Ind disable

Tuesday, December 25, 2007

ശബരിമല തീര്‍ത്ഥാടനം – 2

(ഒന്നാം ഭാഗം വായിക്കാത്തവര്‍ അത് ആദ്യം വായിക്കാനപേക്ഷ.)

സ്വാമിയേ…….യ് ശരണമയ്യപ്പാ…..
ഹരിഹരസുതനേ……യ് ശരണമയ്യപ്പാ…..
ശ്രീധര്‍മ്മശാസ്താവേ……യ് ശരണമയ്യപ്പാ…..
ഓം ശ്രീഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ…………യ് ശരണമയ്യപ്പാ……..

ശരണം വിളികള്‍ മുഴങ്ങിയ വര്‍ഷങ്ങള്‍ക്കു മുന്‍പൊരു മണ്ഡലക്കാലം. അയ്യപ്പഭക്തരെല്ലാം വ്രതശുദ്ധിയോടെ മനസ്സും ശരീരവും ഏകാഗ്രതയോടെ ഭക്തിയില്‍ അര്‍പ്പിച്ചു ശബരിമാമല വാഴും ശാസ്താവിന്റെ ദര്‍ശനം നടത്താന്‍ തുടിക്കുന്ന കാലം.

അത്തവണയും സര്‍വ്വശ്രീ പെരിയോന്റെ ഗൈഡന്‍സില്‍ ജൂനിയറും സീനിയറുമായ നിരവധിപേര്‍ മാലയിട്ട് കെട്ടു നിറച്ചു മലയാത്രക്കൊരുങ്ങി. എല്ലാത്തവണയും പോലെ കന്നിസ്വാമിമാര്‍ക്കു അത്തവണയും പഞ്ഞമുണ്ടായിരുന്നില്ല. ഒരു കാലത്തു ഞങ്ങളുടെ നാട്ടില്‍ കാര്യക്ഷമമായ രീതിയില്‍ പ്രൊഡക്ഷന്‍സ് നടന്നിരുന്നതു കൊണ്ടു ഓരോ കൊല്ലവും ഒരു മനുഷ്യജന്മമെങ്കിലും ബാല്യദശ വിട്ടു കൌമാരത്തിലേക്കു കടന്നിരുന്നു. ഇന്ത ജന്മങ്ങളുടെ സൃഷ്ടാക്കള്‍ ഇവരെ ദൈവകൃപക്കു വേണ്ടി പെരിയോന്റെ ഒപ്പം വ്രതമെടുപ്പിച്ചു ദര്‍ശനസൌഭാഗ്യവും അതു വഴി പുണ്യം, മോക്ഷം, ഇവയൊന്നും കിട്ടീല്ലേലും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സേവിക്കുന്നതിനായി കുറച്ചു മോദകം, അരവണ തുടങ്ങിയ ശബരിമല സ്പെഷ്യല്‍ ലഭിക്കുന്നതിനായി നിര്‍ബന്ധിച്ചു വിടുമായിരുന്നു. ഓരോ കൊല്ലത്തെ ശബരിമലയാത്രയുടെയും അവസാനം അതിലെ രസകരമായ അനുഭവങ്ങളെയും കാഴ്ചകളെയും പറ്റി സ്ഥിരം ദര്‍ശനം നടത്തി വന്നിരുന്ന ദ്വാരപാലകന്റെ വിവരണങ്ങള്‍ ഏവരിലും അത്തരമൊരു യാത്ര ഇതേ സംഘത്തിനൊപ്പം അടുത്ത തവണ നടത്തണമെന്നൊരാഗ്രഹം ജനിപ്പിക്കുമായിരുന്നു. അതു കൊണ്ടു തന്നെ സൃഷ്ടാക്കളുടെ ആ ഒരാഗ്രഹത്തിനെതിരെ ഒരനിഷ്ടവും പ്രകടിപ്പിക്കാതെ ഈ ജൂനിയര്‍ പ്രജകള്‍ സസന്തോഷം മലയാത്രക്കൊരുങ്ങി.

ദ്വാ‍രപാലകനെക്കുറിച്ചു ശബരിമലയാത്ര ഒന്നാം ഭാഗത്തില്‍ പറഞ്ഞതാണല്ലോ. ഈ യാത്രയിലെ ഒരു പുതിയ അംഗമാണു അര്‍നോള്‍ഡ് സ്വാമി.


മണ്ഡലക്കാലം പെരിയോന്റെ ചാകരക്കാലം കൂടിയാണു. നിരവധിത്തവണ ശാസ്താദര്‍ശനത്തിനായി പലരെയും നയിക്കുന്നതു കൂടാതെ പല ദേശവിളക്കുകളില്‍ അമ്പലനിര്‍മ്മാണവും അയ്യപ്പന്‍ പാട്ടും നടത്തുന്ന ഒരു സംഘത്തിന്റെ അവിഭാജ്യഘടകം കൂടിയാണിദ്ദേഹം. അത്തവണത്തെ അയ്യപ്പദര്‍ശനത്തിനായി ഒരുങ്ങിയ സംഘം പെരിയോന്റെ നേതൃത്വത്തില്‍ മാര്‍ഗ്ഗമധ്യേയുള്ള വിവിധ പുണ്യക്ഷേത്രങ്ങള്‍ ദര്‍ശിച്ച ശേഷം ഉച്ചയോടെ പമ്പയിലെത്തി. അതു വരെയുള്ള യാത്രക്ഷീണം തീര്‍ക്കാനും ഉച്ചഭക്ഷണത്തിനുമായി ഒരു പറ്റിയ ഇടം തെരഞ്ഞെടുത്തു. ഇതേ സമയം തന്നെ ഒരു സംഘം തമിഴ്ഭക്തര്‍ അതിനടുത്തു തന്നെ ക്യാമ്പ് ചെയ്തിരുന്നു. അവര്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

നമ്മുടെ സംഘവും ഉടന്‍ തന്നെ പാചകം ആരംഭിച്ചു. എല്ലാ‍ സ്വാമിമാരുടെയും ഉത്സാഹപൂര്‍ണ്ണമായ പങ്കാളിത്തം കൊണ്ടു പാചകം പൂര്‍ത്തിയാക്കി. ദേഹശുദ്ധി വരുത്തി ഭക്ഷണം അകത്താക്കി. വൈകുന്നേരത്തോടെ മല കയറാന്‍ പ്ലാന്‍ ചെയ്തു വിശ്രമവും ആരംഭിച്ചു. അതേ സമയം, തമിഴ് സംഘം ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.

വിശ്രമാവസ്ഥയില്‍ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്ന ദ്വാരപാലകന്റെയും അര്‍നോള്‍ഡിന്റെയും കണ്ണുകളില്‍ അപ്പോഴാണ്‍ കൌതുകകരമായ് ആ കാഴ്ച പതിഞ്ഞതു. ഭക്ഷണം പാകം ചെയ്ത ശേഷം തമിഴ്സംഘം അവരുടെ പാത്രങ്ങള്‍ ഒരുമിച്ചു ഒരു സ്ഥലത്തു കൂട്ടിയിട്ടിരുന്നു. അതിനടുത്തായി ഊണു കഴിച്ച ശേഷം ഗംഭീരതയോടെ ഇരിക്കുന്ന അവരുടെ ഗുരുസ്വാമി. ശേഷമുള്ള എല്ലാ തമിഴ്സ്വാമിമാരും അദ്ദേഹത്തിനു മുന്നിലായി ബഹുമാനത്തോടെ ഭക്തിയോടെ കൂടി നില്‍ക്കുന്നു. എന്തോ വിശേഷമായി നടക്കാന്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍. ഇതെല്ലാം വീക്ഷിച്ചു കൌതുകം പൂണ്ട നമ്മുടെ സ്വാമിമാര്‍ വിശ്രമാവസ്ഥ ഉപേക്ഷിച്ചു എണീറ്റു പതുക്കെ നടന്നു തമിഴ്സ്വാമിമാരുടെ അടുത്തേക്കു നടന്നെത്തി. അവരുടെ ഇടയില്‍ സൌകര്യപ്രദമായ ഒരു സ്ഥാനം കണ്ടെത്തി പ്രോഗ്രാമിന്‍ തയ്യാറെടുത്തു.

രംഗസജ്ജീകരണം പൂര്‍ത്തിയാക്കിയ തമിഴ്സംഘത്തിലെ മുതിര്‍ന്ന ഒരു സ്വാമി പരിപാടിക്കു തുടക്കമിട്ടു.

“ഒണ്ണ്”

അതിനു ശേഷം കൂടി നിന്നവരില്‍ നിന്നും അടുത്ത പടി പ്രതീക്ഷിച്ചെന്ന പോലെ അദ്ദേഹം നിന്നു.

“ഒണ്ണു അമ്പതു” കൂട്ടത്തില് നിന്നും ഒരു സ്വാമിയാരുടെ വിളി.

“റെണ്ടു” അതാ അടുത്ത ശബ്ദം ഉയരുന്നു.

മൂന്ന്, നാല്, അഞ്ച്… എന്നിങ്ങനെ വിളികള്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഉയര്ന്നു തുടങ്ങി. ഒരു ലേലം വിളിയാണെന്ന് അഭ്യസ്തവിദ്യരായ നമ്മുടെ മലയാളമക്കള്‍ എളുപ്പം ഗ്രഹിച്ചു. പക്ഷേ എന്താണ് ലേലത്തില്‍ പെടുത്തിയിരിക്കുന്നതെന്ന് സ്വതവേ കുശാഗ്രബുദ്ധിക്കാരായ അര്‍നോള്‍ഡും ദ്വാരപാലകനും ചര്‍ച്ച ചെയ്തു. അര്‍നോള്‍ഡ് അപ്പൊഴേക്കും കാര്യം ഗ്രഹിച്ചിരുന്നു. അവിടെ കൂട്ടിയിട്ടിരുന്ന പല വലുപ്പത്തിലുള്ള അലൂമിനിയം പാത്രങ്ങളിലേക്കും അതിനടുത്തിരിക്കുന്ന ഗുരുസ്വാമിയിലേക്കും മാറി മാറി കണ്ണുകള്‍ ചലിപ്പിച്ചു ദ്വാരപാലകനിലേക്കാ മാറ്റര്‍ കൈമാറി.

ലേലം വിളി അപ്പോഴേക്കും 20 രൂപ പിന്നിട്ടിരുന്നു. ആ പാത്രങ്ങളിലേക്കു ഒന്നൂടെ കണ്ണോടിച്ച അര്‍നോള്‍ഡ് വല്യ ഗ്രാഹ്യമൊന്നുമില്ലേലും അതിന്റെ മതിപ്പു വില ആയിരമെങ്കിലും ഉണ്ടാവുമെന്നു കണക്കാക്കി.

ദ്വാരപാലകനോട് അര്‍നോള്‍ഡ് പതിയെ പറഞ്ഞു. “ഞാനൊരു കൈ നോക്കാന്‍ തീരുമാനിച്ചു”

അതുവരെ തമിഴ്സ്വാമിമാരുടെ ചെയ്തികള്‍ നിര്‍ന്നിമേഷം നോക്കി നിന്ന ദ്വാരപാലകനു ആ തീരുമാനം ശരിയോ തെറ്റോ എന്ന് ചിന്തിക്കാന്‍ പോലും ഇട കിട്ടുന്നതിന് മുന്‍പ് അര്‍നോള്‍ഡിന്റെ ആ വിളി ഉറക്കെ അന്തരീക്ഷത്തില്‍ ഒരു ശരണം വിളി പോലെ ഉയര്‍ന്നു.

“അമ്പതു രൂപ”

ഒരു നിമിഷത്തേക്ക് അവിടം നിശ്ശബ്ദമായി.

തമിഴ്സ്വാമിമാര്‍ മുഖത്തോടു മുഖം നോക്കി. അങ്ങിനെ ഒരു വിളി, അതവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു വ്യക്തം, അര്‍നോള്‍ഡ് തലയുയര്‍ത്തി അവരുടെ മുന്നില്‍ നിന്നു. ഒരു വെല്ലുവിളി അതും മലയാളനാട്ടില്‍ വച്ചു മലയാളത്താന്റെ കയ്യില്‍ നിന്നും. തമിഴ് രക്തം ജ്വലിച്ചു കാണണം.

“അയമ്പത്തി ഒണ്ണു” അതാ ഒരു മറുവിളി.

“അറുപതു” അര്‍നോള്‍ഡിന്റെ വക.

“എളുപതു” തമിഴ്മകനാരുടേയോ വക. അങ്ങിനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ..

എല്ലാ‍രുടെ കയ്യില്‍ നിന്നും വേണ്ടത്ര പണം പെട്ടെന്നു കളക്റ്റ് ചെയ്തു കൊടുക്കാനും ആ കടം നാട്ടില്‍ ചെന്ന ശേഷം ഈ പാത്രങ്ങള്‍ വിറ്റ് വീട്ടാം എന്നും ദ്വാരപാലകനോട് നിര്‍ദ്ദേശിച്ച ശേഷം അര്‍നോള്‍ഡ് തിരികെ ലേലത്തിലേക്കു കടന്നു.

“നൂറ്”

അന്തിച്ചു നിന്ന തമിഴ്സ്വാമിമാര്‍ തമ്മില്‍ത്തമ്മില്‍ സ്വകാര്യം പറയാന്‍ തുടങ്ങി. എത്ര വിളിച്ചാലും ലേലം താന്‍ തന്നെ നേടുമെന്ന ആത്മവിശ്വാസത്തോടെ നിന്ന അര്‍നോള്‍ഡിനെ നോക്കുംന്തോറും തമിഴ്സ്വാമിമാരുടെ ലേലംവിളികളും അവരുടെ സ്വരത്തിലെ കനവും കുറഞ്ഞു വന്നു.

“നൂറ്റ്രിയൊണ്ണ്” ഒരു വിളി കൂടെ. അവരുടെയിടയില്‍ നിന്നും അഭിമാനം രക്ഷിക്കാനെന്നവണ്ണം ഉയ്ര്ന്നു.

അതിനെ അപ്പാടെ തകര്‍ത്തു കൊണ്ട് അര്‍നോള്‍ഡ്: “ നൂറ്റിയമ്പതു”

അപ്പോഴെക്കും മലയാളസംഘത്തിലെ സ്വാമിമാരും ദ്വാരപാലകനില്‍ നിന്നും വിവരമറിഞ്ഞവിടെയെത്തി.

ആ വിളിയോടെ ആകെ തകര്‍ന്ന നിലയില്‍ നിന്ന തമിഴ്സ്വാമിമാരുടെ വിളറിയ മുഖങ്ങളിലേക്കു അവസാനിപ്പിക്കാമെന്ന മട്ടില്‍ ലേലം തുടങ്ങിയ സ്വാമിയാര്‍ സിഗ്നല്‍ കാണിച്ചു.

ലേലം അങ്ങിനെ ഒരു മലയാളപയല്‍ നേടിയിരിക്കുന്നു അതും ശാസ്താവിന്റെ തട്ടകത്തില്‍ വച്ചു. അര്‍നോള്‍ഡ് പാത്രങ്ങളുടെ അടുത്തു ചെന്ന് എണ്ണമെടുത്തു. ഇതെല്ലാം കൊണ്ടുപോകേണ്ട വിധത്തിനെക്കുറിച്ചാലോചിച്ച് നില്‍ക്കെ…. അതാ….
ലേലം വിളി തുടങ്ങിയ സ്വാമിയാര്‍ ഒരു എച്ചിലിലയും തൂക്കി അര്‍നോള്‍ഡിനടുത്തേക്കു.

ഒന്നും മനസ്സിലാവാതെ പകച്ചു നിന്ന അര്‍നോള്‍ഡിനടിന്റെ ചെവിട്ടില്‍ പെരിയോന്‍ മന്തിച്ചു.

“എടാ വിഡ്ഡികൂശ്മാണ്ഡമേ.. നീ ഇത്രയും നേരം ലേലം വിളിച്ചതു അവരുടെ ഗുരുസ്വാമി ഭക്ഷണം കഴിച്ച ഇലയ്ക്കു വേണ്ടിയാണ്. “
“ഇതവരുടെ ഒരു ചടങ്ങാണ്.“

കൂടുതല്‍ വിസ്തരിച്ചെങ്കിലും പിന്നീടുള്ള വാക്കുകള്‍ അര്‍നോള്‍ഡിന്റെ ചെവിയിലൂടെ കേറിയോ ആവോ…

അവരുടെ ഗുരുസ്വാമിയാവട്ടെ മലയാളനാട്ടില്‍ വരെ തന്റെ പേരും പെരുമയും പരന്നിട്ടുണ്ടെന്ന പുതിയ അറിവില്‍ ഗര്‍വ്വോടെ, അങ്ങേയറ്റം അഭിമാനത്തോടെ തലയുയര്‍ത്തിയിരുന്നു.

ശിഷ്ടം ചിന്ത്യം.

3 മാലോകരുടെ അഭിപ്രായങ്ങള്‍:

jayadevpn said...

Samayeeee saranam ayyappa... rajesh sameye nirbhayam niratharam thudarnolu ....... Ayyapan undu koodeee...

Sandeep Menon said...

ha ha ha.... valare nannayittundu... Officil serious atmosphere-il, chiri adakkan pattunnundayirunnilla!!!... all were lukin at me!!... Arnold!!!...

Unknown said...

Ha ha ha hi hi ....office il irunnu chirichu mathiyayi......assalayi..nammal aaltharayil irunnu katha paranju ketta oru feelings.............