“അസ്സലാമു അലൈക്കും”
“വ അലൈക്കും ഉസ്സലാം”
“സുബഹ് ഖൈര്‍…… രാജേഷ് ഭായ്…” (Good Morning)
“സുബഹ് നൂര്‍… മബ്റൂക് ഭായ്” (Good Morning)
“കേ ഫാലെക് ?” (How are you?)
“സൈയിന്‍. കൈസേ ഹൈ ആപ്?” (Fine. How are you?)
“സൈയിന്‍. ഫാമിലി സബ് ഖൈരിയത്? “ (Fine. Family all ok?)
“ഹാം. സബ് ഖൈരിയത് മെം” (Yes. All are fine)
എന്റെ പ്രവാസജീവിതത്തിലെ ഒരു സാധാരണ പ്രവൃത്തി ദിവസത്തിന്റെ തുടക്കം.
മബ്റൂക് സംഗൂര്‍ ഞങ്ങളുടെ കമ്പനിയുടെ പ്രൊ ആണ്‍. പ്രൊ എന്നു വച്ചാല്‍ പി.ആര്‍.ഒ. Public Relations Officer എന്നൊക്കെ നിങ്ങള്‍ വിചാരിച്ചെങ്കില്‍ തെറ്റി. പ്യൂണിനെ റീപ്ലേസ് ചെയ്ത ഒരാള്‍…. അത്രേയുള്ളൂ. എന്നു വച്ചു പ്യൂണ്‍ ജോലികളായി അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ചായ ഉണ്ടാക്കല്‍, ഓഫീസ് ടേബിള്‍സ് മറ്റും വൃത്തിയാക്കല്‍, ബോസ്സിന്റെ പെട്ടിയും മറ്റും കാറില്‍ നിന്നും എടുത്തു കാബിനിലേക്കും തിരിച്ചും എത്തിയ്ക്കല്‍ ഈ വക ജോലികളൊന്നും ഇദ്ദേഹത്തിന്റെ ജോബ് പ്രൊഫൈലില്‍ പെട്ടതായിരുന്നില്ല.
ഓഫീസ്ക്കാര്യങ്ങള്‍ക്കു വേണ്ടി മന്ത്രാലയങ്ങളിലും മറ്റും പോകുന്നതു മബ്റൂക്കിന്റെ ചുമതലയില്‍ പെട്ടതാണ്. കൂടാതെ കമ്പനിക്കു വേണ്ട കളക്ഷന്‍സ് ആന്‍ഡ് ഡെലിവറീസ്, പോസ്റ്റോഫീസ് കാര്യങ്ങള്‍ ഒക്കെ കക്ഷി ചെയ്യും. പിന്നെ ഓഫീസ് ടൈമില്‍ പുറത്തു പോകാന്‍ പറ്റാത്ത സ്റ്റാഫിന്റെ എന്തെങ്കിലും പേഴ്സണല്‍ കാര്യങ്ങളും അവരുമായി അപ്പോഴുള്ള റിലേഷന്‍ പോലെ പുള്ളി ചെയ്യും.
രാവിലെ തന്നെ ഓഫീസില്‍ വന്നു എല്ലാരുടെയും അടുത്തു ചെന്നു സൌഖ്യം അന്വേഷിക്കും. അതൊരു പതിവാണ്. ഭായ് എന്നൊക്കെ എന്നെ വിളിക്കുമെങ്കിലും കക്ഷിക്കു എന്റെ പിതാജിയുടെ പ്രായമുണ്ട്. എന്നിരുന്നാലും ചെറുപ്പക്കാരെന്നഹങ്കരിക്കുന്ന എന്റെയും എന്റെ തലമുറയിലുള്ള മറ്റാരേക്കാളും ചുറുചുറുക്കും കാര്യക്ഷമതയും മബ്റൂക്കിനുണ്ട്. കൃശഗാത്രന്‍, ഗള്‍ഫ്സൂര്യന്‍ ഇഷ്ടം കൂടി ഉമ്മ വച്ചതോണ്ടാവണം പുള്ളിക്കു ഏഴഴകുള്ള കറുപ്പ് നിറം ലഭിച്ചതു. പക്ഷേ തന്റെ പ്രവര്‍ത്തനശൈലിയില്‍… പെരുമാറ്റത്തില്‍… ഒന്നും ആ നിറം കലരാതിരിയ്ക്കാന്‍ തികച്ചും ദൈവവിശ്വാസിയായ മബ്റൂക് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മബ്റൂക് എഴുത്തും വായനയും ഒന്നും പഠിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്തു അതൊന്നും വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നില്ല. അങ്ങിനെയുള്ള ആള്‍ക്കാര്‍ ഉള്ളതിനാലാണല്ലോ മലയാളികള്‍ മാത്രമല്ല പല വിദേശികളും ഇവിടെ ധാരാളം എത്തിചേര്‍ന്നതു. തന്റെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയം വഴിയും കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം മൂലവും അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും വായിക്കാന് മബ്റൂക് പഠിച്ചെടുത്തു. പക്ഷേ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ സാധാരണ മറ്റാളുകളുടെ സഹായം തേടും. പക്ഷേ എഴുത്തും വായനയും പഠിച്ചിട്ടുള്ള ഇന്നാട്ടിലെ ഏതു പുതുതലമുറക്കാരനേയും നാണിപ്പിക്കും വിധം കാര്യങ്ങളൊക്കെ നടത്തി വരാന്‍ പുള്ളിക്കു കഴിയും. അതു കൊണ്ടു തന്നെയാണല്ലോ 30 വര്‍ഷത്തോളമായി ഞങ്ങളുടെ കമ്പനിയില്‍ ഇദ്ദേഹം തുടരുന്നതു. തദ്ദേശീയ ഭാഷയായ അറബിക് കൂടാതെ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളും ഇദ്ദേഹം മനോഹരമായി സംസാരിയ്ക്കും. അതു കൂടാതെ അല്‍പ്പസ്വല്പം മറ്റു ചില ഇന്ത്യന്‍ ഭാഷകളും പല ഇന്ത്യന്‍ കൂലിവേലക്കാരുമായുള്ള സഹവര്‍ത്തിത്വം വഴി വശത്താക്കിയിട്ടുണ്ട്.
അങ്ങിനെയിരിക്കെ വേനല്‍ക്കാലമെത്തി. ഗള്‍ഫിലെ ചൂടിനെക്കുറിച്ചു ഏതെങ്കിലും മലയാളിയെ പറഞ്ഞു മനസ്സിലാക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും അറിയാത്തവര്‍ക്കായി ഒരു ചെറിയ വിവരണം. സൂര്യരശ്മികള്‍ അവയുടെ അതുഗ്രശക്തിയില്‍ അര്‍മാദിച്ചു നടക്കുന്ന സമയം. പകലിനു ദൈര്‍ഘ്യം കൂടിയ ദിവസങ്ങള്‍. രാവിലെ 4 മണിയാകുമ്പോഴേ സൂര്യരശ്മികള്‍ എത്തിനോട്ടം തുടങ്ങും. പിന്നെ വൈകുന്നരമായെന്നു തോന്നണമെങ്കില്‍ 7 എങ്കിലുമാവണം. ടാപ്പില്‍ നിന്നും പകല്‍ സമയത്തു തിളച്ച വെള്ളം മാത്രം ഒഴുകുന്നു. അതു കൊണ്ടു തന്നെ ആ സമയത്തു ടോയലറ്റില്‍ പോകണമെങ്കില്‍ രണ്ടാമതൊന്നു ആലോചിച്ചുപോകും.
ഇവിടുത്തെ സ്കൂളുകള്‍ മധ്യവേനലവധിക്കായി അടച്ചു. കുടുംബങ്ങളായി ഇവിടെ താമസിയ്ക്കുന്നവര്‍ നാട്ടിലേക്കു അവധിയെടുത്തു പോകുന്ന സമയം. ഞങ്ങളുടെ ഓഫീസിലെ ഒരു മലയാളി സഹപ്രവര്‍ത്തകന്‍ ജയരാജന്‍ അവധിയെടുത്തു നാട്ടിലേയ്ക്കു പോയി. ഇന്ത്യയിലേയ്ക്കുള്ള ഒട്ടു മിക്ക ഫ്ലൈറ്റുകളും പാതിരാത്രിയ്ക്കാണു. അവിടെ വെളുപ്പിനെ ലാന്‍ഡു ചെയ്യുന്നതിനാല്‍ നാട്ടിലേയ്കു പോകുന്നവര്‍ക്കു ഒരു ദിവസം മുഴുവനായി തന്നെ
ചിലവഴിക്കാനായി ലഭിക്കും. സാധാരണ ഏതെങ്കിലും സഹപ്രവര്‍ത്തകരോ അതോ അടുത്ത കൂട്ടുകാരോ മറ്റോ ആയിരിയ്ക്കും അങ്ങിനെ പോകുന്നവരെ എയര്‍പോര്‍ട്ടിലേയ്ക്കു കൊണ്ടു വിടുക. പക്ഷേ ജയരാജന്‍ അങ്ങിനെ ആരെയും ബുദ്ധിമുട്ടിയ്ക്കുന്നതില്‍ അത്ര തല്പരനല്ലാത്തതിനാല്‍ കമ്പനി നല്‍കിയിരിയ്ക്കുന്ന കാര്‍ സ്വയം ഡ്രൈവ് ചെയ്തു പോകുകയാണു സാധാരണ ചെയ്യുക. അതിനു ശേഷം അവിടെ കാര്‍പാര്‍ക്കില്‍ ഉള്ള ആ കാര്‍ അടുത്ത പ്രവര്‍ത്തി ദിവസം മബ്റൂക്കിനെയോ മറ്റോ ഡ്യൂപ്ലിക്കേറ്റ് കീ കൊടുത്തു വിട്ടു തിരിച്ചെടുപ്പിച്ചു ഓഫീസിനു മുന്നില്‍ പാര്‍ക്കു ചെയ്യിപ്പിക്കും.
അത്തവണ മബ്റൂക്കിനെ കാര്‍ എയ്ര്പോര്‍ട്ടില്‍ നിന്നും എടുപ്പിയ്ക്കാനേല്‍പ്പിച്ചു. കാറിന്റെ നമ്പര്‍ “A M 4167” എന്നെഴുതിയ കുറിപ്പും ഏല്‍പ്പിച്ചു. വേറൊരു സഹപ്രവര്‍ത്തകന്‍ ആനന്ദ് ഇദ്ദേഹത്തെ എയര്‍പോര്‍ട്ടിലെ കാര്‍പാര്‍ക്കിനു മുന്നില്‍ കൊണ്ടാക്കി തിരിച്ചു പോന്നു. കുറച്ചു സമയത്തിനു ശേഷം മബ്റൂക്കിന്റെ മൊബൈലില്‍ നിന്നും ഫോണ്‍ ഓഫീസിലേയ്ക്കു.
“രാജേഷ് ഭായ്… യേ ക്യാ കിയാ ആപ് ലോഗ്?” (Rajesh bhai, what you people did to me)
“ക്യോം? ക്യാ ഹോ ഗയാ?” (Why? What happened?)
“മെം ഇധര്‍ ധൂപ് മെം ഘടാ ഹും. ഉസ്കാ കാര്‍ ഇധര്‍ നഹിം ഹേ.”
(Am standing under the sunlight. His car is not here.)
“ഐസാ നഹി ഹോ സക്താ… കാര്‍ തോ ഉധര്‍ ഹി പടാ ഹേ.“
(That could not happen. Car should be there itself.)
“നഹി ഭൈയ്യാ… സബി ജഗഹ് ഹം നെ ഡൂംഡാ… തുംകോ മാലൂം ഹേ നാ, യേ പാര്‍ക്കിംഗ് ബഹുത് ബടാ ഹൈ. ഹര്‍ ലൈന്‍ ഹം പൈദല്‍ ജാകെ ഡൂംഡാ. ഇധര്‍ നഹി മിലാ.”
(No bhai. I searched everywhere. You know that the parking lot is very huge. I searched in every line but couldn’t find.)
“ലേകിന്‍ ജയ് (ജയരാജ്) നേ ബോലാ ധാ കി ഉധര്‍ കാര്‍ ഛോട്കെ ജായേഗാ. തോ ഉധര്‍ ഹി ഹോ ന മാംഗ്താ ഹൈ”
(But Jai told me that he would leave his car there and go. So it should be there itself)
മബ് റൂക്കിനു ഇത്രയുമായപ്പോഴേയ്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു. സൂര്യന്‍ തലയ്ക്കു മുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. ശരീരത്തിലെ സകല രോമകൂപങ്ങളില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുകയല്ല ഒഴുകുക തന്നെയായിരുന്നു. ഒരു മഴയില്‍ നനഞ്ഞതു പോലെ വിയര്‍പ്പില്‍ കുതിര്‍ന്ന നീളമുള്ള വെള്ള കന്തൂറ (ഇവിടത്തെ സ്വദേശികളായ ആണുങ്ങള്‍ ധരിയ്ക്കുന്ന വസ്ത്രം) ശരീരത്തോടു ഒട്ടിചേര്‍ന്നു കഴിഞ്ഞു. ജലാംശം നഷ്ടപ്പെടുക വഴി പ്രായം ചെന്ന ആ ദേഹം തളര്‍ന്നു തുടങ്ങിയിരുന്നു. കാര്‍ പാര്‍ക്കിംഗ് ഒരു പ്ലെയിന്‍ ഗ്രൌണ്ട് ആയതിനാല്‍ ഒരു തരി തണലു പോലും ലഭ്യമല്ല. രണ്ടു മൂന്നു വട്ടം ആ പാര്‍ക്കിംഗില്‍ തലങ്ങും വിലങ്ങും കാറും തപ്പി ചുറ്റിയടിച്ച ആശാന്റെ ശരീരം ബാര്‍ബേക്യു-വിനു വച്ച മട്ടന്റെ കഷണങ്ങള്‍ പോലെ പുറം വെന്തു തുടങ്ങിയിരുന്നു. അത്തരമൊരു അവസ്ഥയില്‍ പുള്ളിയെന്നല്ല ഏതു വിഭീഷണനും പൊട്ടിത്തെറിച്ചു പോകും. കുറ്റം പറയാന്‍ പറ്റുകേല.
“ഹം നേ ബോലാ ന ഇധര്‍ നഹി മിലാ കര്‍കേ..”
(I told you that I couldn’t find it.)
“ശായദ് ആപ്നേ ഗാടി കാ നമ്പര്‍ ഗലത് ദേഖാ തോ…?”
(May be you searched a wrong numbered car)
“തും ഹി തോ ദിയാനാ ലിഖ് കേ? അഗര്‍ ഉസ്മേം ഗലതി ഹേ തോ……”
(You only gave me the number in writing. If that is wrong then……)
“നഹി. നഹി. ഉസ്മേം ഗലതി നഹി ഹേ…”
(No. No. That’s not wrong)
“തബ് തോ ഹം ഇധര്‍ കാ കോനാ കോനാ ഡൂംഡാ. ഹംകോ പക്കാ യക്കീന്‍ ഹേ. കാര്‍ ഇധര്‍ നഹി ഹേ. അഗര്‍ തുംകോ ഫിര്‍ ഭി ഹം പെ യക്കീന്‍ നഹി ഹേ തൊ, ഇധര്‍ ആകെ ഡൂംഡോ. അഭി തും ഹംകോ പിക്-അപ് കര്‍നേ കേലിയേ കോയി ഗാടി ജല്‍ദി ബേജോ. കുഛ് ദേര്‍ ഹോ ഗയാ തൊ ഹമാരേ ലിയേ ആംബുലന്‍സ് ബേജ്നാ പടേഗാ..
(Then I searched every corner here. I am pretty sure that car is not here. If you don’t believe me, come and search. Now you send me a vehicle to pick me up. If you delay it, you may need an ambulance later)
“ഡോണ്ട് വറി. അഭി ഗാടി ബേജേഗാ.”
(Don’t worry. Will send a vehicle shortly)
മബ്റൂക്കിനെ പിക്-അപ് ചെയ്യാനായി ഒരു കസ്റ്റമര്‍ വിസിറ്റിനു പോയ ആനന്ദിനോട് അതു വിട്ട് ഉടന്‍ തിരിച്ചു ചെല്ലാന്‍ ഏല്‍പ്പിച്ചു. ഉടന്‍ തിരിച്ചു ചെന്ന ആനന്ദ് കണ്ടതു എയര്‍പോര്‍ട്ടിനു മുന്നില്‍ മോടി കൂട്ടാനായി നട്ടു പിടിപ്പിച്ച പുല്‍ത്തകിടിയില്‍ ഒരു പനമരത്തിന്റെ ചെറിയ തണലും പറ്റി വാടി തളര്‍ന്നു കിടക്കുന്ന മബ്റൂക്കിനെയാണു. ആ കിടപ്പു കണ്ട ആനന്ദ് ഒരു നിമിഷം പുള്ളി തട്ടിപ്പോയിരിക്കുമോ എന്നു സംശയിക്കുകയും തദ്വാരാ വന്നു ചേരാവുന്ന പോലീസ് സഹവാസത്തെയും ജയിലില്‍ വിദേശീയര്‍ക്കുള്ള സൌകര്യങ്ങളെയും പറ്റി ആലോചിക്കുകയും ചെയ്തു, ഇന്നാട്ടിലെ പോലീസില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ അന്തര്‍ദ്ദേശീയ ഭാഷയായ ഇംഗ്ലീഷ് വശമുള്ളൂ എന്നതിനാലും തദ്ദേശീയ ഭാഷയായ അറബിക് തനിക്കു ഒട്ടും വശമില്ലാത്തതിനാലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും മറ്റും കമ്പനിയെ പ്രതിനിധീകരിയ്ക്കുന്ന വ്യക്തിത്വം തൊട്ടു മുന്‍പില്‍ വഴിവക്കില്‍ വളഞ്ഞൊടിഞ്ഞു കിടക്കുന്നതിനാല്‍ വേറാരും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനില്ലാത്തതിനാലും, അങ്ങിനെയൊക്കെ ആനന്ദ് എന്നല്ല വേറെ ആരായാലും ചിന്തിച്ചു പോകും.
ഒരു നിമിഷത്തേക്കെങ്കിലും ഈ പണിയേല്‍പ്പിച്ച എന്നെ ആനന്ദ് മനസ്സില്‍ ശപിച്ചു പോയി. മാത്രമല്ല താന്‍ കസ്റ്റമര്‍ മീറ്റിംഗിലാണെന്നും ഇപ്പോ തിരിച്ചു വരാന്‍ പറ്റില്ലയെന്നും അതു കൊണ്ട് വേറെയാരെയെങ്കിലും പിക്-അപിനായി അറേഞ്ചു ചെയ്യണമന്നും ഉടനടി പറയാന്‍ തോന്നാഞ്ഞ തന്റെ ബുദ്ധിശൂന്യതയെ പഴിച്ചും കൊണ്ട് മബ്റൂക്കിനടുത്തേയ്ക്കു ആനന്ദ് ചെന്നു. അടുത്തു ചെന്നതും മബ്റൂക് പതുക്കെ തലയുയര്‍ത്തി നോക്കി, അതു കണ്ടതോടെ ശ്വാസം നേരെ വീണ ആനന്ദ് പുള്ളിയെ പതുക്കെ താങ്ങിപ്പിടിച്ചെണീപ്പിച്ചു തന്റെ കാറില്‍ കൊണ്ടിരുത്തി. കാറില്‍ സ്റ്റോക്ക് ചെയ്തു വച്ചിരുന്ന മിനറല്‍ വാട്ടരിന്റെ 2 കുപ്പി വെള്ളം പുള്ളി ഉടനടി അകത്താക്കി. ജീവന്‍ വച്ച പുള്ളിയെ കാറില്‍ തന്നെ ഇരുത്തി ജയരാജന്റെ കാറും തപ്പി ആനന്ദ് പോയി.
ഒന്നാമത്തെ ലൈനില്‍ തന്നെ അഞ്ചാമതു അതാ കിടക്കുന്നു ജയരാജന്റെ കാര്‍. ഇതു കണ്ട് അടിമുടി അരിശം വന്ന ആനന്ദ് ആകെ തളര്‍ന്നിരിയ്ക്കുന്ന മബ്റൂക്കിനെ ഒന്നും പറയാതെ ഓഫീസിലിരിയ്ക്കുന്ന എന്നെ വിളിച്ചു,
“Dey… what this fellow is searching yaar? The car is lying in the first line itself. See.. my day is spoiled with this. Missed an important meeting. If I have to come and do all these work, then why we should have such people in our office? Anyway, I will ask him to drive back to office with my car and I will take Jay’s car.”
“Don’t know why he couldn’t find the car even being in the front line itself. Quite surprising. He told that he searched the whole lot and couldn’t find. That’s why I called you to go back and pick him.”
മബ്റൂക്കിനോടു ആ കാര്‍ ഡ്രൈവ് ചെയ്തു ഓഫീസിലേയ്ക്കു പോകാനേല്‍പ്പിച്ച ശേഷം ആനന്ദ് തന്റെ കസ്റ്റമറുടെ അടുത്തേയ്ക്കു ജയ്-ന്റെ കാറില്‍ പോയി.
തിരികെ വന്ന മബ്റൂക്കിനോടു ആദ്യത്തെ രോഷമെല്ലാം കഴിഞ്ഞ ശേഷം ചോദിച്ചു എന്തു കൊണ്ട് കാര്‍ കണ്ടുപിടിയ്ക്കാന്‍ പറ്റിയില്ലായെന്നു. പുള്ളിയപ്പോഴും പറഞ്ഞതു എഴുതി തന്ന നമ്പറിലുള്ള കാര്‍ ആ പാര്‍ക്കിംഗ് ലോട്ടില്‍ ഇല്ലായിരുന്നു എന്നു തന്നെ, പക്ഷേ ആനന്ദ് ചെന്നയുടനെ തന്നെ കണ്ടല്ലോ എന്നു പറഞ്ഞപ്പോള്‍ വേറെ നമ്പറാവും കാറിന്‍ എന്നാണ്‍ മറുപടി വന്നതു.
അതെങ്ങിനെ സംഭവിയ്ക്കും. എനിയ്ക്കാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ശരിയായി തന്നെയാണല്ലോ എഴുതികൊടുത്തതു. പിന്നെങ്ങിനെ? ഒന്നു കൂടി നോക്കി കളയാം എന്നു കരുതി മബ്റൂക്കിനോട് ആ നമ്പര്‍ ഒന്നു കൂടി വായിക്കാന്‍ പറഞ്ഞു. കയ്യിലിരുന്ന സ്ലിപ് നോക്കി മബ്റൂക് വായിച്ചു. “A M 416”.
ഞാന്‍ കയ്യിലിരുന്ന സ്ലിപ് മേടിച്ചു നോക്കി. “A M 4167” എന്നു വടിവൊത്ത രീതിയില്‍ എഴുതിയിട്ടുണ്ട്.
ഞാന്‍ ചോദിച്ചു; “7 ഭി ലിഖാ ഹേ. നഹിം ദേഖാ ക്യാ?” (7 also written. You didn’t see that?)
മബ്റൂക് : “ യെ 7 കെ ഊപര്‍ സെ ക്രോസ് കര്‍കെ കാന്‍സല്‍ കിയാ ഹേ നാ.” (That 7 is crossed out and its cancelled)
ഞാന്‍ ഒന്നു കൂടി നോക്കി. ശരിയാണ്. എന്റെ ഒരു സ്റ്റൈലില്‍ എഴുതിയതാണ്. “7” എഴുതിയ ശേഷം ഒരു ചെറിയ വര നടുവിലൂടെ വരയ്ക്കുക എന്നൊരു ശീലം എനിയ്ക്കുണ്ട്. അതൊരു പ്രശ്നമാകുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. കൂടുതല്‍ സംസാരിയ്ക്കാന്‍ നിന്നാല്‍ പ്രതി ഞാനാകുമെന്നതിനാലും തദ്ദേശീയരെ ജോലിസ്ഥലത്തു പീഢിപ്പിച്ചാലുള്ള ശിക്ഷ ഇത്തിരി കഠിനമാണെന്നതിനാലും ആ സംസാരം അവിടെ വച്ചു അവസാനിപ്പിച്ചു.
ഏഴിനു കുറുകെ വര വരയ്ക്കുന്നതു ദു:ശ്ശീലമാണെന്നും അതു ജീവിതത്തില്‍ പല അനിഷ്ട സംഭവങ്ങള്‍ക്കിട വരുത്താമെന്നും അന്നത്തെ അനുഭവം എന്നെ പഠിപ്പിച്ചു.
Tuesday, January 15, 2008
മബ്റൂക് സംഗൂര്‍
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 1:25 AM 6 മാലോകരുടെ അഭിപ്രായങ്ങള്‍
Sunday, January 6, 2008
രമണീയം
എല്ലാവര്‍ക്കും വൈറ്റ് കോളര്‍ ജോലി സാദ്ധ്യമാണോ? അല്ല. അതു കൊണ്ടു തന്നെ രമണന്‍ തന്റെ ഉപജീവിതത്തിനായി ബിസിനസ്സ് തന്നെ ചെയ്യുമെന്ന് വിദ്യാഭ്യാസകാലത്തു തന്നെ തീരുമാനിച്ചിരുന്നു. തന്റെ പ്രോഗ്രസ് കാര്‍ഡിലെ മാര്‍ക്കുകള്‍ അതിനപ്പുറത്തേക്കൊന്നും തന്നെ കൊണ്ടുപോകില്ലെന്ന് രമണനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. ആ തീരുമാനം ശരിയെന്ന് അതു പലതവണ കണ്ടു മനം മടുത്ത രമണന്റെ മാതാപിതാക്കളും ശരി വച്ചു.
പക്ഷേ… എന്തു ബിസിനസ്സ്? പലതും പലരും നിര്‍ദ്ദേശിച്ചു. വളരെയധികമൊന്നും മുടക്കുമുതലായി ഇറക്കാനില്ലാത്ത രമണന്‍ അതു കൊണ്ടു തന്നെ ഒരു അംബാനി ലെവല്‍ കളികള്‍ക്കൊന്നും ശ്രമിക്കാതെ കൊക്കിലൊതുങ്ങുന്ന തരത്തില്‍ ഒരു ചെറിയ പലചരക്കുകട തുടങ്ങാന്‍ തീരുമാനിച്ചു.
രമണന്റെ വീടു നാഷണല്‍ ഹൈവേക്കു സമീപമാണു. ഹൈവേയുടെ ഭാഗത്തുള്ള മതില്‍ തട്ടിക്കളഞ്ഞു ഒരു ചെറിയ കട പണിതു അവിടെ കച്ചവടം ഏറ്റവുമടുത്തുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ആരംഭിച്ചു. ഹൈവേ റോഡിനെ അഭിമുഖീകരിച്ചാണ് കടയെങ്കിലും തീരെ അപ്രധാനമായ ഒരു ഭാഗമായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ രണ്ടു ബസ് സ്റ്റോപ്പുകള്‍ക്കിടയില്‍ വണ്ടികള്‍ക്കൊന്നിനും, എന്തിനു ഒരു സൈക്കിളിനുപോലും തീരെ പാര്‍ക്കു ചെയ്യാന്‍ സൌകര്യമില്ലാത്ത ഒരിടം. രണ്ട് ബസുകള്‍, ഒന്ന് ഒന്നിനു അഭിമുഖമായി വന്നാല്‍ രമണന്റെ കട മൂടോടെ എടുത്തു മാറ്റാന്‍ ഇടയുള്ള ഒരു ഇടുങ്ങിയ റോഡിലേയ്ക്കാണു രമണന്റെ കട ഉറ്റു നോക്കിയിരിക്കുന്നതു.
എന്തായാലും അഷ്ടിക്കുള്ള വക അവിടെ നിന്നും ഉണ്ടാക്കാന്‍ രമണനു കഴിഞ്ഞിരുന്നു. കൊല്ലങ്ങള്‍ അങ്ങിനെ കടന്നു പോയി. രമണന്‍ വിവാഹിത്നാവുകയും ആ ദാമ്പത്യവല്ലരി രണ്ടു പ്രാവശ്യം പുഷ്പിക്കുകയും ചെയ്തു.
രമണന്റെ മേജര്‍ കസ്റ്റമേഴ്സ് തൊട്ടടുത്തു തന്നെയുള്ള ചില വീട്ടുകാര്‍ ആയിരുന്നു. അപൂര്‍വ്വം ചില വാക്-ഇന്‍-കസ്റ്റ്മേഴ്സിന്റെ കച്ചവടവും ലഭിച്ചിരുന്നു. തന്റെ കടയുടെ എക്സിസ്റ്റന്‍സ് കൂടുതല്‍ ആള്‍ക്കാര്‍ ആ കാലയളവിനുള്ളില്‍ മനസ്സിലാക്കിത്തുടങ്ങിയതു കൊണ്ടും അല്പം ദൂരെ നിന്നുള്ള താമസക്കാര്‍ പോലും ചെറിയ ചെറിയ പര്‍ച്ചേസുകള്‍ക്കായി തന്റെ കടയിലേക്കു വന്നു തുടങ്ങിയതു കൊണ്ടും തന്റെ കടയിലെ സ്റ്റോക്ക് ചില അഭ്യുദയകാംക്ഷികളുടെ ഉപദേശം മൂലം കുറച്ചു വര്‍ദ്ധിപ്പിച്ച സമയം.
ഒരു ദിവസം രാവിലെ കട തുറന്നു അന്നത്തെ കന്നിക്കച്ചവടം കാത്തിരിക്കുന്ന സമയം. ഒരു കാര്‍ അതാ തന്റെ കടയുടെ മുന്‍പില്‍ വന്നു നില്‍ക്കുന്നു. മാന്യമായി വസ്ത്രധാരണം ചെയ്ത രണ്ടു പേര്‍ കാറില്‍ നിന്നും ഇറങ്ങി കടയിലേക്കു കയറി. പ്രായം നാല്പതിനു മേല്‍ മതിക്കും രണ്ടു പേര്‍ക്കും. കട ഒന്നാകെ ഒന്നു നിരീക്ഷിച്ച ശേഷം അതിലൊരാള്‍ സംശയത്തോടെ ചോദിച്ചു.
“ഇവിടെ സാധനങ്ങള്‍ വേണ്ടത്ര സ്റ്റോക്കുണ്ടോ? “
“ഹൊ.. ചോദ്യം കേട്ടാല്‍ ഇവന്മാരേതോ കല്യാണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന പോലെ…” എന്നു മനസ്സിലോര്‍ത്തു കൊണ്ടും തന്റെ കടയെ വളരെ നിസ്സാരമായ രീതിയില്‍ കണ്ടതിലുള്ള നീരസം മുഖത്തു വരാതെ പാടുപെട്ടും രമണന്‍ തിരിച്ചു ചോദിച്ചു.
“അതിനു നിങ്ങള്‍ക്കെന്തൊക്കെയാണ് വേണ്ടതു?”
വന്നവരില്‍ മുതിര്‍ന്നയാള്‍ ഒരു നീണ്ട ലിസ്റ്റെടുത്തു രമണനു കൊടുത്തു. തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ രമണന്‍ നിന്നു. ഏകദേശം ഒരു കല്യാണസദ്യക്കു വേണ്ടത്ര സാധനങ്ങളെഴുതിയ ഒരു വലിയ ലിസ്റ്റ്. വിറയാര്‍ന്ന കയ്യുകളിലിരുന്ന് ലിസ്റ്റ് വിറക്കാന്‍ തുടങ്ങി. “ഈശ്വരാ… ജീവിതത്തിലാദ്യമായൊരു വലിയ കച്ചവടം നടത്താനൊരവസരം”.
വന്നവര്‍ക്കു ചായയും ഇരിക്കാനിരിപ്പിടവും ഓഫര്‍ ചെയ്ത രമണന്‍ ഒട്ടു മിക്ക സാധനങ്ങളും ലഭ്യമാണെന്നറിയിച്ചു. അപ്പോഴേക്കും വഴിയില്‍ വന്നയാളുകളുടെ കാര്‍ പാര്‍ക്കിംഗ് മൂലം ട്രാഫിക് ബ്ലോക് തുടങ്ങിയിരുന്നു. അപ്പോള്‍ അതിലെ മുതിര്‍ന്നയാള്‍ പറഞ്ഞു.
“പെട്ടെന്നു തീരുമാനിച്ച ഒരു വിവാഹനിശ്ചയത്തിനു വേണ്ട സാധനങ്ങളാണിതു. പലതും അറേഞ്ചു ചെയ്യാനുണ്ട്. ക്ഷണവും പൂര്‍ത്തിയായിട്ടില്ല. ഇതെല്ലാം റെഡിയാക്കാന്‍ എത്ര സമയമെടുക്കും ?”
“കുറച്ചധികം സമയം വേണം. ഞാനൊരാളല്ലേ ഉള്ളൂ.” രമണന്‍ പറഞ്ഞു.
“അതു ശരിയാവില്ല. നിങ്ങള്‍ സഹായത്തിനാരെയെങ്കിലും കൂടെ വിളിക്കൂ. എല്ലാം പെട്ടെന്നു വേണം.” വന്നയാളു പറഞ്ഞു.
രമണന്‍ ഉടന്‍ തന്നെ തന്റെ ഭാര്യയെയും കൂടെ ചന്തയില്‍ നിന്നും സാധനങ്ങളും മറ്റും കൊണ്ടുവരാന്‍ സഹായത്തിനായി വിളിക്കാറുള്ള ചന്തുവിനേയും ഹെല്‍പ്പിനായി ചെയ്യാനായി അറേഞ്ചു ചെയ്തു. ചന്തുവിനു ഒരു ദിവസത്തെ നാട്ടുനടപ്പനുസരിച്ചുള്ള കൂലിയും ഓഫര്‍ ചെയ്തു.
അപ്പോഴേക്കും മുതിര്‍ന്നയാള്‍ പറഞ്ഞു. “സാധനങ്ങളൊക്കെ പായ്ക് ചെയ്തോളൂ. ഞാനൊന്നു പോയിട്ടു വരാം. അടുത്തു കുറച്ചു പേരെ ക്ഷണിക്കാനുണ്ടു.” രണ്ടാമനെ ചൂണ്ടിക്കാണിച്ചു “ ഇയാള്‍ ഇവിടെ നില്‍ക്കും. ബാക്കി ഞാന്‍ വന്നിട്ടു കണക്കു തീര്‍ക്കാം”
ശരിയെന്നു രമണന്‍ തലകുലുക്കി സമ്മതിച്ചു. രമണനും ഭാര്യയും ചന്തുവും കൂടി മത്സരബുദ്ധിയോടെ പൊതികള്‍ കെട്ടാന്‍ തുടങ്ങി. അര മണിക്കൂര്‍ കടന്നു പോയി. ഇടയ്ക്കു കേറി വന്ന ചില്ലറ കച്ചവടങ്ങള്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാന്‍ സമയമില്ലെന്നു പറഞ്ഞു മടക്കിയയച്ചു. ആനക്കാര്യത്തിനെടേലാ… ചേനക്കാര്യം. പൂവാന്‍ പറയെന്നേ…
പായ്ക്കിംഗ് തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. ഷോര്‍ട്ടേജുള്ള ചില സാധനങ്ങള്‍ നോട്ട് ചെയ്തു അല്പം ദൂരെയുള്ള വേറൊരു കടയില് നിന്നും വേഗം വാങ്ങിവരാന്‍ വന്നയാളറിയാതെ ചന്തുവിനെ ചട്ടം കെട്ടി. അപ്പോഴാണ് ലിസ്റ്റിലെ വെളിച്ചെണ്ണയുടെ ക്വാണ്ടിറ്റി രമണന്‍ ശ്രദ്ധിച്ചതു. 40 കിലോ. 15 കിലോയില്‍ കൂടുതല്‍ ഒരിക്കലും സ്റ്റോക്കു ചെയ്യാത്ത രമണന്‍ അതും ചന്തു ത്രൂ സംഘടിപ്പിക്കാമെന്നു കരുതി. പക്ഷേ അതിനു ജഗ്ഗ് എന്തെങ്കിലും വേണ്ടേ? വന്നയാളോടു ചോദിക്കാം.
“വെളിച്ചെണ്ണ കൊണ്ടുപോകാന്‍ ജഗ്ഗ് വല്ലതും കൊണ്ടു വന്നിട്ടുണ്ടൊ? രമണന്‍ ചോദിച്ചു.
“ഇല്ലാ..” വന്നയാള്‍ മൊഴിഞ്ഞു.
“പിന്നെങ്ങിനെ കൊണ്ടു പോകും?” രമണന്‍ ചോദിച്ചു. മാര്‍ഗ്ഗവും രമണന്‍ തന്നെ നിര്‍ദ്ദേശിച്ചു “ഒരു കാര്യം ചെയ്യൂ… അടുത്തുള്ള ജംഗ്ഷനിലേക്കു നടന്നാല്‍ ഒരു ഓട്ടോറിക്ഷ കിട്ടും. അതില്‍ കയറി പടിഞ്ഞാറുള്ള വെളിച്ചെണ്ണ മില്ലിലേക്ക് കൊണ്ടു വിടാന്‍ പറഞ്ഞാല്‍ കൃത്യമായി അവരെത്തിക്കും. അവിടെ നിന്നും ജഗ്ഗു സഹിതം എണ്ണ മേടിച്ചു പോരാം”
ചന്തുവിനെ പല സ്ഥലത്തേക്കു പറഞ്ഞു വിട്ടാലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് വളരെയൊന്നും അത്യാഗ്രഹമില്ലാത്ത ശുദ്ധാത്മാവായ രമണന്‍ ആ വഴി പറഞ്ഞുകൊടുത്തതു.
“പക്ഷേ… എന്റെ കയ്യില്‍ പൈസ ഒന്നുമില്ല. ക്യാഷെല്ലാം മറ്റേ പുള്ളിയുടെ കയ്യിലാണല്ലോ…” വന്നയാള്‍ തന്റെ നിസ്സഹായത വെളിവാക്കി. “ഇതു നേരത്തെ പറഞ്ഞിരുന്നെങ്കില്‍.. അയാളോടു എവിടെ നിന്നെങ്കിലും മേടിച്ചുകൊണ്ടു വരാന്‍ പറയാമായിരുന്നു”
മൊബൈല്‍ പോയിട്ട് ലാന്‍ഡ് ലൈനുകള്‍ പോലും പ്രചാരം നേടാത്ത കാലം. അല്ലേല്‍ ഈ പറഞ്ഞ കക്ഷിയെ നിമിഷനേരം കൊണ്ട് കാര്യം ധരിപ്പിക്കാമായിരുന്നു.
ഒരു നിമിഷം ശങ്കയോടെ രമണന്‍ നിന്നു, ഇനിയെന്തു ചെയ്യും. വന്ന ലക്ഷ്മിയെ അങ്ങിനെ പിണക്കാന്‍ മനസ്സു വരാഞ്ഞ രമണന്‍ അതിനും ഒരു പരിഹാരം കണ്ടെത്തി. ബാങ്കിലടയ്ക്കാന്‍ വലിപ്പില്‍ വച്ചിരുന്ന 4000 രൂപയില്‍ നിന്നും വെളിച്ചെണ്ണയുടെ അന്നത്തെ മാര്‍ക്കറ്റ് വിലയായ 55 രൂ/കിലോ വച്ചു 40 കിലോയുടെ വിലയായ 2200 രൂപയും ഓട്ടോചാര്‍ജ്ജായ 10 രൂപയും ചേര്‍ത്തു 2210 രൂപ കിറുകിറുത്യമായി ബ്രേക്-അപ് സഹിതം വന്നയാള്‍ക്കു നല്‍കിയയച്ചു. അയാള്‍ പോയതിനു തൊട്ടു പിന്നാലെ ചന്തുവും സാധനങ്ങള്‍ മേടിക്കാനിറങ്ങി.
പൊതികെട്ടല്‍ അനുസ്യൂതം തുടര്‍ന്നു. സാധനങ്ങള്‍ മേടിക്കാന്‍ പോയ ചന്തുവും അധികം വൈകാതെയെത്തി. വെളിച്ചെണ്ണക്കാരന്‍ എത്തുന്നതിനു മുന്‍പു തന്നെ ചന്തു എത്തിയതില്‍ ചന്തുവിനെ പ്രത്യേകം അഭിനന്ദിക്കാന്‍ രമണന്‍ മറന്നില്ല.
മണിക്കൂറൊന്നു കൂടി പിന്നിട്ടു. പായ്ക്കിംഗ് തീര്‍ത്തു എല്ലാവരും നടു നിവര്‍ത്തിക്കൊണ്ടു ദീര്‍ഘനിശ്വാസം വിട്ടു. ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും രമണന്‍ ബില്ല് തയ്യാറാക്കാന്‍ തുടങ്ങി. ഒട്ടും താമസിയാതെ കണക്കുകളും തയ്യാറായി. പക്ഷേ വാങ്ങേണ്ടവരെ കണ്ടില്ല.
സമയം വൈകുംതോറും രമണന്റെ ചങ്കിടിപ്പ് കൂടിത്തുടങ്ങി. ചന്തു ബഹളം കൂട്ടി അന്നത്തെ കൂലിയും വാങ്ങിപ്പോയി. പോയ രണ്ടു പേരും അമുല്‍ മില്‍ക്ക്പൌഡറിനെപ്പോലെ പൊടി പോലും കണ്ടുപിടിക്കാനില്ലാത്തതു പോലെ അപ്രത്യക്ഷമായി. കൂട്ടിലിട്ട വെരുകിനെപ്പോലെ രമണന്‍ കട വരാന്തയിലങ്ങോട്ടുമിങ്ങോട്ടും നടന്നു.
രാവിലെ മുതല്‍ പൊതിഞ്ഞു കുന്നു കൂട്ടിയ പൊതിക്കെട്ടുകളിലേക്ക് നോക്കുമ്പോഴൊക്കെ രമണന്റെ കാഴ്ച മങ്ങിതുടങ്ങി. അത്ര നേരത്തെ കഠിനാധ്വാനം.. ഇനിയതൊക്കെ തിരിച്ചു അതിന്റേതായ ചാക്കുകളിലേക്കു മാറ്റാന്‍ വേണ്ടി വരുന്ന അധ്വാനം, ഇതു മൂലം നഷ്ടപ്പെട്ട അന്നത്തെ മറ്റു ബിസിനസ്സ്, ചന്തുവിന്റെ പണിക്കൂലി, പുറത്തു നിന്നും അഡീഷണലായി മേടിച്ച സാധനങ്ങളും അവയുടെ വിലയും, ഇതിലെല്ലാം ഉപരി നഷ്ടപ്പെട്ട ബാങ്കിലടക്കാന്‍ വച്ചിരുന്ന രണ്ടായിരത്തി ചില്വാനം രൂപ… ഇതെല്ലാം മനസ്സിലേയ്ക്കോരോന്നായി കടന്നു വന്നതോടെ കൂടുതലൊന്നും പറയാനോ ചെയ്യാനോ ആവാതെ ശരീരം തളര്‍ന്നു രമണന്‍ താഴേയ്ക്കിരുന്നു.
രമണന്റെ ആ അവസ്ഥയില്‍ ചിരിയ്ക്കണോ സഹതപിയ്ക്കണോ എന്നു തീരുമാനിയ്ക്കാനാവാതെ സൂര്യന്‍ പടിഞ്ഞാറേയ്ക്ക് മറഞ്ഞു.
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 10:00 PM 1 മാലോകരുടെ അഭിപ്രായങ്ങള്‍
Tuesday, January 1, 2008
കണാരേട്ടന്‍
കണാരന്‍ എന്ന പേരും കള്ളുകുടിയും തമ്മില്‍ എന്തെങ്കിലും പൂര്‍വ്വജന്മബന്ധമുണ്ടോ എന്നെനിക്കറിഞ്ഞൂടാ. പക്ഷേ… ഞാന്‍ ഇതു വരെ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള എല്ലാ കണാരന്മാരും കള്ളുകുടിയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടായിരുന്നുവെന്നതു എനിക്കു തറപ്പിച്ചു പറയാന്‍ കഴിയും. ഇവരേവരും കഠിനാധ്വാനികളായ പുറം പണിക്കാരും ശുദ്ധന്മാരും നിരുപദ്രവികളും കൂടിയായിരുന്നു എന്നതു എടുത്തു പറയേണ്ട ഒന്നാണു.
അങ്ങിനെയുള്ള ഒരു കണാരനെ… അല്ല ഞങ്ങളുടെ കണാരേട്ടനെ ഞാന്‍ നിങ്ങള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നു. ഈ കണാരേട്ടന്‍ നല്ലൊരു പുറം പണിക്കാരനാണു. താന്‍ ചെയ്യുന്ന ജോലിയോടു അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. ആരോടും ഏതു സമയത്തും മനസ്സിലുള്ളതു വെട്ടി തുറന്നങ്ങു പറയും. അതെത്ര അപ്രിയമുണ്ടാക്കുന്നതായാലും. അതിരാവിലെ തന്നെ കുളിച്ചു കുറിയും തൊട്ടു ഐശ്വര്യത്തോടെ പുള്ളിയെത്തും. സന്ധ്യയാവാറായാല്‍ അന്നത്തെ കൂലിയും മേടിച്ചു പുഴക്കരയിലെ ഷാപ്പിലേക്കു വച്ചു പിടിക്കും. അവിടെ നിന്നും തരക്കേടില്ലാത്ത രീതിയില്‍ തല ഒന്നു പെരുക്കുന്നതു വരെ മിനുങ്ങിയ ശേഷം തിരിച്ചു തന്റെ വീട്ടിലേക്കു.
ആ വരവില്‍ വഴിയില്‍ കാണുന്ന ആള്‍ക്കാരോടും ജന്തുക്കളോടും മരങ്ങളോടും ചെടികളോടും വൈദ്യുതിബോര്‍ഡിന്റെ വിളക്കുകാലുകളോടും വരെ സംസാരിച്ചും തല്ലു പിടിച്ചും കണാരേട്ടന്‍ തന്റെ അന്നത്തെ ദിവസം ആഘോഷത്തോടെ അവസാനിപ്പിക്കും. ഈ സ്വഭാവം നന്നായി അറിയാവുന്ന നാട്ടുകാര്‍ കഴിയുന്നത്ര സായംകാലങ്ങളില്‍ ആ സ്വരൂപവുമായി ഒരു കണ്ടുമുട്ടല്‍ ഒഴിവാക്കിയിരുന്നു. എത്ര മിനുങ്ങിയാലും വഴി തെറ്റാതെ പരസഹായം കൂടാതെ വീടു പറ്റിയിരുന്നുവെന്നതും ആരെയും അതുവരെ ദേഹോപദ്രവമേല്‍പ്പിച്ചിട്ടില്ലയെന്നതും ഒരു അശ്ലീലവാക്കു പോലും (പൊതുവേ അംഗീകരിച്ചിട്ടുള്ളതും സ്വീകാര്യമായതുമായ ചില ചീത്തവിളികള്‍ ഒഴിച്ചു) ആ കണ്ഠത്തില്‍ നിന്നും ഇന്നേ വരെ പൊഴിയാത്തതു കൊണ്ടും കണാരേട്ടന്റെ കള്ളുകുടി പൊതുജനങ്ങള്‍ യാതൊരെതിര്‍പ്പും കൂടാതെ സ്വീകരിച്ചിരുന്നു. മാത്രമല്ല മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ജനപ്രിയത കൂട്ടുകയും ചെയ്തിരുന്നു.
ഇനി കണാരേട്ടന്‍ നേതൃത്വം വഹിച്ച ഒന്ന് രണ്ടു രസകരമായ സംഭവങ്ങളിലേക്കു.
മുന്‍പൊരിക്കല്‍ പറഞ്ഞതു പോലെ ഞങ്ങളുടെ ഗ്രാമം, ഒരു മഹാദേവക്ഷേതവും അതിലേക്കുള്ള വലിയ ഒരു നടപ്പാതയും ആ വഴിയില്‍ ആല്‍ത്തറ വിത് ആലും, ഈ വഴിയില്‍ നിന്നും കുറച്ചു നീങ്ങിയൊരു വലിയ കുളവും ഇതിന്റെയെല്ലാം വശങ്ങളില്‍ നിറയെ വീടുകളുമാണ്. ഇതു കൂടാതെ ഈ വീടുകള്‍ക്കിടയിലൂടെയും ക്ഷേത്രമതില്‍ക്കെട്ടിനു ചുറ്റുമായും ഇന്റ്റര്‍കണക്റ്റിങ്ങ് ഇടവഴികളുമുണ്ട്.
കണാരേട്ടന്‍റെ കുടി കഴിഞ്ഞുള്ള സ്ഥിരം യാത്ര ഈ ആല്‍ത്തറക്കു സമീപത്തു കൂടെ വന്നു ക്ഷേത്രമതില്‍ക്കെട്ടു ചുറ്റിയുള്ള ഇടവഴിയിലൂടെയാണ്.
സംഭവം – 1
-------------------------------------
സമയം രാത്രി എട്ടു മുപ്പതു. അമ്പലം രാത്രിപൂജ കഴിഞ്ഞു നടയടച്ചിരുന്നു. ഞങ്ങള്‍ പിള്ളാരു സംഘം ആല്‍ത്തറയില്‍ ചുമ്മാ ലാത്തിയടിച്ചു കൊണ്ടിരിക്കുന്ന നേരം. കണാരേട്ടന്റെ യാത്ര അപ്പോളതാ അതിലെ കുറച്ചു മാറി. ഇത് ശ്രദ്ധിക്കാതെ ലാത്തിയില്‍ മുഴുകിയിരിക്കുന്ന ഞങ്ങളിലാരുടേയോ തമ്മില്‍ തമ്മിലുള്ള ഒരു കമെന്റ് കേട്ടിട്ടു കണാരേട്ടന്‍ അതു തന്നെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നും തന്നെ തന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണെന്നും ധരിച്ചു.
കണാരേട്ടന്‍ അല്പം ദൂരെ നിന്നും; “ ഏതു നാറിയാണെടാ അതു? നിനക്കൊന്നും പാതിരാ ആയാലും വീട്ടീ പൊയ്കൂടെ? വല്ലോടത്തൂന്നും കുറ്റീം പറിച്ചോണ്ടിറങ്ങും രാവിലെ തന്നെയിങ്ങോട്ട്. തന്തേം തള്ളേം ഒന്നൂല്ലേടാ ശവികളേ നിങ്ങക്ക്…? “
ചീത്തവിളികള്‍ അനുസ്യൂതം പൊഴിഞ്ഞു കൊണ്ടിരുന്നു. സ്വന്തം വീടുകള്‍ വളരെയടുത്തായതിനാലും രാത്രിയുടെ ആ നിശ്ശബ്ദതയില്‍ ആ ഉച്ചസ്ഥായിയിലുള്ള ഡയലോഗ്സ് ചുറ്റുപാടുമുള്ള വീടുകളില്‍ അലയടിച്ചെത്തുമെന്നതിനാലും. ടി.വി ഒരു ലക്ഷൂറിയസ് സാധനമായിരുന്ന, മെഗാ….കിലോ…. പോയിട്ടു ഗ്രാമിനു പോലും സീരിയല്‍ ഇറങ്ങാത്ത ആ കാലയളവില്‍ ചുറ്റുമുള്ള വീട്ടിലെ കുടുംബിനികളും മറ്റും ഇതു കേള്‍ക്കാനിടയായാല്‍ പിന്നെ മാനം അവിടെ നിന്നും ഉടനടി കപ്പല്‍ കേറി ഉഗാണ്ടയിലേക്കു പോയേക്കുമെന്ന ഭീതിയാലും കണാരേട്ടനെ പെട്ടെന്നു തണുപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ദ്വാരപാലകന്‍ ശബ്ദമുയര്‍ത്തി വിളിച്ചു. “കണാരേട്ടാ… ഇതു ഞങ്ങളാ…”
“ആരടാ ഈ ഞങ്ങള്‍? പേരില്ലേടാ നിനക്കു?”
ദ്വാരപാലകന്‍ ശബ്ദത്തിന്റെ വോള്യും കുറച്ചു കിട്ടാന്‍ വേണ്ടി കക്ഷിയുടെ അടുത്തേക്കു ചെന്നു.
സമീപത്തെ വിളക്കുകാലിലെ ബള്‍ബില്‍ നിന്നുമുള്ള അരണ്ട വെളിച്ചത്തില്‍ വച്ചു ദ്വാരപാലകനെ സസൂക്ഷ്മം നിരീക്ഷിച്ച കണാരേട്ടന്‍ ബഹുമാനത്തോടെ..
“ആഹാ.. നീയായിരുന്നോ? നീ…….. ആ തൈവളപ്പിലെ മാധവമേന്റെ മോനല്ലേ?..” അല്ലായിരുന്നിട്ടും അതെ എന്നു സമ്മതിക്കേണ്ടി വന്നു ദ്വാരപാലകനു. സ്വന്തം മേല്‍വിലാസവും കുടുംബചരിത്രവും അല്ലെങ്കില്‍ ആ രാത്രിസമയത്തു അവിടെനിന്നു വിളമ്പേണ്ടി വരുമെന്നു നന്നായറിയാവുന്ന ദ്വാ.പ.ക്കു അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.
“നല്ലോരു വീട്ടിലെ ചെക്കന്‍.. നിനക്കൊക്കെ വീട്ടീ പോയിരുന്നൂടെ മോനേ..? ഇവിടെ ആ ബാക്കി തെണ്ടികളുടെയൊപ്പം നടന്നു വെറുതെ ചീത്തയാവണോ? “ സ്വന്തം ഡാഡിയെ തള്ളിപ്പറയേണ്ടി വന്ന ജാള്യത റിമെയ്നിംഗ് പുള്ളാരെ “തെണ്ടികള്‍” എന്ന വിളിച്ചതു കേട്ടപ്പോള്‍ കുറഞ്ഞ ദ്വാരപാലകന്‍ ഒരു പുഞ്ചിരിയോടെ നിന്നു.
ബാക്കി തെണ്ടികളുടെ രക്തം അതു കേട്ട് തിളച്ചെങ്കിലും അതു ഉടന്‍ തന്നെ സ്റ്റൌ ഓഫ് ചെയ്തു തൂവിപ്പോകാതെ നോക്കി. വെറുതെ വീട്ടില്‍ ഒന്നുമറിയാതെയിരിക്കുന്ന വീട്ടുകാരെ കുറിച്ചുള്ള പുരാണം എന്തിനാ വെറുതെ ഒരു കള്ളുകുടിയനില്‍ നിന്നും അസമയത്തു കേള്‍ക്കണേ…
“ഞാനിപ്പോള്‍ തന്നെ വീട്ടിലേക്കു പോകുവാണ്.. കണാരേട്ടന്‍ പൊയ്ക്കോളൂ” എന്നു പറഞ്ഞതു കേട്ട് കണാരേട്ടന്‍ കൂടുതലൊന്നും പറയാതെ അപ്പോള്‍ തന്നെ നടന്നു നീങ്ങി.
ചെറിയൊരു മൂളിപ്പാട്ടൊടെ നടന്ന കണാരേട്ടന്‍ അമ്പലത്തിനു സമീപമെത്തി. അതിനടുത്തായാണ് ഞങ്ങളുടെ നാട്ടിലെ അപ്പോഴത്തെ ഏക വൈദ്യന്‍ അഥവാ ഡോക്ടര്‍ കുടുംബസമേതം താമസിച്ചിരുന്നതു. അദ്ദേഹം നാട്ടിലെ ഒരു പഴക്കം ചെന്നതും പേരു കേട്ടതുമായ ഒരു തറവാട്ടിലെ അംഗം മാത്രമല്ല അറിയപ്പെടുന്നൊരു ഭക്തനും നാട്ടിലെ ബഹുമാന്യവ്യക്തിത്വങ്ങളില്‍ പ്രധാനിയും ആയിരുന്നു. ഏതൊരു മംഗളകര്‍മ്മത്തിനു അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം ആഗ്രഹിക്കുകയും അതിനായി അദ്ദേഹത്തെ ക്ഷണിക്കുകയും അവിടത്തെ ഓരോ കുടുംബങ്ങളും ചെയ്തു പോന്നു.
ആ കുടുംബത്തില്‍ മനുഷ്യ അംഗങ്ങളെ കൂടാതെ ഓമനയായി അവര്‍ വളര്‍ത്തിപ്പോന്ന ഒരു അംഗം കൂടിയുണ്ടായിരുന്നു. “ ടൈനി “ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന ഒരു കുഞ്ഞു പോമറേനിയന്‍ പട്ടി. പൊതുവേ പൂട നിറഞ്ഞ ഒരു നായ്‌വര്‍ഗ്ഗമാണ് പോമറേനിയന് എന്ന ആദ്യധാരണയോടൊപ്പം ശരീരത്തിനേക്കാള്‍ കൂടുതല്‍ നാക്കിനു നീളമുള്ള ഇനമാണ് പോമറേനിയന്‍ പട്ടി എന്നൊരു അറിവും കൂടി അന്നാട്ടിലെ ജനങ്ങള്‍ക്കു ലഭ്യമായത് ഈ ടൈനിയുടെ വരവോടെയാണ്‍. കൂട്ടില്‍ നിന്നും പുറത്തു വിട്ടാല്‍ ഗേറ്റിനരികില്‍ വന്നുനിന്നു പൊതുവഴിയിലൂടെ പോകുന്ന ഏതൊരു യാത്രക്കാരനെയും എന്തിനു, ഏതൊരു പ്രാണിയെയും നോക്കി അവള്‍ നിര്‍ത്താതെ കുരച്ചിരുന്നു. ഈ പട്ടികളുടെ ഓരോരോ ഹോബികളേയ്…..
കുര കേട്ടു ഭയാശങ്കയോടെ പിന്നോട്ടു മാറുന്നവരെ മുന്നോട്ടു വന്നു ഒന്നൂടെ ഭയപ്പെടുത്തുകയും, ആരെങ്കിലും ധൈര്യപൂര്‍വ്വം ഗേറ്റിനടുത്തേക്കു രണ്ടടി വച്ചാല്‍ അഞ്ചടി പിന്നോട്ടു മാറി പൂര്‍വ്വാധികം ശക്തിയോടെ കുരയ്ക്കുകയും ചെയ്തിരുന്ന ടൈനി എതിരാളിയുമായി എപ്പോഴും ഒരു സേഫ് ഡിസ്റ്റന്‍സ് കീപ് ചെയതിരുന്നു. ആദ്യമൊക്കെ ആ ശബ്ദം ചുറ്റുമുള്ള വീട്ടുകാരില്‍ കുറച്ചൊക്കെ നീരസം ജനിപ്പിച്ചെങ്കിലും കാലക്രമേണ റെയില്‍വേ ട്രാക്കിനു സമീപം താമസിക്കുന്നവര്‍ക്കു തീവണ്ടിശബ്ദം സുഗമസംഗീതം പോലെയെന്നതു പോലെ ജീവിതത്തിന്റെ ഒരു ഭാഗമായി.
പലതവണ ആ ഗേറ്റിനു മുന്നിലൂടെ പോകുമ്പോള്‍, നിര്‍ത്താതെ കുരക്കുന്ന ടൈനിയെ മൈന്‍ഡ് ചെയ്യാതെ പോയിട്ടുള്ള കണാരേട്ടനെ അന്ന് രാത്രിയിലെ കുര പിടിച്ചു നിര്‍ത്തി. ഉള്ളില്‍ ചെന്നിട്ടുള്ള മദ്യമായിരിക്കണം ടൈനിയെ അന്നു മൈന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം.
കുറച്ചു നേരം ഇമ വെട്ടാതെ നോക്കി നിന്ന കണാരേട്ടനില്‍ നിന്നും ഉയര്‍ന്ന അലര്‍ച്ച കേട്ടു മീറ്റിംഗ് അവസാനിപ്പിച്ചു പിരിയാന്‍ പോയ ഞങ്ങളെ പിടിച്ചു നിര്‍ത്തി.
“ഡോക്ടര്‍……………………………….ര്‍” “ഡോക്ടര്‍……………………………….ര്‍” “ഡോക്ടര്‍……………………………….ര്‍”
എന്താണു സംഭവമെന്നു ഞങ്ങള്‍ക്കു പിടി കിട്ടിയില്ല. വല്ല നെഞ്ച് വേദനയോ തല ചുറ്റലോ കൊണ്ടാണോ ആ അലര്‍ച്ച? ഞങ്ങള്‍ ദൂരെ നിന്നും നോക്കി നിന്നു. അപ്പോള്‍ അതാ വീണ്ടും കണാരേട്ടന്റെ വക.
“അയ്യോ അങ്ങിതു കണ്ടില്ലേ…? ഓടി വരൂ ഡോക്ടര്‍…….......….ര്‍”
സാധാരണ അമ്പലം നടയടയ്ക്കുന്നതോടെ ചുറ്റുമുള്ള വീടുകളിലെ താമസക്കാരെല്ലാം ഗേറ്റ് പൂട്ടി ഉമ്മറത്തെ ലൈറ്റും ഓഫ് ചെയ്തു അത്താഴത്തിനൊരുങ്ങും. ഡോക്ടരുടെ വീട്ടിലും അങ്ങിനെത്തന്നെ. ഒരു വ്യത്യാസം മാത്രം. ഗേറ്റു പൂട്ടുന്നതിനൊപ്പം ടൈനിയെ കൂട്ടില്‍ നിന്നും സ്വതന്ത്രയാക്കുക എന്ന കര്‍മ്മം കൂടിയുണ്ടവര്‍ക്കു.
കണാരേട്ടന്റെ ഈ ഉയര്‍ന്ന ശബ്ദത്തിലുള്ള അലര്‍ച്ച കേട്ടു അവിടെ പൂമുഖത്തുള്ള ലൈറ്റ് തെളിഞ്ഞു. ദൂരെ നിന്നിരുന്ന ഞങ്ങള്‍ സംഭവമറിയാനായി കുറച്ചു കൂടി അടുത്തേക്കു നീങ്ങി.
“പെട്ടെന്നു വരൂ ഡോക്ടര്‍… അയ്യോ.. ഇതു നോക്കൂ…”
ഡോക്ടരദ്ദ്യേം പൂമുഖത്തെത്തി. ഒപ്പം കുടുംബത്തിലെ ചില അംഗങ്ങളും. ആരോ തീരെ വയ്യാതെ വന്നിട്ടുണ്ടെന്നും ഗേറ്റ് പൂട്ടിയതു കൊണ്ട് അകത്തു കയറാന്‍ പറ്റാതെ ഉറക്കെ വിളിക്കുന്നതാണെന്നും കരുതിക്കാണണമവര്‍.
അതാ വീണ്ടും കരച്ചില്‍.
“നോക്കൂ.. ഡോക്ടര്‍… അങ്ങിതു കണ്ടില്ലേ… താങ്കളുടെ പട്ടിക്കു ചുമ പിടിച്ചിരിക്കുന്നു ഡോക്ടര്‍… ചുമ പിടിച്ചിരിക്കുന്നു…….പെട്ടെന്നു ചികിത്സിക്കൂ ഡോക്ടര്‍……..ര്‍”
“ഡോക്ടര്‍………ര്‍ ഉടനെയെന്തെങ്കിലും മരുന്നു പട്ടിക്കു കൊടുക്കൂ.. ഡോക്ടര്‍……. അല്‍പ്പം ദയ ആ ജന്തുവിനോടു കാണിക്കൂ”
ഇതു കേട്ടതും ചിരി അടക്കാന്‍ പറ്റാതെ ഞങ്ങള്‍ ഓടി മാറി. വെറുതെ രാത്രി കള്ളുകുടിയന്റെ ജല്പനങ്ങള്‍ കേള്‍ക്കാനായി വാതില്‍ തുറന്നതിന്റെ ജാള്യതയുമായി ഡോക്ടറും കുടുംബവും അകത്തേക്കു.
സംഭവം – 2
-----------------------------
ഞങ്ങളുടെ ഗ്രാമത്തിലെ മഹാദേവക്ഷേത്രം വിവാഹം നടക്കാത്തവര്‍ക്കു പെട്ടെന്നു വിവാഹം നടക്കാനുള്ള പ്രത്യേക പൂജക്കു വളരെ പ്രസിദ്ധമാണു. എല്ലാ ദിവസവും രാത്രി അത്താഴ ശീവേലിക്കു ശേഷം ശിവപാര്‍വ്വതിമാരുടെ തിടമ്പുകള്‍ ഒരുമിച്ചു പള്ളിയുറക്കത്തിനായി ഒരു കോവിലിലേക്കു എഴുന്നള്ളിച്ചു നടയടച്ചു പൂജിക്കുന്നു. അതിനു ശേഷം നട തുറന്നു എല്ലാ ഭക്തജനങ്ങള്‍ക്കും ദര്‍ശനസൌഭാഗ്യം നല്‍കിയ ശേഷം ശിവപാര്‍വതിമാരെ ആ കോവിലനകത്തു തന്നെയുള്ള ആട്ടുകട്ടിലില്‍ ആട്ടിയുറക്കുന്നു. ഈ പൂജയില്‍ പങ്കെടുത്താല്‍ വിവാഹം വളരെ പെട്ടെന്നു തന്നെ തടസ്സങ്ങളൊക്കെ മാറി നടക്കുമെന്ന ഒരു വിശ്വാസം നില നില്‍ക്കുന്നു. വിശ്വാസത്തിലുപരി വളരെയധികം അനുഭവസ്ഥര്‍ അതു ശരിയെന്നു സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. ഈ പൂജ ‘ദമ്പതിപൂജ‘ എന്ന പേരില്‍ വളരെ പ്രചാരം നേടിയിട്ടുണ്ട്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നാനാജാതി മതസ്ഥര്‍ ഇതില്‍ പങ്കെടുക്കാനായി എത്താറുണ്ട്.
ഈ പൂജയുടെ പ്രധാന പ്രസാദമാണ് പാല്‍പ്പായസം. ദൂരസ്ഥലങ്ങളില്‍ നിന്നും ആദ്യമായ് എത്തുന്നവര്‍ ഇതു പലപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല. അതു കൊണ്ട് അമ്പലത്തിലേക്കു പോകുന്ന വഴിയിലുള്ള ഒരേയൊരു കടയായ ഹരിചേട്ടന്റെ കടയില്‍ പ്ലാസ്റ്റിക് ഡബ്ബകള്‍ ഇത്തരക്കാര്‍ക്കു വേണ്ടി സ്റ്റോക്ക് ചെയ്യാറുണ്ട്.
അത്തരത്തിലൊരു പാര്‍ട്ടി അമ്പലത്തിലെ സ്റ്റാഫ് ഗൈഡ് ചെയ്തതനുസരിച്ചു ഡബ്ബ വാങ്ങാന്‍ ഹരിയേട്ടന്റെ കടയിലേക്കു വന്നു. സാധനം വാങ്ങാന്‍ വന്നതു തൊഴാന്‍ വന്ന കുടുംബത്തിലെ ഒരു പ്രായം ചെന്ന പുരുഷനായിരുന്നു. 60-നടുത്തു പ്രായം മതിക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ തന്നെയറിയാം പ്രൌഡിയാര്‍ന്ന ഒരു തറവാട്ടിലെയാണെന്നു. വൃത്തിയാര്‍ന്നതും ലളിതവുമായ വസ്ത്രധാരണം. ഐശ്വര്യവും ഗാംഭീര്യവും തുളുമ്പുന്ന മുഖഭാവം.
ഇദ്ദേഹം വരുന്ന സമയത്തു കുറച്ചു പച്ചക്കറികള്‍ വാങ്ങാനായി ഞാന്‍ ആ കടയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതേ പോലെ തന്നെ കണാരേട്ടനും. കക്ഷി ആത്മാവിനു പുക നല്‍കാനായി ഒരു ബീഡി വാങ്ങി കത്തിക്കുന്ന നേരം. പുറകിലെത്തി നിന്ന ആ തറവാടിയെ കണാരേട്ടനൊഴിച്ചു ആ കടയിലുള്ള എല്ലാവരും കണ്ടിരുന്നു. കടക്കാരന്‍ തിരക്കിലായതിനാല്‍ ഓര്‍ഡര് ചെയ്യാതെയദ്ദേഹം കാത്തു നിന്നു.
“ട് ര്‍….ര്‍……………...ര്‍“ ഒരു ശബ്ദം അവിടെ അലയടിച്ചുയര്‍ന്നു.
(ഞാന്‍ കേട്ട ആ ശബ്ദം അതേ രീതിയില്‍ തന്നെ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. സദയം ക്ഷമിക്കുമല്ലോ)
വന്ന കക്ഷിക്കു അല്പം ഗ്യാസ്ട്രബിള്‍ ഉണ്ടായിരുന്നെന്നു വ്യക്തം. ആ പ്രായത്തിലുള്ളവരില്‍ അതൊരു സ്വാഭവിക കാര്യം മാത്രം. അദ്ദേഹത്തിന്റെ പ്രായവും തറവാടിത്തവും മനസ്സിലാക്കിയ മറ്റുള്ളോര്‍ അങ്ങിനെയൊന്നു കേട്ടില്ലെന്ന ഭാവത്തില്‍ നിന്നു.
പക്ഷേ ഈ മാന്യദ്ദേഹത്തിനു മുന്നില്‍ പുറം തിരിഞ്ഞു നിന്നിരുന്ന കണാരേട്ടന്‍ അതു കേട്ടില്ലെന്നു വയ്ക്കാന്‍ ഭാവമില്ലായിരുന്നു. ബീഡി കത്തിച്ചുകൊണ്ടിരുന്ന കണാരേട്ടന്‍ ഇതു കേട്ടയുടനെ തല മുകളിലേക്കുയര്‍ത്തി ആലോചനഭാവത്തിലൊന്നു നിന്നു. പിന്നീടിങ്ങനെ ചോദിച്ചു.
“എന്താണവിടെ ഒരു അപ:ശബ്ദം കേട്ടതു?”
ഇതു അവിടെയുണ്ടായിരുന്ന ആരും ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല. ആ ചോദ്യവും നേരത്തെ കേട്ട ശബ്ദം പോലെ കേട്ടില്ലെന്നു ഭാവിച്ചു.
തന്റെ ചോദ്യത്തിനുത്തരമൊന്നും കിട്ടാതെ കണാരേട്ടന്‍ പുറകിലേക്കു തിരിഞ്ഞു നോക്കികൊണ്ടു ചോദ്യം ആവര്‍ത്തിച്ചു. “എന്താണാ അപ:ശബ്ദം? “
തെല്ലു ജാള്യതയോടെയും അതിലുപരി കണാരേട്ടന്റെ ചോദ്യങ്ങളുണ്ടാക്കിയ അസ്വസ്ഥതയിലും ചുളിഞ്ഞ മുഖവുമായി ആ മാന്യദ്ദേഹം മറുപിടിയൊന്നും അര്‍ഹിക്കാത്ത ആ ചോദ്യങ്ങള്‍ കേട്ടില്ലെന്ന ഭാവത്തില്‍ നിന്നു.
ആള്‍ക്കാര്‍ ഉള്ളിലുയര്‍ന്ന ചിരിയമര്‍ത്തിപ്പിടിച്ചു കൊണ്ട് കണാരേട്ടന്റെ അടുത്തപടിയെന്താവുമെന്ന കൌതുകത്തില്‍ നോക്കി നിന്നു.
വരത്തനെ അടിമുടിയൊന്നു നോക്കിയ കണാരേട്ടന്‍ ഇങ്ങനെ പറഞ്ഞു.
“ഓഹോ…. താങ്കള്‍ കീഴ്ശ്വാസം വിട്ടതാണല്ലേ…?”
(പറഞ്ഞതു തനി ഗ്രാമീണശൈലിയിലായിരുന്നെങ്കിലും ഞാനതിവിടെ മാറ്റിപറയുകയാണ്‍)
കൂടുതല്‍ ചിരിയടക്കാനാവാതെ ഞാന്‍ അവിടെ നിന്നും വായും പൊത്തിപ്പിടിച്ചോടി. അത്തരമൊരു ചോദ്യം അതും വേറൊരു നാട്ടില്‍ വച്ചു ഒരു കൂലിപ്പണിക്കാരനില്‍ നിന്നും. ഭൂമി പിളര്‍ന്നു താഴേക്കു പോയിരുന്നെങ്കില്‍ എന്നദ്ദേഹം ആശിച്ചു കാണണം. പിന്നീടെന്തു നടന്നുവെന്ന് ഞാനറിയാന്‍ ശ്രമിച്ചില്ല. കണാരേട്ടന്റെ ആദ്യചോദ്യത്തില്‍ തന്നെ മുഖത്തെ സകല ഗാംഭീര്യവും ചോര്‍ന്നിരുന്ന അദ്ദേഹത്തിന്റെ അവസാന ചോദ്യത്തിനു ശേഷമുള്ള മുഖഭാവം പിന്നീടു പലതവണ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്.
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 4:05 AM 1 മാലോകരുടെ അഭിപ്രായങ്ങള്‍