Ind disable

Wednesday, December 26, 2007

അര്‍നോള്‍ഡിന്റെ ജന്മം

ഞങ്ങളുടെ ഗ്രാമത്തിലെ അക്കാലത്തെ ഒരു പുതുതലമുറക്കാരന്‍. കൌമാരപ്രായത്തിലേക്കു ചുവടു വച്ച ഈ കോമളാംഗനു സ്വന്തം സൌന്ദര്യത്തിനേക്കുറിച്ചു അഭിമാനവും ബോധോദയവും ഉണ്ടായതു അമ്പലത്തിലെ ഭജനമണ്ഡപത്തില്‍ വച്ചു സീനിയേര്‍സും നാട്ടിലെ അറിയപ്പെടുന്ന ഗ്ലാമറ് കൂടിപ്പോയെന്നഹങ്കരിച്ചിരുന്നവരുമായ സുന്ദരപുരുഷന്മാരെ വിട്ടു കൌമാരത്തിലേക്കു നടന്നടുത്തുകൊണ്ടിരുന്ന ഒരു കുമാരി (ആ പ്രായത്തിലങ്ങിനെ വിളിക്കാമോ എന്തോ?) ആരാധനപൂര്‍വ്വം ഇമ വെട്ടാതെ കുറച്ചു നേരം ഒന്നു കടാക്ഷിച്ചപ്പോഴാണത്രേ…. അതും തന്റെ ഗാനസുധയില്‍ അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങളെല്ലാം ആറാടുന്നു എന്ന് വിചാരിച്ചിരിക്കുന്ന നേരത്ത്.

അതിനു ശേഷം നിരവധിസൌന്ദര്യലേപനങ്ങളെയും അവയുടെ ഉപയോഗത്തെയും കുറിച്ചു ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്തുകയും അവയോരോന്നിന്റെയും ഉപയോക്താവാകുകയും ചെയ്ത അര്‍നോള്‍ഡ് ഇവയൊക്കെ വാരിപൂശി ഇരട്ടിപ്പിച്ച സൌന്ദര്യവുമായി ക്ഷേത്രാചാരങ്ങള്‍ക്കെല്ലാം ആളായി മുന്‍പന്തിയില്‍ നിന്നുപോന്നു. ഇതു വഴി തന്റെ ആ സൌന്ദര്യം ആ നാട്ടില്‍ മാത്രമല്ലാ മറുനാട്ടിലും (പുറംനാടുകളില്‍ നിന്നും ദര്‍ശനം നടത്താന്‍ വരുന്നവര്‍ ദ്വാരാ) ചര്‍ച്ച ചെയ്യപ്പെടുമെന്നൊരു മിഥ്യാധാരണയും വച്ചു പുലര്‍ത്തിയിരുന്നു വിദ്വാന്‍.
ഇനി ഇരട്ടപ്പേരിന്റെ പിറവിയിലേക്കു.

അങ്ങു ദൂരദേശത്തുള്ള തറവാട്ടിലെ ലക്ഷണമൊത്ത പ്ലാവും തേക്കും വീടുപണിയാന്‍ പോകുന്നെന്ന വ്യാജ്യേന അറുത്തു മുറിച്ചു പലകകളാക്കി സ്വന്തം വീട്ടിലെത്തിച്ചു ആശ്വാസത്തോടെ ഒരു ദീര്‍ഘശ്വാസം വിട്ടിരിക്കുന്ന കാലം. ഒരു പ്രഭാതത്തില്‍ മാതാവിന്റെ ആജ്ഞ അതാ…

“ഈ പലകകള്‍ ഇങ്ങനെ അനക്കാതെ വച്ചിരുന്നാല്‍ ചിതലും മറ്റും കേറും. നീ ഇവിടെ ചുമ്മാ ഇരിക്കാതെ അതൊക്കെ ഒന്നു വെയിലത്തേക്കു വയ്ക്കൂ. വെയിലാറിയ ശേഷം തിരിച്ചെടുത്തു വയ്ക്കുകയും വേണം.”

അനുസരിച്ചില്ലേല്‍ ഭക്ഷണക്കാര്യം പ്രശ്നത്തിലാകുമെന്നു ഉത്തമബോധ്യമുള്ള ആ മാതൃകാ മകന്‍ പലകകളെല്ലാം ഉടനടി വെയിലത്തേക്കു വച്ചു. വെയില്‍ വേണ്ടത്ര കിട്ടാത്ത ഒരു ചെറിയ പുരയിടമായതു കൊണ്ടു വീടിന്റെ മതിലില്‍ പൊതുവഴിയുടെ ഭാഗത്തായാണ് ചാരി വച്ചതു. പഠിത്തവും മറ്റും അമ്പലത്തിലെ വഴിപാടുകള്‍ പോലെ ഒരു ചടങ്ങ് മാത്രമായും പഠനേതരകാര്യങ്ങള്‍ മുന്‍ഗണനയോടെയും നടത്തിവന്നിരുന്ന കാലം.

രംഗം – 1

കക്ഷി ചില പ്രീപ്ലാന്‍ഡ് പ്രോഗ്രാംസോടെ (സദുദ്ദേശത്തോടെ അല്ലെന്ന് മൂന്നരത്തരം) വൈകുന്നേരം നേരത്തെ വീട്ടിലെത്തി ഇട്ടിരുന്ന വസ്ത്രങ്ങള്‍ മാറ്റി, ലേപനങ്ങള്‍ പൂശിക്കൊണ്ടിരുന്ന നേരം. അമ്മ ആ ഒരുങ്ങല്‍ കണ്ടു. ഇവനിപ്പോഴെങ്ങാനും ഇറങ്ങിപ്പോയാല്‍ പിന്നെ രാത്രിഭക്ഷണത്തിനേ കാണാന്‍ കിട്ടൂ എന്നറിയാമായിരുന്ന ആ മാ‍താശ്രീ ഇങ്ങനെ പറഞ്ഞു.

“എവിടേക്കാടാ ഈ നേരത്തു കെട്ടിയൊരുങ്ങി? വെയിലാറിത്തുടങ്ങി. പലകകളൊക്കെ തിരിച്ചെടുത്തു വയ്ക്കേണ്ടേ? അതു കഴിഞ്ഞിട്ടിറങ്ങിയാല്‍ മതി എവിടേക്കാണെങ്കിലും”

“നശിച്ച പലകകള്‍” വിദ്വാന്റെ അന്തര്‍ഗ്ഗതം. “ഏതു നേരത്താണോ ഇതൊക്കെ ഇങ്ങോട്ടു കെട്ടിയെടുക്കാ‍ന്‍ തോന്നിയത്.”

“ഇപ്പോ തന്നെ എടുത്തു വച്ചേക്കാമമ്മേ…” മാതൃകാ മകന്‍ വേറെ വഴിയില്ലാതെ മൊഴിഞ്ഞു.“മരമെടുത്തു വയ്ക്കാനല്ലേ.. നല്ല വസ്ത്രങ്ങല്ലൊന്നും ഇട്ടു ചീത്തയാക്കണ്ട.“ എന്നു മനസ്സില്‍ക്കരുതി ഒരു ലുങ്കിയും വളരെ പഴയ ഒരു കീറ ബനിയനുമിട്ടോണ്ടു കഥാനായകന്‍ അങ്കത്തട്ടിലേക്കിറങ്ങി. വായുസ്ഞ്ചാരം വേണ്ടത്ര നല്‍കുന്ന പല വലുപ്പത്തിലുള്ള നിരവധി ദ്വാരങ്ങളുള്ള ആ ബനിയന്‍ അന്തിസൂര്യന്റെ തങ്കരശ്മികളെ നാണിപ്പിക്കുന്ന തരത്തില്‍ പഴകിയ മഞ്ഞനിറവര്‍ണ്ണമാര്‍ന്നതായിരുന്നു.

രംഗം – 2

ഓരോ ദിവസത്തേയും പഠനത്തിനു ശേഷം സമീപത്തുള്ള ലലനാമണികള്‍ ഞങ്ങളുടെ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെയുള്ള പാതകള്‍ തന്താങ്ങളുടെ വീട്ടിലേക്കുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചിരുന്നു. ഒരു ഈവനിംഗ് വാക്കുമായി അതോടൊപ്പം തങ്ങളുടെ അന്നാന്നത്തെ പബ്ലിക് ഡിമാന്‍ഡ് & റേറ്റിങ്ങ് എത്രയുണ്ടെന്നൊന്നളക്കലുമായി.

അങ്ങിനെയുള്ളൊരു ലലനാമണി പയ്യെ തന്റെ അന്നനടയുടെ വശ്യത മാക്സിമമാക്കി അതാ നടന്നു വരുന്നു. ഈ യാത്ര ഇതേ വഴിയിലൂടെ തുടര്‍ന്നാല്‍ ഒരു ഏകദേശം “ട” പോലെ തോന്നുന്ന വളരെ ചെറിയ രണ്ടു വളവു തിരിഞ്ഞാ‍ല്‍ അര്‍നോള്‍ഡിന്റെ വീടു കുറച്ചകലെ നിന്നും ദൃശ്യമാകും. ഈ വളവിലേക്കെത്തുന്നതിനു വളരെ മുന്‍പു ഈ വളവില്‍ തന്നെയുള്ളൊരു വീട്ടില്‍ നിന്നും ദാഹാര്‍ത്തമായ ഒരു ജോടി കണ്ണുകള്‍ ലലനാമണിയുടെ ലാവണ്യം അവള്‍ പോലുമറിയാതെ ഒട്ടും ചോരാതെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഈ കണ്ണുകളുടെ വിശ്വാസ്യതയില്‍ വിശ്വസിച്ചാണടുത്ത രംഗം ആരംഭിക്കുന്നതു.

രംഗം – 3

പലക ഒന്നു അകത്തെടുത്തു വച്ച ശേഷം അടുത്തതിനായി പുറത്തേക്കിറങ്ങാന്‍ ഭാവിച്ച അര്‍നോള്‍ഡ് വളവു തിരിഞ്ഞ് വരുന്ന ല.മ.യെ നേരത്തെ തന്നെ കണ്ടു. ഉടനെ തന്നെ അകത്തേക്കു വലിഞ്ഞ അര്‍നോള്‍ഡ് വളര ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ കയ്യില്ലാത്ത ടൈറ്റ് ഫിറ്റായ ബനിയന്‍, പാന്റ്സ് ഒക്കെ ധരിച്ചു പൌഡറും പൂശി ഇറങ്ങി. ധാരാസിംഗ് ഗുസ്തി മത്സരത്തിനു മുന്‍പു ഗോദായിലേക്കിറങ്ങും പോലെ രണ്ടു കയ്യും മുകളിലേക്കും വശങ്ങളിലേക്കും ആഞ്ഞു വീശിയതാ രണ്ടു കട്ടിപലകകള്‍ ഒരുമിച്ചെടുക്കുന്നു.

മസിലിനേക്കാളും കൂടുതലായി ഞരമ്പുകള്‍ ആ കയ്യില്‍, പാണ്ടിലോറി ഹെഡ് ലൈറ്റുമിട്ട് രാത്രി വരുമ്പോള്‍ ചില തവളകള്‍ നെഞ്ചും വിരിച്ചു നില്‍ക്കുമ്പോലെ, പൊങ്ങി നിന്നു.

കീറിമുറിച്ചു കഷണങ്ങളാക്കിയതിലുള്ള ദേഷ്യം മാറാത്തതിനാലോ എന്തോ ആ പലകകള്‍ അധികനേരം അതും താങ്ങി നില്‍ക്കുവാന്‍ ആ മാവീരനെ സമ്മതിച്ചില്ല. ഭാരം താങ്ങാനാവാതെ അതു ഉടന്‍ തന്നെ താഴെയിടേണ്ടി വന്നതും ലലനാമണി അതു കണ്ട് പുഛഭാവത്തില്‍ ചിരിച്ചു കൊണ്ട് പോയതും വേറാരും തന്നെ കണ്ടില്ലല്ലോ എന്ന ആശ്വാസത്തില്‍ അര്‍നോള്‍ഡ് സ്വന്തം വീട്ടിലേക്കു ഉള്‍വലിഞ്ഞു.

കമാന്‍ഡൊ എന്ന സിനിമയില്‍ അര്‍നോള്‍ഡ് ഷ്വാര്‍സനേഗരദ്ദ്യം വലിയ മരത്തടികള്‍ പൊക്കി തന്റെ കയ്യിലെ മസില്‍ പെരുപ്പിച്ചു കാണിച്ചതു കണ്ടിട്ടുള്ള രംഗം -2-ലെ ഒളികണ്ണുകള്‍ ഇതെല്ലാം കണ്‍പാര്‍ത്ത ഉടനെ ആ ഇരട്ടപ്പേര്‍ അര്‍നോള്‍ഡിനു ചാര്‍ത്തിയിരുന്നു.

സംഭവം എങ്ങിനെ ലീക്കായി എന്നതു അര്‍നോള്‍ഡിനു വളരെ നാളുകള്‍ക്കു ശേഷമാണു പിടിത്തം കിട്ടുന്നതു.

9 മാലോകരുടെ അഭിപ്രായങ്ങള്‍:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അര്‍നോള്‍ഡിനു പിറകില്‍ ഇങ്ങനൊരു കഥയുണ്ടല്ലേ...

മേന്‍‌നേ, കൊള്ളാം ട്ടാ

ശ്രീ said...

അപ്പോ അതാണ് അര്‍‌ണോള്‍‌ഡിന്റെ കഥ!

കൊള്ളാം.

പുതുവത്സരാശംസകള്‍‌!
:)

Unknown said...

കൊള്ളാം..
എനിക്കൊന്ന് മാത്രം മനസ്സിലാകുന്നില്ല. ഇത്രേം നാള്‍ ഇതൊക്കെ വച്ചുകൊണ്ട് ചുമ്മ ഇരുന്നത് എന്തിനാന്ന്..

രാജേഷ് മേനോന്‍ said...

പ്രോത്സാഹനങ്ങള്‍ക്കു നന്ദി. തുടര്‍ന്നും നിങ്ങളോരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ക്കേവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!! വരും സംവല്‍സരം നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എല്ലാ നന്മകളും സമ്പല്‍ സമൃദ്ധിയും സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടേ എന്നാശംസിക്കുന്നു.

Binu.K.V said...

രാജേഷ് ചേട്ടാ നേതാവേ ധീരതയോടെ നയിച്ചോളൂ..ലക്ഷം ലക്ഷം പിന്നാലെ...
ഇതാണു പറയുന്നതു ഒരു കലാകാരനു അധികകാലം ഉറങ്ങിക്കിടക്കാന്‍ പറ്റില്ലാന്നു...
ആശംസകള്‍..

Menonkutty said...

KOllam, Assal Story, I need more investigation :P

Sorry, thalkkalam malayaalam font illa :D

priya said...

രാജേഷ്,

ഇത്രയും നാള്‍ എഴുതാത്തത് കഷ്ടമായി പോയി കേട്ടൊ..എനിക്ക് രണ്ടാമത്തെതാണ് കൂടുതല്‍ ഇഷ്ടമായത്. അല്ല ആരാ ഈ കക്ഷി ?? ഇനി എഴുതാതിരിക്കാനുള്ള ഒരു ന്യായീകരണവും പറയാന്‍ പറ്റില്ല. അടുത്തത് വേഗം പോരട്ടെ..

എല്ലാ ആശംസകളും !!!!
priya pillai.

Suresh ♫ സുരേഷ് said...

വലിയ സന്തോഷം... :)
നല്ല ശൈലി....നല്ല ഭാഷ... അനുസ്യൂതം തുടരട്ടെ എഴുതല്‍

[ഇനി എഴുതാതിരുന്നാല്‍ വിവരമറിയും ...:x]

jayadevpn said...

Supereb mannnn..... Arnold ariyathe aa olikannukal ippolum pinthudarunudo......... Keep it up. I have a wrote a lot of things but mind is not here wanna go to the other storyyyyyyyy