Ind disable

Tuesday, January 1, 2008

കണാരേട്ടന്‍

കണാരന്‍ എന്ന പേരും കള്ളുകുടിയും തമ്മില്‍ എന്തെങ്കിലും പൂര്‍വ്വജന്മബന്ധമുണ്ടോ എന്നെനിക്കറിഞ്ഞൂടാ. പക്ഷേ… ഞാന്‍ ഇതു വരെ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള എല്ലാ കണാരന്മാരും കള്ളുകുടിയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടായിരുന്നുവെന്നതു എനിക്കു തറപ്പിച്ചു പറയാന്‍ കഴിയും. ഇവരേവരും കഠിനാധ്വാനികളായ പുറം പണിക്കാരും ശുദ്ധന്മാരും നിരുപദ്രവികളും കൂടിയായിരുന്നു എന്നതു എടുത്തു പറയേണ്ട ഒന്നാണു.

അങ്ങിനെയുള്ള ഒരു കണാരനെ… അല്ല ഞങ്ങളുടെ കണാരേട്ടനെ ഞാന്‍ നിങ്ങള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നു. ഈ കണാരേട്ടന്‍ നല്ലൊരു പുറം പണിക്കാരനാണു. താന്‍ ചെയ്യുന്ന ജോലിയോടു അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. ആരോടും ഏതു സമയത്തും മനസ്സിലുള്ളതു വെട്ടി തുറന്നങ്ങു പറയും. അതെത്ര അപ്രിയമുണ്ടാക്കുന്നതായാലും. അതിരാവിലെ തന്നെ കുളിച്ചു കുറിയും തൊട്ടു ഐശ്വര്യത്തോടെ പുള്ളിയെത്തും. സന്ധ്യയാവാറായാല്‍ അന്നത്തെ കൂലിയും മേടിച്ചു പുഴക്കരയിലെ ഷാപ്പിലേക്കു വച്ചു പിടിക്കും. അവിടെ നിന്നും തരക്കേടില്ലാത്ത രീതിയില്‍ തല ഒന്നു പെരുക്കുന്നതു വരെ മിനുങ്ങിയ ശേഷം തിരിച്ചു തന്റെ വീട്ടിലേക്കു.

ആ വരവില്‍ വഴിയില്‍ കാണുന്ന ആള്‍ക്കാരോടും ജന്തുക്കളോടും മരങ്ങളോടും ചെടികളോടും വൈദ്യുതിബോര്‍ഡിന്റെ വിളക്കുകാലുകളോടും വരെ സംസാരിച്ചും തല്ലു പിടിച്ചും കണാരേട്ടന്‍ തന്റെ അന്നത്തെ ദിവസം ആഘോഷത്തോടെ അവസാനിപ്പിക്കും. ഈ സ്വഭാവം നന്നായി അറിയാവുന്ന നാട്ടുകാര്‍ കഴിയുന്നത്ര സായംകാലങ്ങളില്‍ ആ സ്വരൂപവുമായി ഒരു കണ്ടുമുട്ടല്‍ ഒഴിവാക്കിയിരുന്നു. എത്ര മിനുങ്ങിയാലും വഴി തെറ്റാതെ പരസഹായം കൂടാതെ വീടു പറ്റിയിരുന്നുവെന്നതും ആരെയും അതുവരെ ദേഹോപദ്രവമേല്‍പ്പിച്ചിട്ടില്ലയെന്നതും ഒരു അശ്ലീലവാക്കു പോലും (പൊതുവേ അംഗീകരിച്ചിട്ടുള്ളതും സ്വീകാര്യമായതുമായ ചില ചീത്തവിളികള്‍ ഒഴിച്ചു) ആ കണ്ഠത്തില്‍ നിന്നും ഇന്നേ വരെ പൊഴിയാത്തതു കൊണ്ടും കണാരേട്ടന്റെ കള്ളുകുടി പൊതുജനങ്ങള്‍ യാതൊരെതിര്‍പ്പും കൂടാതെ സ്വീകരിച്ചിരുന്നു. മാത്രമല്ല മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ജനപ്രിയത കൂട്ടുകയും ചെയ്തിരുന്നു.

ഇനി കണാരേട്ടന്‍ നേതൃത്വം വഹിച്ച ഒന്ന് രണ്ടു രസകരമായ സംഭവങ്ങളിലേക്കു.

മുന്‍പൊരിക്കല്‍ പറഞ്ഞതു പോലെ ഞങ്ങളുടെ ഗ്രാമം, ഒരു മഹാദേവക്ഷേതവും അതിലേക്കുള്ള വലിയ ഒരു നടപ്പാതയും ആ വഴിയില്‍ ആല്‍ത്തറ വിത് ആലും, ഈ വഴിയില്‍ നിന്നും കുറച്ചു നീങ്ങിയൊരു വലിയ കുളവും ഇതിന്റെയെല്ലാം വശങ്ങളില്‍ നിറയെ വീടുകളുമാണ്. ഇതു കൂടാതെ ഈ വീടുകള്‍ക്കിടയിലൂടെയും ക്ഷേത്രമതില്‍ക്കെട്ടിനു ചുറ്റുമായും ഇന്റ്റര്‍കണക്റ്റിങ്ങ് ഇടവഴികളുമുണ്ട്.

കണാരേട്ടന്‍റെ കുടി കഴിഞ്ഞുള്ള സ്ഥിരം യാത്ര ഈ ആല്‍ത്തറക്കു സമീപത്തു കൂടെ വന്നു ക്ഷേത്രമതില്‍ക്കെട്ടു ചുറ്റിയുള്ള ഇടവഴിയിലൂടെയാണ്.

സംഭവം – 1
-------------------------------------

സമയം രാത്രി എട്ടു മുപ്പതു. അമ്പലം രാത്രിപൂജ കഴിഞ്ഞു നടയടച്ചിരുന്നു. ഞങ്ങള്‍ പിള്ളാരു സംഘം ആല്‍ത്തറയില്‍ ചുമ്മാ ലാത്തിയടിച്ചു കൊണ്ടിരിക്കുന്ന നേരം. കണാരേട്ടന്റെ യാത്ര അപ്പോളതാ അതിലെ കുറച്ചു മാറി. ഇത് ശ്രദ്ധിക്കാതെ ലാത്തിയില്‍ മുഴുകിയിരിക്കുന്ന ഞങ്ങളിലാരുടേയോ തമ്മില്‍ തമ്മിലുള്ള ഒരു കമെന്റ് കേട്ടിട്ടു കണാരേട്ടന്‍ അതു തന്നെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നും തന്നെ തന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണെന്നും ധരിച്ചു.

കണാരേട്ടന്‍ അല്പം ദൂരെ നിന്നും; “ ഏതു നാറിയാണെടാ അതു? നിനക്കൊന്നും പാതിരാ ആയാലും വീട്ടീ പൊയ്കൂടെ? വല്ലോടത്തൂന്നും കുറ്റീം പറിച്ചോണ്ടിറങ്ങും രാവിലെ തന്നെയിങ്ങോട്ട്. തന്തേം തള്ളേം ഒന്നൂല്ലേടാ ശവികളേ നിങ്ങക്ക്…? “

ചീത്തവിളികള്‍ അനുസ്യൂതം പൊഴിഞ്ഞു കൊണ്ടിരുന്നു. സ്വന്തം വീടുകള്‍ വളരെയടുത്തായതിനാലും രാത്രിയുടെ ആ നിശ്ശബ്ദതയില്‍ ആ ഉച്ചസ്ഥായിയിലുള്ള ഡയലോഗ്സ് ചുറ്റുപാടുമുള്ള വീടുകളില്‍ അലയടിച്ചെത്തുമെന്നതിനാലും. ടി.വി ഒരു ലക്ഷൂറിയസ് സാധനമാ‍യിരുന്ന, മെഗാ….കിലോ…. പോയിട്ടു ഗ്രാമിനു പോലും സീരിയല്‍ ഇറങ്ങാത്ത ആ കാലയളവില്‍ ചുറ്റുമുള്ള വീട്ടിലെ കുടുംബിനികളും മറ്റും ഇതു കേള്‍ക്കാനിടയായാല്‍ പിന്നെ മാനം അവിടെ നിന്നും ഉടനടി കപ്പല്‍ കേറി ഉഗാണ്ടയിലേക്കു പോയേക്കുമെന്ന ഭീതിയാലും കണാരേട്ടനെ പെട്ടെന്നു തണുപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ദ്വാരപാലകന്‍ ശബ്ദമുയര്‍ത്തി വിളിച്ചു. “കണാ‍രേട്ടാ… ഇതു ഞങ്ങളാ…”

“ആരടാ ഈ ഞങ്ങള്‍? പേരില്ലേടാ നിനക്കു?”

ദ്വാരപാലകന്‍ ശബ്ദത്തിന്റെ വോള്യും കുറച്ചു കിട്ടാന്‍ വേണ്ടി കക്ഷിയുടെ അടുത്തേക്കു ചെന്നു.

സമീപത്തെ വിളക്കുകാലിലെ ബള്‍ബില്‍ നിന്നുമുള്ള അരണ്ട വെളിച്ചത്തില്‍ വച്ചു ദ്വാരപാലകനെ സസൂക്ഷ്മം നിരീക്ഷിച്ച കണാരേട്ടന്‍ ബഹുമാനത്തോടെ..

“ആഹാ.. നീയായിരുന്നോ? നീ…….. ആ തൈവളപ്പിലെ മാധവമേന്റെ മോനല്ലേ?..” അല്ലായിരുന്നിട്ടും അതെ എന്നു സമ്മതിക്കേണ്ടി വന്നു ദ്വാ‍രപാലകനു. സ്വന്തം മേല്‍വിലാസവും കുടുംബചരിത്രവും അല്ലെങ്കില്‍ ആ രാത്രിസമയത്തു അവിടെനിന്നു വിളമ്പേണ്ടി വരുമെന്നു നന്നായറിയാവുന്ന ദ്വാ.പ.ക്കു അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

“നല്ലോരു വീട്ടിലെ ചെക്കന്‍.. നിനക്കൊക്കെ വീട്ടീ പോയിരുന്നൂടെ മോനേ..? ഇവിടെ ആ ബാക്കി തെണ്ടികളുടെയൊപ്പം നടന്നു വെറുതെ ചീത്തയാവണോ? “ സ്വന്തം ഡാഡിയെ തള്ളിപ്പറയേണ്ടി വന്ന ജാള്യത റിമെയ്നിംഗ് പുള്ളാരെ “തെണ്ടികള്‍” എന്ന വിളിച്ചതു കേട്ടപ്പോള്‍ കുറഞ്ഞ ദ്വാരപാലകന്‍ ഒരു പുഞ്ചിരിയോടെ നിന്നു.

ബാക്കി തെണ്ടികളുടെ രക്തം അതു കേട്ട് തിളച്ചെങ്കിലും അതു ഉടന്‍ തന്നെ സ്റ്റൌ ഓഫ് ചെയ്തു തൂവിപ്പോകാതെ നോക്കി. വെറുതെ വീട്ടില്‍ ഒന്നുമറിയാതെയിരിക്കുന്ന വീട്ടുകാരെ കുറിച്ചുള്ള പുരാണം എന്തിനാ വെറുതെ ഒരു കള്ളുകുടിയനില്‍ നിന്നും അസമയത്തു കേള്‍ക്കണേ…

“ഞാനിപ്പോള്‍ തന്നെ വീട്ടിലേക്കു പോകുവാണ്.. കണാരേട്ടന്‍ പൊയ്ക്കോളൂ” എന്നു പറഞ്ഞതു കേട്ട് കണാരേട്ടന്‍ കൂടുതലൊന്നും പറയാതെ അപ്പോള്‍ തന്നെ നടന്നു നീങ്ങി.

ചെറിയൊരു മൂളിപ്പാട്ടൊടെ നടന്ന കണാരേട്ടന്‍ അമ്പലത്തിനു സമീപമെത്തി. അതിനടുത്തായാണ് ഞങ്ങളുടെ നാട്ടിലെ അപ്പോഴത്തെ ഏക വൈദ്യന്‍ അഥവാ ഡോക്ടര്‍ കുടുംബസമേതം താമസിച്ചിരുന്നതു. അദ്ദേഹം നാട്ടിലെ ഒരു പഴക്കം ചെന്നതും പേരു കേട്ടതുമായ ഒരു തറവാട്ടിലെ അംഗം മാത്രമല്ല അറിയപ്പെടുന്നൊരു ഭക്തനും നാട്ടിലെ ബഹുമാന്യവ്യക്തിത്വങ്ങളില്‍ പ്രധാനിയും ആയിരുന്നു. ഏതൊരു മംഗളകര്‍മ്മത്തിനു അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം ആഗ്രഹിക്കുകയും അതിനായി അദ്ദേഹത്തെ ക്ഷണിക്കുകയും അവിടത്തെ ഓരോ കുടുംബങ്ങളും ചെയ്തു പോന്നു.

ആ കുടുംബത്തില്‍ മനുഷ്യ അംഗങ്ങളെ കൂടാതെ ഓമനയായി അവര്‍ വളര്‍ത്തിപ്പോന്ന ഒരു അംഗം കൂടിയുണ്ടായിരുന്നു. “ ടൈനി “ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന ഒരു കുഞ്ഞു പോമറേനിയന്‍ പട്ടി. പൊതുവേ പൂട നിറഞ്ഞ ഒരു നായ്‌വര്‍ഗ്ഗമാണ് പോമറേനിയന് എന്ന ആദ്യധാരണയോടൊപ്പം ശരീരത്തിനേക്കാള്‍ കൂടുതല്‍ നാക്കിനു നീളമുള്ള ഇനമാണ് പോമറേനിയന്‍ പട്ടി എന്നൊരു അറിവും കൂടി അന്നാട്ടിലെ ജനങ്ങള്‍ക്കു ലഭ്യമായത് ഈ ടൈനിയുടെ വരവോടെയാണ്‍. കൂട്ടില്‍ നിന്നും പുറത്തു വിട്ടാല്‍ ഗേറ്റിനരികില്‍ വന്നുനിന്നു പൊതുവഴിയിലൂടെ പോകുന്ന ഏതൊരു യാത്രക്കാരനെയും എന്തിനു, ഏതൊരു പ്രാണിയെയും നോക്കി അവള്‍ നിര്‍ത്താതെ കുരച്ചിരുന്നു. ഈ പട്ടികളുടെ ഓരോരോ ഹോബികളേയ്…..

കുര കേട്ടു ഭയാശങ്കയോടെ പിന്നോട്ടു മാറുന്നവരെ മുന്നോട്ടു വന്നു ഒന്നൂടെ ഭയപ്പെടുത്തുകയും, ആരെങ്കിലും ധൈര്യപൂര്‍വ്വം ഗേറ്റിനടുത്തേക്കു രണ്ടടി വച്ചാല്‍ അഞ്ചടി പിന്നോട്ടു മാറി പൂര്‍വ്വാധികം ശക്തിയോടെ കുരയ്ക്കുകയും ചെയ്തിരുന്ന ടൈനി എതിരാളിയുമായി എപ്പോഴും ഒരു സേഫ് ഡിസ്റ്റന്‍സ് കീപ് ചെയതിരുന്നു. ആദ്യമൊക്കെ ആ ശബ്ദം ചുറ്റുമുള്ള വീട്ടുകാരില്‍ കുറച്ചൊക്കെ നീരസം ജനിപ്പിച്ചെങ്കിലും കാലക്രമേണ റെയില്‍വേ ട്രാക്കിനു സമീപം താമസിക്കുന്നവര്‍ക്കു തീവണ്ടിശബ്ദം സുഗമസംഗീതം പോലെയെന്നതു പോലെ ജീവിതത്തിന്റെ ഒരു ഭാഗമായി.

പലതവണ ആ ഗേറ്റിനു മുന്നിലൂടെ പോകുമ്പോള്‍, നിര്‍ത്താതെ കുരക്കുന്ന ടൈനിയെ മൈന്‍ഡ് ചെയ്യാതെ പോയിട്ടുള്ള കണാരേട്ടനെ അന്ന് രാത്രിയിലെ കുര പിടിച്ചു നിര്‍ത്തി. ഉള്ളില്‍ ചെന്നിട്ടുള്ള മദ്യമായിരിക്കണം ടൈനിയെ അന്നു മൈന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം.

കുറച്ചു നേരം ഇമ വെട്ടാതെ നോക്കി നിന്ന കണാരേട്ടനില്‍ നിന്നും ഉയര്‍ന്ന അലര്‍ച്ച കേട്ടു മീറ്റിംഗ് അവസാനിപ്പിച്ചു പിരിയാന്‍ പോയ ഞങ്ങളെ പിടിച്ചു നിര്‍ത്തി.

“ഡോക്ടര്‍……………………………….ര്‍” “ഡോക്ടര്‍……………………………….ര്‍” “ഡോക്ടര്‍……………………………….ര്‍”

എന്താണു സംഭവമെന്നു ഞങ്ങള്‍ക്കു പിടി കിട്ടിയില്ല. വല്ല നെഞ്ച് വേദനയോ തല ചുറ്റലോ കൊണ്ടാണോ ആ അലര്‍ച്ച? ഞങ്ങള്‍ ദൂരെ നിന്നും നോക്കി നിന്നു. അപ്പോള്‍ അതാ വീണ്ടും കണാരേട്ടന്റെ വക.

“അയ്യോ അങ്ങിതു കണ്ടില്ലേ…? ഓടി വരൂ ഡോക്ടര്‍…….......….ര്‍”

സാധാരണ അമ്പലം നടയടയ്ക്കുന്നതോടെ ചുറ്റുമുള്ള വീടുകളിലെ താമസക്കാരെല്ലാം ഗേറ്റ് പൂട്ടി ഉമ്മറത്തെ ലൈറ്റും ഓഫ് ചെയ്തു അത്താഴത്തിനൊരുങ്ങും. ഡോക്ടരുടെ വീട്ടിലും അങ്ങിനെത്തന്നെ. ഒരു വ്യത്യാസം മാത്രം. ഗേറ്റു പൂട്ടുന്നതിനൊപ്പം ടൈനിയെ കൂട്ടില്‍ നിന്നും സ്വതന്ത്രയാക്കുക എന്ന കര്‍മ്മം കൂടിയുണ്ടവര്‍ക്കു.

കണാരേട്ടന്റെ ഈ ഉയര്‍ന്ന ശബ്ദത്തിലുള്ള അലര്‍ച്ച കേട്ടു അവിടെ പൂമുഖത്തുള്ള ലൈറ്റ് തെളിഞ്ഞു. ദൂരെ നിന്നിരുന്ന ഞങ്ങള്‍ സംഭവമറിയാനായി കുറച്ചു കൂടി അടുത്തേക്കു നീങ്ങി.

“പെട്ടെന്നു വരൂ ഡോക്ടര്‍… അയ്യോ.. ഇതു നോക്കൂ…”

ഡോക്ടരദ്ദ്യേം പൂമുഖത്തെത്തി. ഒപ്പം കുടുംബത്തിലെ ചില അംഗങ്ങളും. ആരോ തീരെ വയ്യാതെ വന്നിട്ടുണ്ടെന്നും ഗേറ്റ് പൂട്ടിയതു കൊണ്ട് അകത്തു കയറാന്‍ പറ്റാതെ ഉറക്കെ വിളിക്കുന്നതാണെന്നും കരുതിക്കാണണമവര്‍.

അതാ വീണ്ടും കരച്ചില്‍.

“നോക്കൂ.. ഡോക്ടര്‍… അങ്ങിതു കണ്ടില്ലേ… താങ്കളുടെ പട്ടിക്കു ചുമ പിടിച്ചിരിക്കുന്നു ഡോക്ടര്‍… ചുമ പിടിച്ചിരിക്കുന്നു…….പെട്ടെന്നു ചികിത്സിക്കൂ ഡോക്ടര്‍……..ര്‍”

“ഡോക്ടര്‍………ര്‍ ഉടനെയെന്തെങ്കിലും മരുന്നു പട്ടിക്കു കൊടുക്കൂ.. ഡോക്ടര്‍……. അല്‍പ്പം ദയ ആ ജന്തുവിനോടു കാണിക്കൂ”

ഇതു കേട്ടതും ചിരി അടക്കാന്‍ പറ്റാതെ ഞങ്ങള്‍ ഓടി മാറി. വെറുതെ രാത്രി കള്ളുകുടിയന്റെ ജല്പനങ്ങള്‍ കേള്‍ക്കാനായി വാതില്‍ തുറന്നതിന്റെ ജാള്യതയുമായി ഡോക്ടറും കുടുംബവും അകത്തേക്കു.

സംഭവം – 2
-----------------------------

ഞങ്ങളുടെ ഗ്രാമത്തിലെ മഹാദേവക്ഷേത്രം വിവാഹം നടക്കാത്തവര്‍ക്കു പെട്ടെന്നു വിവാഹം നടക്കാനുള്ള പ്രത്യേക പൂജക്കു വളരെ പ്രസിദ്ധമാണു. എല്ലാ ദിവസവും രാത്രി അത്താഴ ശീവേലിക്കു ശേഷം ശിവപാര്‍വ്വതിമാരുടെ തിടമ്പുകള്‍ ഒരുമിച്ചു പള്ളിയുറക്കത്തിനായി ഒരു കോവിലിലേക്കു എഴുന്നള്ളിച്ചു നടയടച്ചു പൂജിക്കുന്നു. അതിനു ശേഷം നട തുറന്നു എല്ലാ ഭക്തജനങ്ങള്‍ക്കും ദര്‍ശനസൌഭാഗ്യം നല്‍കിയ ശേഷം ശിവപാര്‍വതിമാരെ ആ കോവിലനകത്തു തന്നെയുള്ള ആട്ടുകട്ടിലില്‍ ആട്ടിയുറക്കുന്നു. ഈ പൂജയില്‍ പങ്കെടുത്താല്‍ വിവാഹം വളരെ പെട്ടെന്നു തന്നെ തടസ്സങ്ങളൊക്കെ മാറി നടക്കുമെന്ന ഒരു വിശ്വാസം നില നില്‍ക്കുന്നു. വിശ്വാസത്തിലുപരി വളരെയധികം അനുഭവസ്ഥര്‍ അതു ശരിയെന്നു സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. ഈ പൂജ ‘ദമ്പതിപൂജ‘ എന്ന പേരില്‍ വളരെ പ്രചാരം നേടിയിട്ടുണ്ട്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നാനാജാതി മതസ്ഥര്‍ ഇതില്‍ പങ്കെടുക്കാനായി എത്താറുണ്ട്.

ഈ പൂജയുടെ പ്രധാന പ്രസാദമാണ് പാല്‍പ്പായസം. ദൂരസ്ഥലങ്ങളില്‍ നിന്നും ആദ്യമായ് എത്തുന്നവര്‍ ഇതു പലപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല. അതു കൊണ്ട് അമ്പലത്തിലേക്കു പോകുന്ന വഴിയിലുള്ള ഒരേയൊരു കടയായ ഹരിചേട്ടന്റെ കടയില്‍ പ്ലാസ്റ്റിക് ഡബ്ബകള്‍ ഇത്തരക്കാര്‍ക്കു വേണ്ടി സ്റ്റോക്ക് ചെയ്യാറുണ്ട്.

അത്തരത്തിലൊരു പാര്‍ട്ടി അമ്പലത്തിലെ സ്റ്റാഫ് ഗൈഡ് ചെയ്തതനുസരിച്ചു ഡബ്ബ വാങ്ങാന്‍ ഹരിയേട്ടന്റെ കടയിലേക്കു വന്നു. സാധനം വാങ്ങാന്‍ വന്നതു തൊഴാന്‍ വന്ന കുടുംബത്തിലെ ഒരു പ്രായം ചെന്ന പുരുഷനായിരുന്നു. 60-നടുത്തു പ്രായം മതിക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ തന്നെയറിയാം പ്രൌഡിയാര്‍ന്ന ഒരു തറവാട്ടിലെയാണെന്നു. വൃത്തിയാര്‍ന്നതും ലളിതവുമായ വസ്ത്രധാരണം. ഐശ്വര്യവും ഗാംഭീര്യവും തുളുമ്പുന്ന മുഖഭാവം.

ഇദ്ദേഹം വരുന്ന സമയത്തു കുറച്ചു പച്ചക്കറികള്‍ വാങ്ങാനായി ഞാന്‍ ആ കടയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതേ പോലെ തന്നെ കണാരേട്ടനും. കക്ഷി ആത്മാവിനു പുക നല്‍കാനായി ഒരു ബീഡി വാങ്ങി കത്തിക്കുന്ന നേരം. പുറകിലെത്തി നിന്ന ആ തറവാടിയെ കണാരേട്ടനൊഴിച്ചു ആ കടയിലുള്ള എല്ലാവരും കണ്ടിരുന്നു. കടക്കാരന്‍ തിരക്കിലായതിനാല്‍ ഓര്‍ഡര് ചെയ്യാതെയദ്ദേഹം കാത്തു നിന്നു.

“ട് ര്‍….ര്‍……………...ര്‍“ ഒരു ശബ്ദം അവിടെ അലയടിച്ചുയര്‍ന്നു.

(ഞാന്‍ കേട്ട ആ ശബ്ദം അതേ രീതിയില്‍ തന്നെ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. സദയം ക്ഷമിക്കുമല്ലോ)

വന്ന കക്ഷിക്കു അല്പം ഗ്യാസ്ട്രബിള്‍ ഉണ്ടായിരുന്നെന്നു വ്യക്തം. ആ പ്രായത്തിലുള്ളവരില്‍ അതൊരു സ്വാഭവിക കാര്യം മാത്രം. അദ്ദേഹത്തിന്റെ പ്രായവും തറവാടിത്തവും മനസ്സിലാക്കിയ മറ്റുള്ളോര്‍ അങ്ങിനെയൊന്നു കേട്ടില്ലെന്ന ഭാവത്തില്‍ നിന്നു.

പക്ഷേ ഈ മാന്യദ്ദേഹത്തിനു മുന്നില്‍ പുറം തിരിഞ്ഞു നിന്നിരുന്ന കണാരേട്ടന്‍ അതു കേട്ടില്ലെന്നു വയ്ക്കാന്‍ ഭാവമില്ലായിരുന്നു. ബീഡി കത്തിച്ചുകൊണ്ടിരുന്ന കണാരേട്ടന്‍ ഇതു കേട്ടയുടനെ തല മുകളിലേക്കുയര്‍ത്തി ആലോചനഭാവത്തിലൊന്നു നിന്നു. പിന്നീടിങ്ങനെ ചോദിച്ചു.

“എന്താണവിടെ ഒരു അപ:ശബ്ദം കേട്ടതു?”

ഇതു അവിടെയുണ്ടായിരുന്ന ആരും ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല. ആ ചോദ്യവും നേരത്തെ കേട്ട ശബ്ദം പോലെ കേട്ടില്ലെന്നു ഭാവിച്ചു.

തന്റെ ചോദ്യത്തിനുത്തരമൊന്നും കിട്ടാതെ കണാരേട്ടന്‍ പുറകിലേക്കു തിരിഞ്ഞു നോക്കികൊണ്ടു ചോദ്യം ആവര്‍ത്തിച്ചു. “എന്താണാ അപ:ശബ്ദം? “

തെല്ലു ജാള്യതയോടെയും അതിലുപരി കണാരേട്ടന്റെ ചോദ്യങ്ങളുണ്ടാക്കിയ അസ്വസ്ഥതയിലും ചുളിഞ്ഞ മുഖവുമായി ആ മാന്യദ്ദേഹം മറുപിടിയൊന്നും അര്‍ഹിക്കാത്ത ആ ചോദ്യങ്ങള്‍ കേട്ടില്ലെന്ന ഭാവത്തില്‍ നിന്നു.

ആള്‍ക്കാര്‍ ഉള്ളിലുയര്‍ന്ന ചിരിയമര്‍ത്തിപ്പിടിച്ചു കൊണ്ട് കണാ‍രേട്ടന്റെ അടുത്തപടിയെന്താവുമെന്ന കൌതുകത്തില്‍ നോക്കി നിന്നു.

വരത്തനെ അടിമുടിയൊന്നു നോക്കിയ കണാരേട്ടന്‍ ഇങ്ങനെ പറഞ്ഞു.

“ഓഹോ…. താങ്കള്‍ കീഴ്ശ്വാസം വിട്ടതാണല്ലേ…?”

(പറഞ്ഞതു തനി ഗ്രാമീണശൈലിയിലായിരുന്നെങ്കിലും ഞാ‍നതിവിടെ മാറ്റിപറയുകയാണ്‍)

കൂടുതല്‍ ചിരിയടക്കാനാവാതെ ഞാന്‍ അവിടെ നിന്നും വായും പൊത്തിപ്പിടിച്ചോടി. അത്തരമൊരു ചോദ്യം അതും വേറൊരു നാട്ടില്‍ വച്ചു ഒരു കൂലിപ്പണിക്കാരനില്‍ നിന്നും. ഭൂമി പിളര്‍ന്നു താഴേക്കു പോയിരുന്നെങ്കില്‍ എന്നദ്ദേഹം ആശിച്ചു കാണണം. പിന്നീടെന്തു നടന്നുവെന്ന് ഞാനറിയാന്‍ ശ്രമിച്ചില്ല. കണാരേട്ടന്റെ ആദ്യചോദ്യത്തില്‍ തന്നെ മുഖത്തെ സകല ഗാംഭീര്യവും ചോര്‍ന്നിരുന്ന അദ്ദേഹത്തിന്റെ അവസാന ചോദ്യത്തിനു ശേഷമുള്ള മുഖഭാവം പിന്നീടു പലതവണ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്.

1 മാലോകരുടെ അഭിപ്രായങ്ങള്‍:

Rajeev Kumar said...

da savieee ninte kathakal nannavunnunde oro thavana chellumthorum proffecional avunnunde

Rajeev