സ്വാമിയേ...യ് ശരണമയ്യപ്പാ...
വീണ്ടുമൊരു മണ്ഡലക്കാലമിതാ ആഗതമായിരിയ്ക്കുന്നു. എല്ലാ വര്‍ഷത്തേയും പോലെ പതിവു തെറ്റിക്കാതെ പെരിയോന്‍ വൃശ്ചികം ഒന്നിനു അതിരാവിലെ തന്നെ കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതു മാലയിട്ടു. ഇനി വൃതശുദ്ധിയുടെയും ആത്മശുദ്ധിയുടെയും ദിനങ്ങള്‍... ഇത്തവണ പെരിയോന്റെ സംഘത്തിലേയ്ക്കു കന്നി സ്വാമിമാരുടെ ധാരാളം അപേക്ഷകള്‍ ഉണ്ടായിരുന്നു. ഒന്നോ രണ്ടോ കന്നിസ്വാമിമാര്‍ ഉണ്ടാകുക സാധാരണാമായിരുന്നു. പക്ഷേ 8 കന്നിയാത്രക്കാരാണു പെരിയോന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു അപേക്ഷകള്‍ നല്‍കിയതു. ഒന്നു നിരസിക്കുക വളരെ ബുദ്ധിമുട്ടാണു. എല്ലാം അടുത്തറിയുന്ന പേരു കേട്ട തറവാട്ടുകാര്‍. അവരെ മുഷിപ്പിക്കുക അസാദ്ധ്യം. അല്ലാതെ അവരില്‍ നിന്നും ലഭിച്ചേക്കാവുന്ന കനത്ത ദക്ഷിണയും അവരുടെ ചിലവുകള്‍ക്കായി നല്‍കുന്ന പോക്കറ്റ്മണിയും കണ്ടിട്ടേയല്ലയിരുന്നു. എന്നിരുന്നാലും സ്വന്തം സാമ്പത്തിക അടിത്തറ ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഒരു ഭക്തനില്‍ നിന്നുമുണ്ടായാല്‍ അതൊരു മഹാപരാധമായി അയ്യപ്പന്‍ കാണുമോ.. അതും നിന്തിരുവടി ദര്‍ശനത്തിനായി കാതങ്ങള്‍ പിന്നിട്ട് വ്രതശുദ്ധിയോടെ കാല്‍നടയായി വരുന്ന ഒരു ഫുള്‍ടൈം ഭക്തനില്‍ നിന്നും... സ്ഥിരം തീര്‍ത്ഥാടകരില്‍ നിന്നും വല്ല നക്കാപ്പിച്ചയും ഒപ്പിച്ചെടുക്കാന്‍ നോക്കുന്നതു പാറ പിഴിഞ്ഞു വെള്ളമെടുക്കാന്‍ നോക്കുന്നതു പോലെയാണു. വെള്ളം കിട്ടില്ലെന്നു മാത്രമല്ല, മറിച്ചു സമീപത്തുള്ള ജലാംശം മുഴുവന്‍ ഊറ്റിയെടുക്കുകയും ചെയ്യും. അപ്പോ പിന്നെ അല്‍പ്പസ്വല്‍പ്പം സാമ്പത്തികനിലവാരം മെച്ചപ്പെടുത്തണമെങ്കില്‍ കന്നിസ്വാമിമാര്‍ തന്നെ രക്ഷ. മാത്രവുമല്ല പാചകം, പാത്രങ്ങള്‍ കഴുകല്‍, പലവ്യഞ്ജനങ്ങളും മറ്റും ചുമക്കല്‍ ഇത്യാദി വേലകളെല്ലാം തന്നെ കന്നിക്കാരെ കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്യാം. ഒരു വെടിയും കുറേയേറെ പക്ഷികളും.....
ഒന്നാം ഭാഗത്തില്‍ വിവരിച്ചതു പോലെ അഴുത - ശബരിമല യാത്ര കാല്‍നടയായി പോകുന്ന പെരിയോന്റെ സംഘത്തില്‍ അത്തവണ തീര്‍ത്ഥാടകബാഹുല്യം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. അത്രയധികം കന്നിസ്വാമിമാരെ ഒന്നിച്ചു കൊണ്ടുപോകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സ്ഥിരം യാത്രക്കാര്‍ അക്കമിട്ടു നിരത്തിയെങ്കിലും പെരിയോന്‍ അതൊന്നും കണക്കിലെടുക്കാന്‍ തയ്യാറായില്ല. ഇവരെ നയിക്കേണ്ട പൂര്‍ണ്ണബാദ്ധ്യത പെരിയോനില്‍ സമര്‍പ്പിച്ചു കൊണ്ടു അത്തവണത്തെ തീര്‍ത്ഥയാത്ര ആരംഭിച്ചു. അഴുത വരെ ബസ്സിലും അവിടുന്നങ്ങോട്ട് കാനനപാതയിലൂടെ സന്നിധാനത്തേയ്ക്കു.
സംഘത്തില്‍ സ്ഥിരം യാത്രക്കാരുടെ കൂട്ടത്തില്‍ ദ്വാരപാലകന്‍, മേല്‍നോട്ടക്കാരന്‍, ജോജി സ്വാമി, അര്‍നോള്‍ഡ് ഒക്കെയുണ്ട്. ജോജി സ്വാമിയെ ഒന്നു പരിചയപ്പെടുത്താം. ബാക്കി കഥാപാത്രങ്ങളെ നിങ്ങള്‍ നേരത്തെ കണ്ടുമുട്ടിയതാണല്ലോ... ജോജി കാഴ്ചയില്‍ നിഷ്കളങ്കത്വം തുളുമ്പുന്ന മുഖഭാവത്തോടു കൂടിയവന്‍.. ഒരു പാവത്താന്‍ എന്നൊക്കെ തോന്നിപ്പോകും. പക്ഷേ കയ്യിലിരിപ്പു ആളെ അടുത്തറിഞ്ഞാലേ മനസ്സിലാകൂ... എങ്കില്‍ പോലും ഈ അവതാരമാണോ ഇതൊക്കെ ഒപ്പിയ്ക്കുന്നത് എന്നു വിശ്വസിയ്ക്കാന്‍ പ്രയാസപ്പെടും. കണ്ടും കേട്ടുമറിഞ്ഞ ചില കലാപരിപാടികള്‍ ഇതാ നിങ്ങളുടെ സമക്ഷം...
തൃശ്ശൂരു നിന്നും കൊടുങ്ങല്ലൂരു വരെ കണ്ടകറോടും കിളിയോടും തോളില്‍ കയ്യിട്ടു തമാശ പറഞ്ഞു അവസാനം ടിക്കറ്റെടുക്കാതെ ഇറങ്ങിപ്പോകുന്നവന്‍...നാക്കില്‍ വികടസരസതി കളിയാടുന്നവന്‍... കാശ് കൊടുത്തു ഭക്ഷണം കഴിയ്ക്കാന്‍ തീരെ മനസ്സില്ലാത്തവന്‍.. എന്നാല്‍ ഭക്ഷണകാര്യത്തില്‍ എന്നും മുന്‍പന്തിയില്‍.. ഇനി അഥവാ കാശു മുടക്കി കഴിയ്ക്കേണ്ട ദുരവസ്ഥ വന്നു പെട്ടാല്‍ തീറ്റ-റപ്പായിയെ വെല്ലുന്ന രീതിയില്‍ ചോറു കഴിച്ചു ഹോട്ടലുകാരെ കൊണ്ടു ഏത്തമിടീപ്പിയ്ക്കുന്നവന്‍... ദീര്‍ഘദൂരയാത്രയില്‍ എവിടെയെങ്കിലും ഒരു കല്യാണസദ്യ ദൃശ്യമായാല്‍.. അതും നോണ്‍-വെജ് മണമടിയ്ക്കുന്ന ഒന്നായാല്‍ പ്രത്യേകിച്ചും ഉടനടി യാത്രയ്ക്കു വിരാമമിട്ട് ആ വധൂവരന്മാരുടെയും വീട്ടുകാരുടെയും സന്തോഷത്തില്‍ സസന്തോഷം പങ്കു ചേരുന്നവന്‍. അവിടത്തെ സദ്യയില്‍ ഉപ്പോ എരിവോ കുറഞ്ഞാല്‍ അതിലമര്‍ഷം രേഖപ്പെടുത്തുകയും വയറു നിറച്ചു ഭക്ഷണം കഴിച്ചു ആ അമര്‍ഷത്തെ തണുപ്പിയ്ക്കുകയും പിന്നീടു വധൂവരന്മാരുടെ അടുത്തു ചെന്നു ആശംസിയ്ക്കുകയും പരിചയമില്ലാത്ത ആ മുഖം കണ്ട് പകച്ചു നില്‍ക്കുന്ന അവരുടെ മുന്‍പില്‍ നിന്നും ഫോട്ടോ പതിച്ച ‘താങ്ക് യൂ” കാര്‍ഡിലുള്ള മിഠായിയും നുണഞ്ഞു ഏമ്പക്കോം വിട്ട് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ യാത്ര തുടരാനായി കാത്തുനില്‍ക്കുന്നവന്‍.... താലപ്പൊലിക്കാവിലെ വഴിവാണിഭക്കാരില്‍ നിന്നും അടിച്ചുമാറ്റിയ പീപ്പികള്‍, ബലൂണുകള്‍ (പൊട്ടിയ്ക്കാത്ത പാക്കറ്റ് സഹിതം), കളര്‍ കണ്ണടകള്‍, പ്ലെയിനുകള്‍, ബോട്ടുകള്‍, തോക്കുകള്‍ എന്നിവ സഹോദരിയുടെയും അയല്ക്കാരുടെയും കുഞ്ഞുസന്താനങ്ങള്‍ക്കു സ്നേഹപൂര്‍വ്വം സമ്മാനിച്ചു അവരുടെയും കുഞ്ഞുങ്ങളുടെയും ആദരവു പിടിച്ചടക്കുന്നവന്‍... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥകള്‍ ചാര്‍ത്തിയ വീരസ്യം മുഖത്തോ മനസ്സിലോ തെല്ലും ഏശാതെ ഇന്നുമാ രൂപം സവിനയം സസുഖം വിരാജിയ്ക്കുന്നു.
അഴുത വരെ യാത്ര സുഗമമായി നടന്നു. കന്നിസ്വാമിമാര്‍ കഷ്ടപ്പാടുകള്‍ അധികമൊന്നും അനുഭവിയ്ക്കാതെ ദീര്‍ഘദൂര ബസ്സിന്റെ സീറ്റില്‍ സുഖസുഷുപ്തിയിലാണ്ടും ഇടയ്ക്കുണര്‍ന്നു കാഴ്ചകളാസ്വദിച്ചും സമയാസമയത്തു വയറുകള്‍ നിറച്ചും കന്നിയാത്ര കേമമാക്കി. അവിടന്നങ്ങോട്ട് മലയാത്ര എത്രമാത്രം കഠിനകരമാകും എന്ന ആകുലതയോടെ എല്ലാവരും കാല്‍നടയാരംഭിച്ചു.
കല്ലും മുള്ളും കുന്നും കുഴിയും ചേറും കാടും താണ്ടി ഭാരങ്ങളും താങ്ങി ആ ക്ലേശയാത്ര മുന്നോട്ട് തുടര്‍ന്നു. ഇടയ്ക്ക് പതിവു ഇടത്താവളമെത്തിയപ്പോള്‍ പെരിയോന്‍ പറഞ്ഞു.
“ഇനി കുറച്ചു നേരം വിശ്രമിയ്ക്കാം. പിന്നെ കുളി, ഭക്ഷണം. അതു കഴിഞ്ഞു യാത്ര തുടരുന്നതായിരിയ്ക്കും. കന്നി സ്വാമിമാരേ... നിങ്ങള്‍ക്കാണു പാചകത്തിന്റെ ചുമതല. എല്ലാവര്‍ക്കും വേണ്ടത്ര ഉണ്ടാക്കുക. സംശയമെന്തെങ്കിലുമുണ്ടെങ്കില്‍ മറ്റു സ്വാമിമാരാരോടെങ്കിലും ചോദിയ്ക്കാം.“
പാചകത്തിന്റെ കുറിപ്പടി ചോദിച്ചറിയാന്‍ കന്നി സ്വാമിമാര്‍ സമീപിച്ചതു ജോജി സ്വാമിയെ. എളുപ്പമുണ്ടാക്കാന്‍ പറ്റുന്ന വിഭവമായ ഉപ്പുമാവ് ഉണ്ടാക്കുന്നതിന്റെ പല ഘട്ടങ്ങള്‍ ജോജിസ്വാമി ഉടന്‍ തന്നെ പറഞ്ഞു കൊടുത്തു. സീനിയര്‍ സ്വാമിമാര്‍ കുളിയും ജപവുമായി മാറിയിരുന്നു. തകൃതിയായി പാചകം നടന്നു. ദേഹശുദ്ധി വരുത്തിയ ശേഷം എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിയ്ക്കാനിരുന്നു.
ആദ്യം തന്നെ ഒരു പിടി വാരിയെടുത്തു വായിലിട്ട പെരിയോന്റെ മുഖം ഈയിടെ വംശീയാധിക്ഷേപിതനായി എന്നാരോപിയ്ക്കപ്പെട്ട ഒരു ക്രിക്കറ്റ് താരം നല്ല പുളിമാങ്ങ തിന്നാലത്തെപ്പോലെയായി. പിന്നെ കാര്‍ക്കിച്ചൊരു തുപ്പലാണു അടുത്തതായി കണ്ടതു. “എന്തോന്നാടാ ഈ.... ഉണ്ടാക്കി വച്ചിരിക്കുന്നേ? ഉപ്പു കൊണ്ടുള്ള മാവോ?” വിശപ്പാലും അതു വരെയുള്ള മലകയറ്റത്താലും ആകെ തളര്‍ന്നിരിയ്ക്കുന്ന പെരിയോന്‍ ഉള്ള ശക്തിയെല്ലാം സംഭരിച്ചു അലറി. "മനുഷ്യന്മാര്‍ക്കു തിന്നാന്‍ പറ്റുമോ ഇതു? ഉരുള ഉരുട്ടി വിഴുങ്ങാന്‍ മാത്രമറിയാം ജന്തുക്കള്‍ക്കു. പ്രത്യേകം പറഞ്ഞതല്ലേ അറിയാന്‍ പാടില്ലെങ്കില്‍ ചോദിയ്ക്കണമെന്നു...”
കന്നി സ്വാമിമാര്‍ ഓരോരുത്തരും ആണയിട്ടു പറഞ്ഞു ഉപ്പു പാകത്തിനു മാത്രമേ ചേര്‍ത്തിട്ടുള്ളൂവെന്നു. പാചകം ഏവിടെ പാളിപ്പോയി എന്ന ഒരു വിശകലനത്തിനു എല്ലാരും മുതിര്‍ന്നപ്പോഴല്ലേ കാര്യം പിടി കിട്ടുന്നതു. ആഹാരത്തില്‍ ഉപ്പു ചേര്‍ക്കുന്നതു കന്നിസ്വാമിമാര്‍ അനുഷ്ഠിക്കേണ്ട ഒരാചാരമാണെന്നു ജോജി സ്വാമി പറഞ്ഞിരുന്നുവത്രേ... അതു വളരെ കൃത്യമായി പാലിച്ച് ഓരോ കന്നി സ്വാമിയും പാകത്തിനു ഉപ്പ് ചേര്‍ത്തു. അങ്ങിനെ 8 കന്നിയങ്കക്കാരുടെ ഉപ്പു ചേര്‍ക്കല്‍ കഴിഞ്ഞപ്പോള്‍ സംഗതി “ഉപ്പു”മാവായി.
പിന്‍-കുറിപ്പ്
------------
ഉപ്പ് തിന്നാല്‍ വെള്ളം കുടിയ്ക്കുമെന്ന് എല്ലാവര്‍ക്കുമറിയാം... എന്നാല്‍ അന്നു “ഉപ്പു” തിന്നാത്തവരും യഥേഷ്ടം വെള്ളം കുടിച്ചുവെന്നതു നഗ്നമായൊരു സത്യം.
Monday, February 18, 2008
ശബരിമല തീര്‍ത്ഥാടനം - 3
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 10:34 PM
Subscribe to:
Post Comments (Atom)
6 മാലോകരുടെ അഭിപ്രായങ്ങള്‍:
ശബരിമല തീര്‍ത്ഥാടനം - മൂന്നാം ഖണ്ഡം
സംഗതി ചെറിയ ഒരു സംഭവമാണെങ്കിലും , അതിനെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.. :-)..
പുതിയ ഒരു കഥാപാത്രത്തേയും കിട്ടി പ്രേക്ഷകര്‍ക്ക്..:-)
“ശബരിമല തീര്‍ത്ഥാടനം“ ഒരു മെഗാസീരിയല്‍ പോലെ തുടര്‍ന്നു പോകാന്‍ എല്ലാ ആശംസകളും നേരുന്നു ..
kidilam... Specially, the moral of the story - uppu tinnatheyum vellam kudichu!!!... Raju Chetta, fantastic!!..
HI RM
No words to describe ur writing talents. JOJI Swami is now weak due to all the chickens he ate freely.
In Periyon Stories - we expect one more katha about Tea filtering - with Langotty Arippa.
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
swamiyeeee saranamayyappa!
Good Work...Best Wishes...!!!
Post a Comment