എല്ലാവര്‍ക്കും വൈറ്റ് കോളര്‍ ജോലി സാദ്ധ്യമാണോ? അല്ല. അതു കൊണ്ടു തന്നെ രമണന്‍ തന്റെ ഉപജീവിതത്തിനായി ബിസിനസ്സ് തന്നെ ചെയ്യുമെന്ന് വിദ്യാഭ്യാസകാലത്തു തന്നെ തീരുമാനിച്ചിരുന്നു. തന്റെ പ്രോഗ്രസ് കാര്‍ഡിലെ മാര്‍ക്കുകള്‍ അതിനപ്പുറത്തേക്കൊന്നും തന്നെ കൊണ്ടുപോകില്ലെന്ന് രമണനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. ആ തീരുമാനം ശരിയെന്ന് അതു പലതവണ കണ്ടു മനം മടുത്ത രമണന്റെ മാതാപിതാക്കളും ശരി വച്ചു.
പക്ഷേ… എന്തു ബിസിനസ്സ്? പലതും പലരും നിര്‍ദ്ദേശിച്ചു. വളരെയധികമൊന്നും മുടക്കുമുതലായി ഇറക്കാനില്ലാത്ത രമണന്‍ അതു കൊണ്ടു തന്നെ ഒരു അംബാനി ലെവല്‍ കളികള്‍ക്കൊന്നും ശ്രമിക്കാതെ കൊക്കിലൊതുങ്ങുന്ന തരത്തില്‍ ഒരു ചെറിയ പലചരക്കുകട തുടങ്ങാന്‍ തീരുമാനിച്ചു.
രമണന്റെ വീടു നാഷണല്‍ ഹൈവേക്കു സമീപമാണു. ഹൈവേയുടെ ഭാഗത്തുള്ള മതില്‍ തട്ടിക്കളഞ്ഞു ഒരു ചെറിയ കട പണിതു അവിടെ കച്ചവടം ഏറ്റവുമടുത്തുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ആരംഭിച്ചു. ഹൈവേ റോഡിനെ അഭിമുഖീകരിച്ചാണ് കടയെങ്കിലും തീരെ അപ്രധാനമായ ഒരു ഭാഗമായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ രണ്ടു ബസ് സ്റ്റോപ്പുകള്‍ക്കിടയില്‍ വണ്ടികള്‍ക്കൊന്നിനും, എന്തിനു ഒരു സൈക്കിളിനുപോലും തീരെ പാര്‍ക്കു ചെയ്യാന്‍ സൌകര്യമില്ലാത്ത ഒരിടം. രണ്ട് ബസുകള്‍, ഒന്ന് ഒന്നിനു അഭിമുഖമായി വന്നാല്‍ രമണന്റെ കട മൂടോടെ എടുത്തു മാറ്റാന്‍ ഇടയുള്ള ഒരു ഇടുങ്ങിയ റോഡിലേയ്ക്കാണു രമണന്റെ കട ഉറ്റു നോക്കിയിരിക്കുന്നതു.
എന്തായാലും അഷ്ടിക്കുള്ള വക അവിടെ നിന്നും ഉണ്ടാക്കാന്‍ രമണനു കഴിഞ്ഞിരുന്നു. കൊല്ലങ്ങള്‍ അങ്ങിനെ കടന്നു പോയി. രമണന്‍ വിവാഹിത്നാവുകയും ആ ദാമ്പത്യവല്ലരി രണ്ടു പ്രാവശ്യം പുഷ്പിക്കുകയും ചെയ്തു.
രമണന്റെ മേജര്‍ കസ്റ്റമേഴ്സ് തൊട്ടടുത്തു തന്നെയുള്ള ചില വീട്ടുകാര്‍ ആയിരുന്നു. അപൂര്‍വ്വം ചില വാക്-ഇന്‍-കസ്റ്റ്മേഴ്സിന്റെ കച്ചവടവും ലഭിച്ചിരുന്നു. തന്റെ കടയുടെ എക്സിസ്റ്റന്‍സ് കൂടുതല്‍ ആള്‍ക്കാര്‍ ആ കാലയളവിനുള്ളില്‍ മനസ്സിലാക്കിത്തുടങ്ങിയതു കൊണ്ടും അല്പം ദൂരെ നിന്നുള്ള താമസക്കാര്‍ പോലും ചെറിയ ചെറിയ പര്‍ച്ചേസുകള്‍ക്കായി തന്റെ കടയിലേക്കു വന്നു തുടങ്ങിയതു കൊണ്ടും തന്റെ കടയിലെ സ്റ്റോക്ക് ചില അഭ്യുദയകാംക്ഷികളുടെ ഉപദേശം മൂലം കുറച്ചു വര്‍ദ്ധിപ്പിച്ച സമയം.
ഒരു ദിവസം രാവിലെ കട തുറന്നു അന്നത്തെ കന്നിക്കച്ചവടം കാത്തിരിക്കുന്ന സമയം. ഒരു കാര്‍ അതാ തന്റെ കടയുടെ മുന്‍പില്‍ വന്നു നില്‍ക്കുന്നു. മാന്യമായി വസ്ത്രധാരണം ചെയ്ത രണ്ടു പേര്‍ കാറില്‍ നിന്നും ഇറങ്ങി കടയിലേക്കു കയറി. പ്രായം നാല്പതിനു മേല്‍ മതിക്കും രണ്ടു പേര്‍ക്കും. കട ഒന്നാകെ ഒന്നു നിരീക്ഷിച്ച ശേഷം അതിലൊരാള്‍ സംശയത്തോടെ ചോദിച്ചു.
“ഇവിടെ സാധനങ്ങള്‍ വേണ്ടത്ര സ്റ്റോക്കുണ്ടോ? “
“ഹൊ.. ചോദ്യം കേട്ടാല്‍ ഇവന്മാരേതോ കല്യാണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന പോലെ…” എന്നു മനസ്സിലോര്‍ത്തു കൊണ്ടും തന്റെ കടയെ വളരെ നിസ്സാരമായ രീതിയില്‍ കണ്ടതിലുള്ള നീരസം മുഖത്തു വരാതെ പാടുപെട്ടും രമണന്‍ തിരിച്ചു ചോദിച്ചു.
“അതിനു നിങ്ങള്‍ക്കെന്തൊക്കെയാണ് വേണ്ടതു?”
വന്നവരില്‍ മുതിര്‍ന്നയാള്‍ ഒരു നീണ്ട ലിസ്റ്റെടുത്തു രമണനു കൊടുത്തു. തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ രമണന്‍ നിന്നു. ഏകദേശം ഒരു കല്യാണസദ്യക്കു വേണ്ടത്ര സാധനങ്ങളെഴുതിയ ഒരു വലിയ ലിസ്റ്റ്. വിറയാര്‍ന്ന കയ്യുകളിലിരുന്ന് ലിസ്റ്റ് വിറക്കാന്‍ തുടങ്ങി. “ഈശ്വരാ… ജീവിതത്തിലാദ്യമായൊരു വലിയ കച്ചവടം നടത്താനൊരവസരം”.
വന്നവര്‍ക്കു ചായയും ഇരിക്കാനിരിപ്പിടവും ഓഫര്‍ ചെയ്ത രമണന്‍ ഒട്ടു മിക്ക സാധനങ്ങളും ലഭ്യമാണെന്നറിയിച്ചു. അപ്പോഴേക്കും വഴിയില്‍ വന്നയാളുകളുടെ കാര്‍ പാര്‍ക്കിംഗ് മൂലം ട്രാഫിക് ബ്ലോക് തുടങ്ങിയിരുന്നു. അപ്പോള്‍ അതിലെ മുതിര്‍ന്നയാള്‍ പറഞ്ഞു.
“പെട്ടെന്നു തീരുമാനിച്ച ഒരു വിവാഹനിശ്ചയത്തിനു വേണ്ട സാധനങ്ങളാണിതു. പലതും അറേഞ്ചു ചെയ്യാനുണ്ട്. ക്ഷണവും പൂര്‍ത്തിയായിട്ടില്ല. ഇതെല്ലാം റെഡിയാക്കാന്‍ എത്ര സമയമെടുക്കും ?”
“കുറച്ചധികം സമയം വേണം. ഞാനൊരാളല്ലേ ഉള്ളൂ.” രമണന്‍ പറഞ്ഞു.
“അതു ശരിയാവില്ല. നിങ്ങള്‍ സഹായത്തിനാരെയെങ്കിലും കൂടെ വിളിക്കൂ. എല്ലാം പെട്ടെന്നു വേണം.” വന്നയാളു പറഞ്ഞു.
രമണന്‍ ഉടന്‍ തന്നെ തന്റെ ഭാര്യയെയും കൂടെ ചന്തയില്‍ നിന്നും സാധനങ്ങളും മറ്റും കൊണ്ടുവരാന്‍ സഹായത്തിനായി വിളിക്കാറുള്ള ചന്തുവിനേയും ഹെല്‍പ്പിനായി ചെയ്യാനായി അറേഞ്ചു ചെയ്തു. ചന്തുവിനു ഒരു ദിവസത്തെ നാട്ടുനടപ്പനുസരിച്ചുള്ള കൂലിയും ഓഫര്‍ ചെയ്തു.
അപ്പോഴേക്കും മുതിര്‍ന്നയാള്‍ പറഞ്ഞു. “സാധനങ്ങളൊക്കെ പായ്ക് ചെയ്തോളൂ. ഞാനൊന്നു പോയിട്ടു വരാം. അടുത്തു കുറച്ചു പേരെ ക്ഷണിക്കാനുണ്ടു.” രണ്ടാമനെ ചൂണ്ടിക്കാണിച്ചു “ ഇയാള്‍ ഇവിടെ നില്‍ക്കും. ബാക്കി ഞാന്‍ വന്നിട്ടു കണക്കു തീര്‍ക്കാം”
ശരിയെന്നു രമണന്‍ തലകുലുക്കി സമ്മതിച്ചു. രമണനും ഭാര്യയും ചന്തുവും കൂടി മത്സരബുദ്ധിയോടെ പൊതികള്‍ കെട്ടാന്‍ തുടങ്ങി. അര മണിക്കൂര്‍ കടന്നു പോയി. ഇടയ്ക്കു കേറി വന്ന ചില്ലറ കച്ചവടങ്ങള്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാന്‍ സമയമില്ലെന്നു പറഞ്ഞു മടക്കിയയച്ചു. ആനക്കാര്യത്തിനെടേലാ… ചേനക്കാര്യം. പൂവാന്‍ പറയെന്നേ…
പായ്ക്കിംഗ് തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. ഷോര്‍ട്ടേജുള്ള ചില സാധനങ്ങള്‍ നോട്ട് ചെയ്തു അല്പം ദൂരെയുള്ള വേറൊരു കടയില് നിന്നും വേഗം വാങ്ങിവരാന്‍ വന്നയാളറിയാതെ ചന്തുവിനെ ചട്ടം കെട്ടി. അപ്പോഴാണ് ലിസ്റ്റിലെ വെളിച്ചെണ്ണയുടെ ക്വാണ്ടിറ്റി രമണന്‍ ശ്രദ്ധിച്ചതു. 40 കിലോ. 15 കിലോയില്‍ കൂടുതല്‍ ഒരിക്കലും സ്റ്റോക്കു ചെയ്യാത്ത രമണന്‍ അതും ചന്തു ത്രൂ സംഘടിപ്പിക്കാമെന്നു കരുതി. പക്ഷേ അതിനു ജഗ്ഗ് എന്തെങ്കിലും വേണ്ടേ? വന്നയാളോടു ചോദിക്കാം.
“വെളിച്ചെണ്ണ കൊണ്ടുപോകാന്‍ ജഗ്ഗ് വല്ലതും കൊണ്ടു വന്നിട്ടുണ്ടൊ? രമണന്‍ ചോദിച്ചു.
“ഇല്ലാ..” വന്നയാള്‍ മൊഴിഞ്ഞു.
“പിന്നെങ്ങിനെ കൊണ്ടു പോകും?” രമണന്‍ ചോദിച്ചു. മാര്‍ഗ്ഗവും രമണന്‍ തന്നെ നിര്‍ദ്ദേശിച്ചു “ഒരു കാര്യം ചെയ്യൂ… അടുത്തുള്ള ജംഗ്ഷനിലേക്കു നടന്നാല്‍ ഒരു ഓട്ടോറിക്ഷ കിട്ടും. അതില്‍ കയറി പടിഞ്ഞാറുള്ള വെളിച്ചെണ്ണ മില്ലിലേക്ക് കൊണ്ടു വിടാന്‍ പറഞ്ഞാല്‍ കൃത്യമായി അവരെത്തിക്കും. അവിടെ നിന്നും ജഗ്ഗു സഹിതം എണ്ണ മേടിച്ചു പോരാം”
ചന്തുവിനെ പല സ്ഥലത്തേക്കു പറഞ്ഞു വിട്ടാലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് വളരെയൊന്നും അത്യാഗ്രഹമില്ലാത്ത ശുദ്ധാത്മാവായ രമണന്‍ ആ വഴി പറഞ്ഞുകൊടുത്തതു.
“പക്ഷേ… എന്റെ കയ്യില്‍ പൈസ ഒന്നുമില്ല. ക്യാഷെല്ലാം മറ്റേ പുള്ളിയുടെ കയ്യിലാണല്ലോ…” വന്നയാള്‍ തന്റെ നിസ്സഹായത വെളിവാക്കി. “ഇതു നേരത്തെ പറഞ്ഞിരുന്നെങ്കില്‍.. അയാളോടു എവിടെ നിന്നെങ്കിലും മേടിച്ചുകൊണ്ടു വരാന്‍ പറയാമായിരുന്നു”
മൊബൈല്‍ പോയിട്ട് ലാന്‍ഡ് ലൈനുകള്‍ പോലും പ്രചാരം നേടാത്ത കാലം. അല്ലേല്‍ ഈ പറഞ്ഞ കക്ഷിയെ നിമിഷനേരം കൊണ്ട് കാര്യം ധരിപ്പിക്കാമായിരുന്നു.
ഒരു നിമിഷം ശങ്കയോടെ രമണന്‍ നിന്നു, ഇനിയെന്തു ചെയ്യും. വന്ന ലക്ഷ്മിയെ അങ്ങിനെ പിണക്കാന്‍ മനസ്സു വരാഞ്ഞ രമണന്‍ അതിനും ഒരു പരിഹാരം കണ്ടെത്തി. ബാങ്കിലടയ്ക്കാന്‍ വലിപ്പില്‍ വച്ചിരുന്ന 4000 രൂപയില്‍ നിന്നും വെളിച്ചെണ്ണയുടെ അന്നത്തെ മാര്‍ക്കറ്റ് വിലയായ 55 രൂ/കിലോ വച്ചു 40 കിലോയുടെ വിലയായ 2200 രൂപയും ഓട്ടോചാര്‍ജ്ജായ 10 രൂപയും ചേര്‍ത്തു 2210 രൂപ കിറുകിറുത്യമായി ബ്രേക്-അപ് സഹിതം വന്നയാള്‍ക്കു നല്‍കിയയച്ചു. അയാള്‍ പോയതിനു തൊട്ടു പിന്നാലെ ചന്തുവും സാധനങ്ങള്‍ മേടിക്കാനിറങ്ങി.
പൊതികെട്ടല്‍ അനുസ്യൂതം തുടര്‍ന്നു. സാധനങ്ങള്‍ മേടിക്കാന്‍ പോയ ചന്തുവും അധികം വൈകാതെയെത്തി. വെളിച്ചെണ്ണക്കാരന്‍ എത്തുന്നതിനു മുന്‍പു തന്നെ ചന്തു എത്തിയതില്‍ ചന്തുവിനെ പ്രത്യേകം അഭിനന്ദിക്കാന്‍ രമണന്‍ മറന്നില്ല.
മണിക്കൂറൊന്നു കൂടി പിന്നിട്ടു. പായ്ക്കിംഗ് തീര്‍ത്തു എല്ലാവരും നടു നിവര്‍ത്തിക്കൊണ്ടു ദീര്‍ഘനിശ്വാസം വിട്ടു. ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും രമണന്‍ ബില്ല് തയ്യാറാക്കാന്‍ തുടങ്ങി. ഒട്ടും താമസിയാതെ കണക്കുകളും തയ്യാറായി. പക്ഷേ വാങ്ങേണ്ടവരെ കണ്ടില്ല.
സമയം വൈകുംതോറും രമണന്റെ ചങ്കിടിപ്പ് കൂടിത്തുടങ്ങി. ചന്തു ബഹളം കൂട്ടി അന്നത്തെ കൂലിയും വാങ്ങിപ്പോയി. പോയ രണ്ടു പേരും അമുല്‍ മില്‍ക്ക്പൌഡറിനെപ്പോലെ പൊടി പോലും കണ്ടുപിടിക്കാനില്ലാത്തതു പോലെ അപ്രത്യക്ഷമായി. കൂട്ടിലിട്ട വെരുകിനെപ്പോലെ രമണന്‍ കട വരാന്തയിലങ്ങോട്ടുമിങ്ങോട്ടും നടന്നു.
രാവിലെ മുതല്‍ പൊതിഞ്ഞു കുന്നു കൂട്ടിയ പൊതിക്കെട്ടുകളിലേക്ക് നോക്കുമ്പോഴൊക്കെ രമണന്റെ കാഴ്ച മങ്ങിതുടങ്ങി. അത്ര നേരത്തെ കഠിനാധ്വാനം.. ഇനിയതൊക്കെ തിരിച്ചു അതിന്റേതായ ചാക്കുകളിലേക്കു മാറ്റാന്‍ വേണ്ടി വരുന്ന അധ്വാനം, ഇതു മൂലം നഷ്ടപ്പെട്ട അന്നത്തെ മറ്റു ബിസിനസ്സ്, ചന്തുവിന്റെ പണിക്കൂലി, പുറത്തു നിന്നും അഡീഷണലായി മേടിച്ച സാധനങ്ങളും അവയുടെ വിലയും, ഇതിലെല്ലാം ഉപരി നഷ്ടപ്പെട്ട ബാങ്കിലടക്കാന്‍ വച്ചിരുന്ന രണ്ടായിരത്തി ചില്വാനം രൂപ… ഇതെല്ലാം മനസ്സിലേയ്ക്കോരോന്നായി കടന്നു വന്നതോടെ കൂടുതലൊന്നും പറയാനോ ചെയ്യാനോ ആവാതെ ശരീരം തളര്‍ന്നു രമണന്‍ താഴേയ്ക്കിരുന്നു.
രമണന്റെ ആ അവസ്ഥയില്‍ ചിരിയ്ക്കണോ സഹതപിയ്ക്കണോ എന്നു തീരുമാനിയ്ക്കാനാവാതെ സൂര്യന്‍ പടിഞ്ഞാറേയ്ക്ക് മറഞ്ഞു.
Sunday, January 6, 2008
രമണീയം
Subscribe to:
Post Comments (Atom)
1 മാലോകരുടെ അഭിപ്രായങ്ങള്‍:
പാവം രമണന്‍... ഇപ്പോഴും കടയുണ്ടോ പുള്ളിക്ക്?
Post a Comment