും വൃത്തിയാക്കല്‍, ബോസ്സിന്റെ പെട്ടിയും മറ്റും കാറില്‍ നിന്നും എടുത്തു കാബിനിലേക്കും തിരിച്ചും എത്തിയ്ക്കല്‍ ഈ വക ജോലികളൊന്നും ഇദ്ദേഹത്തിന്റെ ജോബ് പ്രൊഫൈലില്‍ പെട്ടതായിരുന്നില്ല.
ഓഫീസ്ക്കാര്യങ്ങള്‍ക്കു വേണ്ടി മന്ത്രാലയങ്ങളിലും മറ്റും പോകുന്നതു മബ്റൂക്കിന്റെ ചുമതലയില്‍ പെട്ടതാണ്. കൂടാതെ കമ്പനിക്കു വേണ്ട കളക്ഷന്‍സ് ആന്‍ഡ് ഡെലിവറീസ്, പോസ്റ്റോഫീസ് കാര്യങ്ങള്‍ ഒക്കെ കക്ഷി ചെയ്യും. പിന്നെ ഓഫീസ് ടൈമില്‍ പുറത്തു പോകാന്‍ പറ്റാത്ത സ്റ്റാഫിന്റെ എന്തെങ്കിലും പേഴ്സണല്‍ കാര്യങ്ങളും അവരുമായി അപ്പോഴുള്ള റിലേഷന്‍ പോലെ പുള്ളി ചെയ്യും.
രാവിലെ തന്നെ ഓഫീസില്‍ വന്നു എല്ലാരുടെയും അടുത്തു ചെന്നു സൌഖ്യം അന്വേഷിക്കും. അതൊരു പതിവാണ്. ഭായ് എന്നൊക്കെ എന്നെ വിളിക്കുമെങ്കിലും കക്ഷിക്കു എന്റെ പിതാജിയുടെ പ്രായമുണ്ട്. എന്നിരുന്നാലും ചെറുപ്പക്കാരെന്നഹങ്കരിക്കുന്ന എന്റെയും എന്റെ തലമുറയിലുള്ള മറ്റാരേക്കാളും ചുറുചുറുക്കും കാര്യക്ഷമതയും മബ്റൂക്കിനുണ്ട്. കൃശഗാത്രന്‍, ഗള്‍ഫ്സൂര്യന്‍ ഇഷ്ടം കൂടി ഉമ്മ വച്ചതോണ്ടാവണം പുള്ളിക്കു ഏഴഴകുള്ള കറുപ്പ് നിറം ലഭിച്ചതു. പക്ഷേ തന്റെ പ്രവര്‍ത്തനശൈലിയില്‍… പെരുമാറ്റത്തില്‍… ഒന്നും ആ നിറം കലരാതിരിയ്ക്കാന്‍ തികച്ചും ദൈവവിശ്വാസിയായ മബ്റൂക് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മബ്റൂക് എഴുത്തും വായനയും ഒന്നും പഠിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്തു അതൊന്നും വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നില്ല. അങ്ങിനെയുള്ള ആള്‍ക്കാര്‍ ഉള്ളതിനാലാണല്ലോ മലയാളികള്‍ മാത്രമല്ല പല വിദേശികളും ഇവിടെ ധാരാളം എത്തിചേര്‍ന്നതു. തന്റെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയം വഴിയും കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം മൂലവും അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും വായിക്കാന് മബ്റൂക് പഠിച്ചെടുത്തു. പക്ഷേ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ സാധാരണ മറ്റാളുകളുടെ സഹായം തേടും. പക്ഷേ എഴുത്തും വായനയും പഠിച്ചിട്ടുള്ള ഇന്നാട്ടിലെ ഏതു പുതുതലമുറക്കാരനേയും നാണിപ്പിക്കും വിധം കാര്യങ്ങളൊക്കെ നടത്തി വരാന്‍ പുള്ളിക്കു കഴിയും. അതു കൊണ്ടു തന്നെയാണല്ലോ 30 വര്‍ഷത്തോളമായി ഞങ്ങളുടെ കമ്പനിയില്‍ ഇദ്ദേഹം തുടരുന്നതു. തദ്ദേശീയ ഭാഷയായ അറബിക് കൂടാതെ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളും ഇദ്ദേഹം മനോഹരമായി സംസാരിയ്ക്കും. അതു കൂടാതെ അല്‍പ്പസ്വല്പം മറ്റു ചില ഇന്ത്യന്‍ ഭാഷകളും പല ഇന്ത്യന്‍ കൂലിവേലക്കാരുമായുള്ള സഹവര്‍ത്തിത്വം വഴി വശത്താക്കിയിട്ടുണ്ട്.
അങ്ങിനെയിരിക്കെ വേനല്‍ക്കാലമെത്തി. ഗള്‍ഫിലെ ചൂടിനെക്കുറിച്ചു ഏതെങ്കിലും മലയാളിയെ പറഞ്ഞു മനസ്സിലാക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും അറിയാത്തവര്‍ക്കായി ഒരു ചെറിയ വിവരണം. സൂര്യരശ്മികള്‍ അവയുടെ അതുഗ്രശക്തിയില്‍ അര്‍മാദിച്ചു നടക്കുന്ന സമയം. പകലിനു ദൈര്‍ഘ്യം കൂടിയ ദിവസങ്ങള്‍. രാവിലെ 4 മണിയാകുമ്പോഴേ സൂര്യരശ്മികള്‍ എത്തിനോട്ടം തുടങ്ങും. പിന്നെ വൈകുന്നരമായെന്നു തോന്നണമെങ്കില്‍ 7 എങ്കിലുമാവണം. ടാപ്പില്‍ നിന്നും പകല്‍ സമയത്തു തിളച്ച വെള്ളം മാത്രം ഒഴുകുന്നു. അതു കൊണ്ടു തന്നെ ആ സമയത്തു ടോയലറ്റില്‍ പോകണമെങ്കില്‍ രണ്ടാമതൊന്നു ആലോചിച്ചുപോകും.
ഇവിടുത്തെ സ്കൂളുകള്‍ മധ്യവേനലവധിക്കായി അടച്ചു. കുടുംബങ്ങളായി ഇവിടെ താമസിയ്ക്കുന്നവര്‍ നാട്ടിലേക്കു അവധിയെടുത്തു പോകുന്ന സമയം. ഞങ്ങളുടെ ഓഫീസിലെ ഒരു മലയാളി സഹപ്രവര്‍ത്തകന്‍ ജയരാജന്‍ അവധിയെടുത്തു നാട്ടിലേയ്ക്കു പോയി. ഇന്ത്യയിലേയ്ക്കുള്ള ഒട്ടു മിക്ക ഫ്ലൈറ്റുകളും പാതിരാത്രിയ്ക്കാണു. അവിടെ വെളുപ്പിനെ ലാന്‍ഡു ചെയ്യുന്നതിനാല്‍ നാട്ടിലേയ്കു പോകുന്നവര്‍ക്കു ഒരു ദിവസം മുഴുവനായി തന്നെ
ചിലവഴിക്കാനായി ലഭിക്കും. സാധാരണ ഏതെങ്കിലും സഹപ്രവര്‍ത്തകരോ അതോ അടുത്ത കൂട്ടുകാരോ മറ്റോ ആയിരിയ്ക്കും അങ്ങിനെ പോകുന്നവരെ എയര്‍പോര്‍ട്ടിലേയ്ക്കു കൊണ്ടു വിടുക. പക്ഷേ ജയരാജന്‍ അങ്ങിനെ ആരെയും ബുദ്ധിമുട്ടിയ്ക്കുന്നതില്‍ അത്ര തല്പരനല്ലാത്തതിനാല്‍ കമ്പനി നല്‍കിയിരിയ്ക്കുന്ന കാര്‍ സ്വയം ഡ്രൈവ് ചെയ്തു പോകുകയാണു സാധാരണ ചെയ്യുക. അതിനു ശേഷം അവിടെ കാര്‍പാര്‍ക്കില്‍ ഉള്ള ആ കാര്‍ അടുത്ത പ്രവര്‍ത്തി ദിവസം മബ്റൂക്കിനെയോ മറ്റോ ഡ്യൂപ്ലിക്കേറ്റ് കീ കൊടുത്തു വിട്ടു തിരിച്ചെടുപ്പിച്ചു ഓഫീസിനു മുന്നില്‍ പാര്‍ക്കു ചെയ്യിപ്പിക്കും.
അത്തവണ മബ്റൂക്കിനെ കാര്‍ എയ്ര്പോര്‍ട്ടില്‍ നിന്നും എടുപ്പിയ്ക്കാനേല്‍പ്പിച്ചു. കാറിന്റെ നമ്പര്‍ “A M 4167” എന്നെഴുതിയ കുറിപ്പും ഏല്‍പ്പിച്ചു. വേറൊരു സഹപ്രവര്‍ത്തകന്‍ ആനന്ദ് ഇദ്ദേഹത്തെ എയര്‍പോര്‍ട്ടിലെ കാര്‍പാര്‍ക്കിനു മുന്നില്‍ കൊണ്ടാക്കി തിരിച്ചു പോന്നു. കുറച്ചു സമയത്തിനു ശേഷം മബ്റൂക്കിന്റെ മൊബൈലില്‍ നിന്നും ഫോണ്‍ ഓഫീസിലേയ്ക്കു.
“രാജേഷ് ഭായ്… യേ ക്യാ കിയാ ആപ് ലോഗ്?” (Rajesh bhai, what you people did to me)
“ക്യോം? ക്യാ ഹോ ഗയാ?” (Why? What happened?)
“മെം ഇധര്‍ ധൂപ് മെം ഘടാ ഹും. ഉസ്കാ കാര്‍ ഇധര്‍ നഹിം ഹേ.”
(Am standing under the sunlight. His car is not here.)
“ഐസാ നഹി ഹോ സക്താ… കാര്‍ തോ ഉധര്‍ ഹി പടാ ഹേ.“
(That could not happen. Car should be there itself.)
“നഹി ഭൈയ്യാ… സബി ജഗഹ് ഹം നെ ഡൂംഡാ… തുംകോ മാലൂം ഹേ നാ, യേ പാര്‍ക്കിംഗ് ബഹുത് ബടാ ഹൈ. ഹര്‍ ലൈന്‍ ഹം പൈദല്‍ ജാകെ ഡൂംഡാ. ഇധര്‍ നഹി മിലാ.”
(No bhai. I searched everywhere. You know that the parking lot is very huge. I searched in every line but couldn’t find.)
“ലേകിന്‍ ജയ് (ജയരാജ്) നേ ബോലാ ധാ കി ഉധര്‍ കാര്‍ ഛോട്കെ ജായേഗാ. തോ ഉധര്‍ ഹി ഹോ ന മാംഗ്താ ഹൈ”
(But Jai told me that he would leave his car there and go. So it should be there itself)
മബ് റൂക്കിനു ഇത്രയുമായപ്പോഴേയ്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു. സൂര്യന്‍ തലയ്ക്കു മുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. ശരീരത്തിലെ സകല രോമകൂപങ്ങളില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുകയല്ല ഒഴുകുക തന്നെയായിരുന്നു. ഒരു മഴയില്‍ നനഞ്ഞതു പോലെ വിയര്‍പ്പില്‍ കുതിര്‍ന്ന നീളമുള്ള വെള്ള കന്തൂറ (ഇവിടത്തെ സ്വദേശികളായ ആണുങ്ങള്‍ ധരിയ്ക്കുന്ന വസ്ത്രം) ശരീരത്തോടു ഒട്ടിചേര്‍ന്നു കഴിഞ്ഞു. ജലാംശം നഷ്ടപ്പെടുക വഴി പ്രായം ചെന്ന ആ ദേഹം തളര്‍ന്നു തുടങ്ങിയിരുന്നു. കാര്‍ പാര്‍ക്കിംഗ് ഒരു പ്ലെയിന്‍ ഗ്രൌണ്ട് ആയതിനാല്‍ ഒരു തരി തണലു പോലും ലഭ്യമല്ല. രണ്ടു മൂന്നു വട്ടം ആ പാര്‍ക്കിംഗില്‍ തലങ്ങും വിലങ്ങും കാറും തപ്പി ചുറ്റിയടിച്ച ആശാന്റെ ശരീരം ബാര്‍ബേക്യു-വിനു വച്ച മട്ടന്റെ കഷണങ്ങള്‍ പോലെ പുറം വെന്തു തുടങ്ങിയിരുന്നു. അത്തരമൊരു അവസ്ഥയില്‍ പുള്ളിയെന്നല്ല ഏതു വിഭീഷണനും പൊട്ടിത്തെറിച്ചു പോകും. കുറ്റം പറയാന്‍ പറ്റുകേല.
“ഹം നേ ബോലാ ന ഇധര്‍ നഹി മിലാ കര്‍കേ..”
(I told you that I couldn’t find it.)
“ശായദ് ആപ്നേ ഗാടി കാ നമ്പര്‍ ഗലത് ദേഖാ തോ…?”
(May be you searched a wrong numbered car)
“തും ഹി തോ ദിയാനാ ലിഖ് കേ? അഗര്‍ ഉസ്മേം ഗലതി ഹേ തോ……”
(You only gave me the number in writing. If that is wrong then……)
“നഹി. നഹി. ഉസ്മേം ഗലതി നഹി ഹേ…”
(No. No. That’s not wrong)
“തബ് തോ ഹം ഇധര്‍ കാ കോനാ കോനാ ഡൂംഡാ. ഹംകോ പക്കാ യക്കീന്‍ ഹേ. കാര്‍ ഇധര്‍ നഹി ഹേ. അഗര്‍ തുംകോ ഫിര്‍ ഭി ഹം പെ യക്കീന്‍ നഹി ഹേ തൊ, ഇധര്‍ ആകെ ഡൂംഡോ. അഭി തും ഹംകോ പിക്-അപ് കര്‍നേ കേലിയേ കോയി ഗാടി ജല്‍ദി ബേജോ. കുഛ് ദേര്‍ ഹോ ഗയാ തൊ ഹമാരേ ലിയേ ആംബുലന്‍സ് ബേജ്നാ പടേഗാ..
(Then I searched every corner here. I am pretty sure that car is not here. If you don’t believe me, come and search. Now you send me a vehicle to pick me up. If you delay it, you may need an ambulance later)
“ഡോണ്ട് വറി. അഭി ഗാടി ബേജേഗാ.”
(Don’t worry. Will send a vehicle shortly)
മബ്റൂക്കിനെ പിക്-അപ് ചെയ്യാനായി ഒരു കസ്റ്റമര്‍ വിസിറ്റിനു പോയ ആനന്ദിനോട് അതു വിട്ട് ഉടന്‍ തിരിച്ചു ചെല്ലാന്‍ ഏല്‍പ്പിച്ചു. ഉടന്‍ തിരിച്ചു ചെന്ന ആനന്ദ് കണ്ടതു എയര്‍പോര്‍ട്ടിനു മുന്നില്‍ മോടി കൂട്ടാനായി നട്ടു പിടിപ്പിച്ച പുല്‍ത്തകിടിയില്‍ ഒരു പനമരത്തിന്റെ ചെറിയ തണലും പറ്റി വാടി തളര്‍ന്നു കിടക്കുന്ന മബ്റൂക്കിനെയാണു. ആ കിടപ്പു കണ്ട ആനന്ദ് ഒരു നിമിഷം പുള്ളി തട്ടിപ്പോയിരിക്കുമോ എന്നു സംശയിക്കുകയും തദ്വാരാ വന്നു ചേരാവുന്ന പോലീസ് സഹവാസത്തെയും ജയിലില്‍ വിദേശീയര്‍ക്കുള്ള സൌകര്യങ്ങളെയും പറ്റി ആലോചിക്കുകയും ചെയ്തു, ഇന്നാട്ടിലെ പോലീസില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ അന്തര്‍ദ്ദേശീയ ഭാഷയായ ഇംഗ്ലീഷ് വശമുള്ളൂ എന്നതിനാലും തദ്ദേശീയ ഭാഷയായ അറബിക് തനിക്കു ഒട്ടും വശമില്ലാത്തതിനാലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും മറ്റും കമ്പനിയെ പ്രതിനിധീകരിയ്ക്കുന്ന വ്യക്തിത്വം തൊട്ടു മുന്‍പില്‍ വഴിവക്കില്‍ വളഞ്ഞൊടിഞ്ഞു കിടക്കുന്നതിനാല്‍ വേറാരും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനില്ലാത്തതിനാലും, അങ്ങിനെയൊക്കെ ആനന്ദ് എന്നല്ല വേറെ ആരായാലും ചിന്തിച്ചു പോകും.
ഒരു നിമിഷത്തേക്കെങ്കിലും ഈ പണിയേല്‍പ്പിച്ച എന്നെ ആനന്ദ് മനസ്സില്‍ ശപിച്ചു പോയി. മാത്രമല്ല താന്‍ കസ്റ്റമര്‍ മീറ്റിംഗിലാണെന്നും ഇപ്പോ തിരിച്ചു വരാന്‍ പറ്റില്ലയെന്നും അതു കൊണ്ട് വേറെയാരെയെങ്കിലും പിക്-അപിനായി അറേഞ്ചു ചെയ്യണമന്നും ഉടനടി പറയാന്‍ തോന്നാഞ്ഞ തന്റെ ബുദ്ധിശൂന്യതയെ പഴിച്ചും കൊണ്ട് മബ്റൂക്കിനടുത്തേയ്ക്കു ആനന്ദ് ചെന്നു. അടുത്തു ചെന്നതും മബ്റൂക് പതുക്കെ തലയുയര്‍ത്തി നോക്കി, അതു കണ്ടതോടെ ശ്വാസം നേരെ വീണ ആനന്ദ് പുള്ളിയെ പതുക്കെ താങ്ങിപ്പിടിച്ചെണീപ്പിച്ചു തന്റെ കാറില്‍ കൊണ്ടിരുത്തി. കാറില്‍ സ്റ്റോക്ക് ചെയ്തു വച്ചിരുന്ന മിനറല്‍ വാട്ടരിന്റെ 2 കുപ്പി വെള്ളം പുള്ളി ഉടനടി അകത്താക്കി. ജീവന്‍ വച്ച പുള്ളിയെ കാറില്‍ തന്നെ ഇരുത്തി ജയരാജന്റെ കാറും തപ്പി ആനന്ദ് പോയി.
ഒന്നാമത്തെ ലൈനില്‍ തന്നെ അഞ്ചാമതു അതാ കിടക്കുന്നു ജയരാജന്റെ കാര്‍. ഇതു കണ്ട് അടിമുടി അരിശം വന്ന ആനന്ദ് ആകെ തളര്‍ന്നിരിയ്ക്കുന്ന മബ്റൂക്കിനെ ഒന്നും പറയാതെ ഓഫീസിലിരിയ്ക്കുന്ന എന്നെ വിളിച്ചു,
“Dey… what this fellow is searching yaar? The car is lying in the first line itself. See.. my day is spoiled with this. Missed an important meeting. If I have to come and do all these work, then why we should have such people in our office? Anyway, I will ask him to drive back to office with my car and I will take Jay’s car.”
“Don’t know why he couldn’t find the car even being in the front line itself. Quite surprising. He told that he searched the whole lot and couldn’t find. That’s why I called you to go back and pick him.”
മബ്റൂക്കിനോടു ആ കാര്‍ ഡ്രൈവ് ചെയ്തു ഓഫീസിലേയ്ക്കു പോകാനേല്‍പ്പിച്ച ശേഷം ആനന്ദ് തന്റെ കസ്റ്റമറുടെ അടുത്തേയ്ക്കു ജയ്-ന്റെ കാറില്‍ പോയി.
തിരികെ വന്ന മബ്റൂക്കിനോടു ആദ്യത്തെ രോഷമെല്ലാം കഴിഞ്ഞ ശേഷം ചോദിച്ചു എന്തു കൊണ്ട് കാര്‍ കണ്ടുപിടിയ്ക്കാന്‍ പറ്റിയില്ലായെന്നു. പുള്ളിയപ്പോഴും പറഞ്ഞതു എഴുതി തന്ന നമ്പറിലുള്ള കാര്‍ ആ പാര്‍ക്കിംഗ് ലോട്ടില്‍ ഇല്ലായിരുന്നു എന്നു തന്നെ, പക്ഷേ ആനന്ദ് ചെന്നയുടനെ തന്നെ കണ്ടല്ലോ എന്നു പറഞ്ഞപ്പോള്‍ വേറെ നമ്പറാവും കാറിന്‍ എന്നാണ്‍ മറുപടി വന്നതു.
അതെങ്ങിനെ സംഭവിയ്ക്കും. എനിയ്ക്കാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ശരിയായി തന്നെയാണല്ലോ എഴുതികൊടുത്തതു. പിന്നെങ്ങിനെ? ഒന്നു കൂടി നോക്കി കളയാം എന്നു കരുതി മബ്റൂക്കിനോട് ആ നമ്പര്‍ ഒന്നു കൂടി വായിക്കാന്‍ പറഞ്ഞു. കയ്യിലിരുന്ന സ്ലിപ് നോക്കി മബ്റൂക് വായിച്ചു. “A M 416”.
ഞാന്‍ കയ്യിലിരുന്ന സ്ലിപ് മേടിച്ചു നോക്കി. “A M 4167” എന്നു വടിവൊത്ത രീതിയില്‍ എഴുതിയിട്ടുണ്ട്.
ഞാന്‍ ചോദിച്ചു; “7 ഭി ലിഖാ ഹേ. നഹിം ദേഖാ ക്യാ?” (7 also written. You didn’t see that?)
മബ്റൂക് : “ യെ 7 കെ ഊപര്‍ സെ ക്രോസ് കര്‍കെ കാന്‍സല്‍ കിയാ ഹേ നാ.” (That 7 is crossed out and its cancelled)
ഞാന്‍ ഒന്നു കൂടി നോക്കി. ശരിയാണ്. എന്റെ ഒരു സ്റ്റൈലില്‍ എഴുതിയതാണ്. “7” എഴുതിയ ശേഷം ഒരു ചെറിയ വര നടുവിലൂടെ വരയ്ക്കുക എന്നൊരു ശീലം എനിയ്ക്കുണ്ട്. അതൊരു പ്രശ്നമാകുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. കൂടുതല്‍ സംസാരിയ്ക്കാന്‍ നിന്നാല്‍ പ്രതി ഞാനാകുമെന്നതിനാലും തദ്ദേശീയരെ ജോലിസ്ഥലത്തു പീഢിപ്പിച്ചാലുള്ള ശിക്ഷ ഇത്തിരി കഠിനമാണെന്നതിനാലും ആ സംസാരം അവിടെ വച്ചു അവസാനിപ്പിച്ചു.
ഏഴിനു കുറുകെ വര വരയ്ക്കുന്നതു ദു:ശ്ശീലമാണെന്നും അതു ജീവിതത്തില്‍ പല അനിഷ്ട സംഭവങ്ങള്‍ക്കിട വരുത്താമെന്നും അന്നത്തെ അനുഭവം എന്നെ പഠിപ്പിച്ചു.
Tuesday, January 15, 2008
മബ്റൂക് സംഗൂര്‍
Subscribe to:
Post Comments (Atom)
6 മാലോകരുടെ അഭിപ്രായങ്ങള്‍:
മൂര്‍ത്തി said...
വായിക്കാന്‍ രസമുണ്ട്..ഒറ്റ ഇരുപ്പിനു വായിച്ചു..
പിന്നെ വന്ന് വിശദമായി അറബി ഭാഗം വായിക്കാം..കുറച്ച് അറബി അറിഞ്ഞിരിക്കുന്നത് നല്ലതാണ്...:)
പ്രിയ ഉണ്ണികൃഷ്ണന്‍ said...
Well, i studied some Arabhi from here.
Good writting style.
സുല്‍ |Sul said...
കുറുകെവരക്കുന്നത് കുറുകെ വന്നു നില്‍കുന്നതാദ്യമായാ കാണുന്നതല്ലേ. ഏതായാലും എഴുത്ത് നന്നായി മബ്‌റൂക്ക് കുറച്ചു കഷ്ടപ്പെട്ടെങ്കിലും.
-സുല്‍
പപ്പൂസ് said...
ഖേ സുശിയോ ഗ്രിഹര്‍ മാനംസ് നോക്കിയാ ഫിയാ...... (എല്ലാം കണ്ട് മിഴിച്ച് ഒന്നും മനസ്സിലാകാതെ പപ്പൂസ് മാനം നോക്കിപ്പോയി...)
ഏ.ആര്‍. നജീം said...
ഇത്രനാളും ആ കമ്പനിയില്‍ ജോലി ചെയ്തിട്ടും കക്ഷിക്ക് കമ്പനിയുടെ ഒരു വണ്ടിയുടെ നമ്പര്‍ അറിയില്ലെ...?
എനിവേ, കഥയില്‍ ചോദ്യമില്ലാത്തതിനാലും , രാജേഷിന്റെ ഉഴുക്കുള്ള അവതരണ ശൈലി ഇഷ്ടപെട്ടതിനാലും കൂടുതല്‍ പറയുന്നില്ല :)
അഭിനന്ദനങ്ങള്‍..!
മൂര്‍ത്തി, സുല്‍ - രസിച്ചെന്നറിഞ്ഞതില്‍ സന്തോഷം.
പ്രിയ ചേച്ചി, പ്രോത്സാഹനത്തിനു നന്ദി.
പപ്പൂസേ... വ്യാഖ്യാനിച്ചതു നന്നായി... അല്ലേല്‍ മാനം നോക്കാന്‍ ഞാനും കൂടിയേനെ.
നജീം, നല്ലൊരു ചോദ്യം തന്നെ... ഇതെഴുതുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നേക്കാമെന്നു തോന്നിയിരുന്നു. അതിനുള്ള മറുപിടി ഉള്‍പ്പെടുത്തണമെന്നു വിചാരിച്ചിരുന്നതായിരുന്നു. ഇതു പൂര്‍ണ്ണരൂപമാകുന്നതിനു മുന്‍പു തന്നെ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനാല്‍ ഇനി ഇവിടെ അതെഴുതുന്നു. മബ്റൂക് സ്വതവേ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം എഴുതി മേടിച്ചു കൊണ്ട് പോകുന്ന പ്രകൃതക്കാരനാണു. പല തവണ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുമ്പോഴും ആരോടെങ്കിലും ഒന്നൂടെ ചോദിച്ചു പുള്ളി ഉറപ്പു വരുത്തും. വിദ്യാഭ്യാസത്തിന്റെ കുറവു മൂലമാണോ എന്നു ചോദിച്ചാല്‍ അറിയില്ല. പിന്നെ അതിലുപരി, ഞങ്ങളുടെ കമ്പനിയ്ക്കു ഒന്നോ രണ്ടോ വണ്ടികള്‍ മാത്രമല്ല ഉള്ളതു. ഇനിയും പറയുകയാണെങ്കില്‍... നജീം പറഞ്ഞതു തന്നെ ശരി - കഥയില്‍ ചോദ്യമില്ല. ഹ ഹ ഹ...
രാജേഷ് ചേട്ടാ... യേ കഹാനി തോ ബഹുത് സഹി ഥാ.. ഒറ്റ ഇരുപ്പിന് വായിച്ചു.. ശരിക്കും നേരിട്ടു കാണുന്ന ഫീല്‍ ഉണ്ടായിരുന്നു..
Plz write more... waitin for more frm u... Sandeep..
ഈ കഥ നേരത്തെ തന്നെ രജേഷില്‍ നിന്നും കേട്ടിട്ടുണ്ടെങ്കിലും , എഴുതിയത് വായിച്ചപ്പോള്‍ ഒന്നു കൂടെ രസകരമായി തോന്നി..:-)
എഴുതി വരും തോറും ശൈലിയും പുരോഗമിക്കുന്നുണ്ട്...
Keep writing dear...
looking forward to more nd more from ur pen..:-)
7 നു കുറുകെ വരയ്ക്കുന്ന ഏര്‍പ്പാട് എനിക്കുമുണ്ട്. പറഞ്ഞത് നന്നായി...ഇനി ശ്രദ്ധിക്കാം..:)
എഴുത്ത് പതിവു പോലെ നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതൂ....
Dey thakarkukayanallo enthayalum super ayittunde
Mbrooq ne kurichu mumbum kettitunde engilum ithu thakarthu pinne ninte eee kuruke vettal pante nirthan paranjitullatha……
Rajeev (TSR)
Post a Comment