ഞങ്ങളുടെ ഗ്രാമത്തിലെ അക്കാലത്തെ ഒരു പുതുതലമുറക്കാരന്‍. കൌമാരപ്രായത്തിലേക്കു ചുവടു വച്ച ഈ കോമളാംഗനു സ്വന്തം സൌന്ദര്യത്തിനേക്കുറിച്ചു അഭിമാനവും ബോധോദയവും ഉണ്ടായതു അമ്പലത്തിലെ ഭജനമണ്ഡപത്തില്‍ വച്ചു സീനിയേര്‍സും നാട്ടിലെ അറിയപ്പെടുന്ന ഗ്ലാമറ് കൂടിപ്പോയെന്നഹങ്കരിച്ചിരുന്നവരുമായ സുന്ദരപുരുഷന്മാരെ വിട്ടു കൌമാരത്തിലേക്കു നടന്നടുത്തുകൊണ്ടിരുന്ന ഒരു കുമാരി (ആ പ്രായത്തിലങ്ങിനെ വിളിക്കാമോ എന്തോ?) ആരാധനപൂര്‍വ്വം ഇമ വെട്ടാതെ കുറച്ചു നേരം ഒന്നു കടാക്ഷിച്ചപ്പോഴാണത്രേ…. അതും തന്റെ ഗാനസുധയില്‍ അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങളെല്ലാം ആറാടുന്നു എന്ന് വിചാരിച്ചിരിക്കുന്ന നേരത്ത്.
അതിനു ശേഷം നിരവധിസൌന്ദര്യലേപനങ്ങളെയും അവയുടെ ഉപയോഗത്തെയും കുറിച്ചു ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്തുകയും അവയോരോന്നിന്റെയും ഉപയോക്താവാകുകയും ചെയ്ത അര്‍നോള്‍ഡ് ഇവയൊക്കെ വാരിപൂശി ഇരട്ടിപ്പിച്ച സൌന്ദര്യവുമായി ക്ഷേത്രാചാരങ്ങള്‍ക്കെല്ലാം ആളായി മുന്‍പന്തിയില്‍ നിന്നുപോന്നു. ഇതു വഴി തന്റെ ആ സൌന്ദര്യം ആ നാട്ടില്‍ മാത്രമല്ലാ മറുനാട്ടിലും (പുറംനാടുകളില്‍ നിന്നും ദര്‍ശനം നടത്താന്‍ വരുന്നവര്‍ ദ്വാരാ) ചര്‍ച്ച ചെയ്യപ്പെടുമെന്നൊരു മിഥ്യാധാരണയും വച്ചു പുലര്‍ത്തിയിരുന്നു വിദ്വാന്‍.
ഇനി ഇരട്ടപ്പേരിന്റെ പിറവിയിലേക്കു.
അങ്ങു ദൂരദേശത്തുള്ള തറവാട്ടിലെ ലക്ഷണമൊത്ത പ്ലാവും തേക്കും വീടുപണിയാന്‍ പോകുന്നെന്ന വ്യാജ്യേന അറുത്തു മുറിച്ചു പലകകളാക്കി സ്വന്തം വീട്ടിലെത്തിച്ചു ആശ്വാസത്തോടെ ഒരു ദീര്‍ഘശ്വാസം വിട്ടിരിക്കുന്ന കാലം. ഒരു പ്രഭാതത്തില്‍ മാതാവിന്റെ ആജ്ഞ അതാ…
“ഈ പലകകള്‍ ഇങ്ങനെ അനക്കാതെ വച്ചിരുന്നാല്‍ ചിതലും മറ്റും കേറും. നീ ഇവിടെ ചുമ്മാ ഇരിക്കാതെ അതൊക്കെ ഒന്നു വെയിലത്തേക്കു വയ്ക്കൂ. വെയിലാറിയ ശേഷം തിരിച്ചെടുത്തു വയ്ക്കുകയും വേണം.”
അനുസരിച്ചില്ലേല്‍ ഭക്ഷണക്കാര്യം പ്രശ്നത്തിലാകുമെന്നു ഉത്തമബോധ്യമുള്ള ആ മാതൃകാ മകന്‍ പലകകളെല്ലാം ഉടനടി വെയിലത്തേക്കു വച്ചു. വെയില്‍ വേണ്ടത്ര കിട്ടാത്ത ഒരു ചെറിയ പുരയിടമായതു കൊണ്ടു വീടിന്റെ മതിലില്‍ പൊതുവഴിയുടെ ഭാഗത്തായാണ് ചാരി വച്ചതു. പഠിത്തവും മറ്റും അമ്പലത്തിലെ വഴിപാടുകള്‍ പോലെ ഒരു ചടങ്ങ് മാത്രമായും പഠനേതരകാര്യങ്ങള്‍ മുന്‍ഗണനയോടെയും നടത്തിവന്നിരുന്ന കാലം.
രംഗം – 1
കക്ഷി ചില പ്രീപ്ലാന്‍ഡ് പ്രോഗ്രാംസോടെ (സദുദ്ദേശത്തോടെ അല്ലെന്ന് മൂന്നരത്തരം) വൈകുന്നേരം നേരത്തെ വീട്ടിലെത്തി ഇട്ടിരുന്ന വസ്ത്രങ്ങള്‍ മാറ്റി, ലേപനങ്ങള്‍ പൂശിക്കൊണ്ടിരുന്ന നേരം. അമ്മ ആ ഒരുങ്ങല്‍ കണ്ടു. ഇവനിപ്പോഴെങ്ങാനും ഇറങ്ങിപ്പോയാല്‍ പിന്നെ രാത്രിഭക്ഷണത്തിനേ കാണാന്‍ കിട്ടൂ എന്നറിയാമായിരുന്ന ആ മാതാശ്രീ ഇങ്ങനെ പറഞ്ഞു.
“എവിടേക്കാടാ ഈ നേരത്തു കെട്ടിയൊരുങ്ങി? വെയിലാറിത്തുടങ്ങി. പലകകളൊക്കെ തിരിച്ചെടുത്തു വയ്ക്കേണ്ടേ? അതു കഴിഞ്ഞിട്ടിറങ്ങിയാല്‍ മതി എവിടേക്കാണെങ്കിലും”
“നശിച്ച പലകകള്‍” വിദ്വാന്റെ അന്തര്‍ഗ്ഗതം. “ഏതു നേരത്താണോ ഇതൊക്കെ ഇങ്ങോട്ടു കെട്ടിയെടുക്കാന്‍ തോന്നിയത്.”
“ഇപ്പോ തന്നെ എടുത്തു വച്ചേക്കാമമ്മേ…” മാതൃകാ മകന്‍ വേറെ വഴിയില്ലാതെ മൊഴിഞ്ഞു.“മരമെടുത്തു വയ്ക്കാനല്ലേ.. നല്ല വസ്ത്രങ്ങല്ലൊന്നും ഇട്ടു ചീത്തയാക്കണ്ട.“ എന്നു മനസ്സില്‍ക്കരുതി ഒരു ലുങ്കിയും വളരെ പഴയ ഒരു കീറ ബനിയനുമിട്ടോണ്ടു കഥാനായകന്‍ അങ്കത്തട്ടിലേക്കിറങ്ങി. വായുസ്ഞ്ചാരം വേണ്ടത്ര നല്‍കുന്ന പല വലുപ്പത്തിലുള്ള നിരവധി ദ്വാരങ്ങളുള്ള ആ ബനിയന്‍ അന്തിസൂര്യന്റെ തങ്കരശ്മികളെ നാണിപ്പിക്കുന്ന തരത്തില്‍ പഴകിയ മഞ്ഞനിറവര്‍ണ്ണമാര്‍ന്നതായിരുന്നു.
രംഗം – 2
ഓരോ ദിവസത്തേയും പഠനത്തിനു ശേഷം സമീപത്തുള്ള ലലനാമണികള്‍ ഞങ്ങളുടെ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെയുള്ള പാതകള്‍ തന്താങ്ങളുടെ വീട്ടിലേക്കുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചിരുന്നു. ഒരു ഈവനിംഗ് വാക്കുമായി അതോടൊപ്പം തങ്ങളുടെ അന്നാന്നത്തെ പബ്ലിക് ഡിമാന്‍ഡ് & റേറ്റിങ്ങ് എത്രയുണ്ടെന്നൊന്നളക്കലുമായി.
അങ്ങിനെയുള്ളൊരു ലലനാമണി പയ്യെ തന്റെ അന്നനടയുടെ വശ്യത മാക്സിമമാക്കി അതാ നടന്നു വരുന്നു. ഈ യാത്ര ഇതേ വഴിയിലൂടെ തുടര്‍ന്നാല്‍ ഒരു ഏകദേശം “ട” പോലെ തോന്നുന്ന വളരെ ചെറിയ രണ്ടു വളവു തിരിഞ്ഞാല്‍ അര്‍നോള്‍ഡിന്റെ വീടു കുറച്ചകലെ നിന്നും ദൃശ്യമാകും. ഈ വളവിലേക്കെത്തുന്നതിനു വളരെ മുന്‍പു ഈ വളവില്‍ തന്നെയുള്ളൊരു വീട്ടില്‍ നിന്നും ദാഹാര്‍ത്തമായ ഒരു ജോടി കണ്ണുകള്‍ ലലനാമണിയുടെ ലാവണ്യം അവള്‍ പോലുമറിയാതെ ഒട്ടും ചോരാതെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഈ കണ്ണുകളുടെ വിശ്വാസ്യതയില്‍ വിശ്വസിച്ചാണടുത്ത രംഗം ആരംഭിക്കുന്നതു.
രംഗം – 3
പലക ഒന്നു അകത്തെടുത്തു വച്ച ശേഷം അടുത്തതിനായി പുറത്തേക്കിറങ്ങാന്‍ ഭാവിച്ച അര്‍നോള്‍ഡ് വളവു തിരിഞ്ഞ് വരുന്ന ല.മ.യെ നേരത്തെ തന്നെ കണ്ടു. ഉടനെ തന്നെ അകത്തേക്കു വലിഞ്ഞ അര്‍നോള്‍ഡ് വളര ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ കയ്യില്ലാത്ത ടൈറ്റ് ഫിറ്റായ ബനിയന്‍, പാന്റ്സ് ഒക്കെ ധരിച്ചു പൌഡറും പൂശി ഇറങ്ങി. ധാരാസിംഗ് ഗുസ്തി മത്സരത്തിനു മുന്‍പു ഗോദായിലേക്കിറങ്ങും പോലെ രണ്ടു കയ്യും മുകളിലേക്കും വശങ്ങളിലേക്കും ആഞ്ഞു വീശിയതാ രണ്ടു കട്ടിപലകകള്‍ ഒരുമിച്ചെടുക്കുന്നു.
മസിലിനേക്കാളും കൂടുതലായി ഞരമ്പുകള്‍ ആ കയ്യില്‍, പാണ്ടിലോറി ഹെഡ് ലൈറ്റുമിട്ട് രാത്രി വരുമ്പോള്‍ ചില തവളകള്‍ നെഞ്ചും വിരിച്ചു നില്‍ക്കുമ്പോലെ, പൊങ്ങി നിന്നു.
കീറിമുറിച്ചു കഷണങ്ങളാക്കിയതിലുള്ള ദേഷ്യം മാറാത്തതിനാലോ എന്തോ ആ പലകകള്‍ അധികനേരം അതും താങ്ങി നില്‍ക്കുവാന്‍ ആ മാവീരനെ സമ്മതിച്ചില്ല. ഭാരം താങ്ങാനാവാതെ അതു ഉടന്‍ തന്നെ താഴെയിടേണ്ടി വന്നതും ലലനാമണി അതു കണ്ട് പുഛഭാവത്തില്‍ ചിരിച്ചു കൊണ്ട് പോയതും വേറാരും തന്നെ കണ്ടില്ലല്ലോ എന്ന ആശ്വാസത്തില്‍ അര്‍നോള്‍ഡ് സ്വന്തം വീട്ടിലേക്കു ഉള്‍വലിഞ്ഞു.
കമാന്‍ഡൊ എന്ന സിനിമയില്‍ അര്‍നോള്‍ഡ് ഷ്വാര്‍സനേഗരദ്ദ്യം വലിയ മരത്തടികള്‍ പൊക്കി തന്റെ കയ്യിലെ മസില്‍ പെരുപ്പിച്ചു കാണിച്ചതു കണ്ടിട്ടുള്ള രംഗം -2-ലെ ഒളികണ്ണുകള്‍ ഇതെല്ലാം കണ്‍പാര്‍ത്ത ഉടനെ ആ ഇരട്ടപ്പേര്‍ അര്‍നോള്‍ഡിനു ചാര്‍ത്തിയിരുന്നു.
സംഭവം എങ്ങിനെ ലീക്കായി എന്നതു അര്‍നോള്‍ഡിനു വളരെ നാളുകള്‍ക്കു ശേഷമാണു പിടിത്തം കിട്ടുന്നതു.
Wednesday, December 26, 2007
അര്‍നോള്‍ഡിന്റെ ജന്മം
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 5:55 AM 9 മാലോകരുടെ അഭിപ്രായങ്ങള്‍
Tuesday, December 25, 2007
ശബരിമല തീര്‍ത്ഥാടനം – 2
(ഒന്നാം ഭാഗം വായിക്കാത്തവര്‍ അത് ആദ്യം വായിക്കാനപേക്ഷ.)
സ്വാമിയേ…….യ് ശരണമയ്യപ്പാ…..
ഹരിഹരസുതനേ……യ് ശരണമയ്യപ്പാ…..
ശ്രീധര്‍മ്മശാസ്താവേ……യ് ശരണമയ്യപ്പാ…..
ഓം ശ്രീഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ…………യ് ശരണമയ്യപ്പാ……..
ശരണം വിളികള്‍ മുഴങ്ങിയ വര്‍ഷങ്ങള്‍ക്കു മുന്‍പൊരു മണ്ഡലക്കാലം. അയ്യപ്പഭക്തരെല്ലാം വ്രതശുദ്ധിയോടെ മനസ്സും ശരീരവും ഏകാഗ്രതയോടെ ഭക്തിയില്‍ അര്‍പ്പിച്ചു ശബരിമാമല വാഴും ശാസ്താവിന്റെ ദര്‍ശനം നടത്താന്‍ തുടിക്കുന്ന കാലം.
അത്തവണയും സര്‍വ്വശ്രീ പെരിയോന്റെ ഗൈഡന്‍സില്‍ ജൂനിയറും സീനിയറുമായ നിരവധിപേര്‍ മാലയിട്ട് കെട്ടു നിറച്ചു മലയാത്രക്കൊരുങ്ങി. എല്ലാത്തവണയും പോലെ കന്നിസ്വാമിമാര്‍ക്കു അത്തവണയും പഞ്ഞമുണ്ടായിരുന്നില്ല. ഒരു കാലത്തു ഞങ്ങളുടെ നാട്ടില്‍ കാര്യക്ഷമമായ രീതിയില്‍ പ്രൊഡക്ഷന്‍സ് നടന്നിരുന്നതു കൊണ്ടു ഓരോ കൊല്ലവും ഒരു മനുഷ്യജന്മമെങ്കിലും ബാല്യദശ വിട്ടു കൌമാരത്തിലേക്കു കടന്നിരുന്നു. ഇന്ത ജന്മങ്ങളുടെ സൃഷ്ടാക്കള്‍ ഇവരെ ദൈവകൃപക്കു വേണ്ടി പെരിയോന്റെ ഒപ്പം വ്രതമെടുപ്പിച്ചു ദര്‍ശനസൌഭാഗ്യവും അതു വഴി പുണ്യം, മോക്ഷം, ഇവയൊന്നും കിട്ടീല്ലേലും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സേവിക്കുന്നതിനായി കുറച്ചു മോദകം, അരവണ തുടങ്ങിയ ശബരിമല സ്പെഷ്യല്‍ ലഭിക്കുന്നതിനായി നിര്‍ബന്ധിച്ചു വിടുമായിരുന്നു. ഓരോ കൊല്ലത്തെ ശബരിമലയാത്രയുടെയും അവസാനം അതിലെ രസകരമായ അനുഭവങ്ങളെയും കാഴ്ചകളെയും പറ്റി സ്ഥിരം ദര്‍ശനം നടത്തി വന്നിരുന്ന ദ്വാരപാലകന്റെ വിവരണങ്ങള്‍ ഏവരിലും അത്തരമൊരു യാത്ര ഇതേ സംഘത്തിനൊപ്പം അടുത്ത തവണ നടത്തണമെന്നൊരാഗ്രഹം ജനിപ്പിക്കുമായിരുന്നു. അതു കൊണ്ടു തന്നെ സൃഷ്ടാക്കളുടെ ആ ഒരാഗ്രഹത്തിനെതിരെ ഒരനിഷ്ടവും പ്രകടിപ്പിക്കാതെ ഈ ജൂനിയര്‍ പ്രജകള്‍ സസന്തോഷം മലയാത്രക്കൊരുങ്ങി.
ദ്വാരപാലകനെക്കുറിച്ചു ശബരിമലയാത്ര ഒന്നാം ഭാഗത്തില്‍ പറഞ്ഞതാണല്ലോ. ഈ യാത്രയിലെ ഒരു പുതിയ അംഗമാണു അര്‍നോള്‍ഡ് സ്വാമി.
മണ്ഡലക്കാലം പെരിയോന്റെ ചാകരക്കാലം കൂടിയാണു. നിരവധിത്തവണ ശാസ്താദര്‍ശനത്തിനായി പലരെയും നയിക്കുന്നതു കൂടാതെ പല ദേശവിളക്കുകളില്‍ അമ്പലനിര്‍മ്മാണവും അയ്യപ്പന്‍ പാട്ടും നടത്തുന്ന ഒരു സംഘത്തിന്റെ അവിഭാജ്യഘടകം കൂടിയാണിദ്ദേഹം. അത്തവണത്തെ അയ്യപ്പദര്‍ശനത്തിനായി ഒരുങ്ങിയ സംഘം പെരിയോന്റെ നേതൃത്വത്തില്‍ മാര്‍ഗ്ഗമധ്യേയുള്ള വിവിധ പുണ്യക്ഷേത്രങ്ങള്‍ ദര്‍ശിച്ച ശേഷം ഉച്ചയോടെ പമ്പയിലെത്തി. അതു വരെയുള്ള യാത്രക്ഷീണം തീര്‍ക്കാനും ഉച്ചഭക്ഷണത്തിനുമായി ഒരു പറ്റിയ ഇടം തെരഞ്ഞെടുത്തു. ഇതേ സമയം തന്നെ ഒരു സംഘം തമിഴ്ഭക്തര്‍ അതിനടുത്തു തന്നെ ക്യാമ്പ് ചെയ്തിരുന്നു. അവര്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
നമ്മുടെ സംഘവും ഉടന്‍ തന്നെ പാചകം ആരംഭിച്ചു. എല്ലാ സ്വാമിമാരുടെയും ഉത്സാഹപൂര്‍ണ്ണമായ പങ്കാളിത്തം കൊണ്ടു പാചകം പൂര്‍ത്തിയാക്കി. ദേഹശുദ്ധി വരുത്തി ഭക്ഷണം അകത്താക്കി. വൈകുന്നേരത്തോടെ മല കയറാന്‍ പ്ലാന്‍ ചെയ്തു വിശ്രമവും ആരംഭിച്ചു. അതേ സമയം, തമിഴ് സംഘം ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.
വിശ്രമാവസ്ഥയില്‍ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്ന ദ്വാരപാലകന്റെയും അര്‍നോള്‍ഡിന്റെയും കണ്ണുകളില്‍ അപ്പോഴാണ്‍ കൌതുകകരമായ് ആ കാഴ്ച പതിഞ്ഞതു. ഭക്ഷണം പാകം ചെയ്ത ശേഷം തമിഴ്സംഘം അവരുടെ പാത്രങ്ങള്‍ ഒരുമിച്ചു ഒരു സ്ഥലത്തു കൂട്ടിയിട്ടിരുന്നു. അതിനടുത്തായി ഊണു കഴിച്ച ശേഷം ഗംഭീരതയോടെ ഇരിക്കുന്ന അവരുടെ ഗുരുസ്വാമി. ശേഷമുള്ള എല്ലാ തമിഴ്സ്വാമിമാരും അദ്ദേഹത്തിനു മുന്നിലായി ബഹുമാനത്തോടെ ഭക്തിയോടെ കൂടി നില്‍ക്കുന്നു. എന്തോ വിശേഷമായി നടക്കാന്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍. ഇതെല്ലാം വീക്ഷിച്ചു കൌതുകം പൂണ്ട നമ്മുടെ സ്വാമിമാര്‍ വിശ്രമാവസ്ഥ ഉപേക്ഷിച്ചു എണീറ്റു പതുക്കെ നടന്നു തമിഴ്സ്വാമിമാരുടെ അടുത്തേക്കു നടന്നെത്തി. അവരുടെ ഇടയില്‍ സൌകര്യപ്രദമായ ഒരു സ്ഥാനം കണ്ടെത്തി പ്രോഗ്രാമിന്‍ തയ്യാറെടുത്തു.
രംഗസജ്ജീകരണം പൂര്‍ത്തിയാക്കിയ തമിഴ്സംഘത്തിലെ മുതിര്‍ന്ന ഒരു സ്വാമി പരിപാടിക്കു തുടക്കമിട്ടു.
“ഒണ്ണ്”
അതിനു ശേഷം കൂടി നിന്നവരില്‍ നിന്നും അടുത്ത പടി പ്രതീക്ഷിച്ചെന്ന പോലെ അദ്ദേഹം നിന്നു.
“ഒണ്ണു അമ്പതു” കൂട്ടത്തില് നിന്നും ഒരു സ്വാമിയാരുടെ വിളി.
“റെണ്ടു” അതാ അടുത്ത ശബ്ദം ഉയരുന്നു.
മൂന്ന്, നാല്, അഞ്ച്… എന്നിങ്ങനെ വിളികള്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഉയര്ന്നു തുടങ്ങി. ഒരു ലേലം വിളിയാണെന്ന് അഭ്യസ്തവിദ്യരായ നമ്മുടെ മലയാളമക്കള്‍ എളുപ്പം ഗ്രഹിച്ചു. പക്ഷേ എന്താണ് ലേലത്തില്‍ പെടുത്തിയിരിക്കുന്നതെന്ന് സ്വതവേ കുശാഗ്രബുദ്ധിക്കാരായ അര്‍നോള്‍ഡും ദ്വാരപാലകനും ചര്‍ച്ച ചെയ്തു. അര്‍നോള്‍ഡ് അപ്പൊഴേക്കും കാര്യം ഗ്രഹിച്ചിരുന്നു. അവിടെ കൂട്ടിയിട്ടിരുന്ന പല വലുപ്പത്തിലുള്ള അലൂമിനിയം പാത്രങ്ങളിലേക്കും അതിനടുത്തിരിക്കുന്ന ഗുരുസ്വാമിയിലേക്കും മാറി മാറി കണ്ണുകള്‍ ചലിപ്പിച്ചു ദ്വാരപാലകനിലേക്കാ മാറ്റര്‍ കൈമാറി.
ലേലം വിളി അപ്പോഴേക്കും 20 രൂപ പിന്നിട്ടിരുന്നു. ആ പാത്രങ്ങളിലേക്കു ഒന്നൂടെ കണ്ണോടിച്ച അര്‍നോള്‍ഡ് വല്യ ഗ്രാഹ്യമൊന്നുമില്ലേലും അതിന്റെ മതിപ്പു വില ആയിരമെങ്കിലും ഉണ്ടാവുമെന്നു കണക്കാക്കി.
ദ്വാരപാലകനോട് അര്‍നോള്‍ഡ് പതിയെ പറഞ്ഞു. “ഞാനൊരു കൈ നോക്കാന്‍ തീരുമാനിച്ചു”
അതുവരെ തമിഴ്സ്വാമിമാരുടെ ചെയ്തികള്‍ നിര്‍ന്നിമേഷം നോക്കി നിന്ന ദ്വാരപാലകനു ആ തീരുമാനം ശരിയോ തെറ്റോ എന്ന് ചിന്തിക്കാന്‍ പോലും ഇട കിട്ടുന്നതിന് മുന്‍പ് അര്‍നോള്‍ഡിന്റെ ആ വിളി ഉറക്കെ അന്തരീക്ഷത്തില്‍ ഒരു ശരണം വിളി പോലെ ഉയര്‍ന്നു.
“അമ്പതു രൂപ”
ഒരു നിമിഷത്തേക്ക് അവിടം നിശ്ശബ്ദമായി.
തമിഴ്സ്വാമിമാര്‍ മുഖത്തോടു മുഖം നോക്കി. അങ്ങിനെ ഒരു വിളി, അതവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു വ്യക്തം, അര്‍നോള്‍ഡ് തലയുയര്‍ത്തി അവരുടെ മുന്നില്‍ നിന്നു. ഒരു വെല്ലുവിളി അതും മലയാളനാട്ടില്‍ വച്ചു മലയാളത്താന്റെ കയ്യില്‍ നിന്നും. തമിഴ് രക്തം ജ്വലിച്ചു കാണണം.
“അയമ്പത്തി ഒണ്ണു” അതാ ഒരു മറുവിളി.
“അറുപതു” അര്‍നോള്‍ഡിന്റെ വക.
“എളുപതു” തമിഴ്മകനാരുടേയോ വക. അങ്ങിനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ..
എല്ലാരുടെ കയ്യില്‍ നിന്നും വേണ്ടത്ര പണം പെട്ടെന്നു കളക്റ്റ് ചെയ്തു കൊടുക്കാനും ആ കടം നാട്ടില്‍ ചെന്ന ശേഷം ഈ പാത്രങ്ങള്‍ വിറ്റ് വീട്ടാം എന്നും ദ്വാരപാലകനോട് നിര്‍ദ്ദേശിച്ച ശേഷം അര്‍നോള്‍ഡ് തിരികെ ലേലത്തിലേക്കു കടന്നു.
“നൂറ്”
അന്തിച്ചു നിന്ന തമിഴ്സ്വാമിമാര്‍ തമ്മില്‍ത്തമ്മില്‍ സ്വകാര്യം പറയാന്‍ തുടങ്ങി. എത്ര വിളിച്ചാലും ലേലം താന്‍ തന്നെ നേടുമെന്ന ആത്മവിശ്വാസത്തോടെ നിന്ന അര്‍നോള്‍ഡിനെ നോക്കുംന്തോറും തമിഴ്സ്വാമിമാരുടെ ലേലംവിളികളും അവരുടെ സ്വരത്തിലെ കനവും കുറഞ്ഞു വന്നു.
“നൂറ്റ്രിയൊണ്ണ്” ഒരു വിളി കൂടെ. അവരുടെയിടയില്‍ നിന്നും അഭിമാനം രക്ഷിക്കാനെന്നവണ്ണം ഉയ്ര്ന്നു.
അതിനെ അപ്പാടെ തകര്‍ത്തു കൊണ്ട് അര്‍നോള്‍ഡ്: “ നൂറ്റിയമ്പതു”
അപ്പോഴെക്കും മലയാളസംഘത്തിലെ സ്വാമിമാരും ദ്വാരപാലകനില്‍ നിന്നും വിവരമറിഞ്ഞവിടെയെത്തി.
ആ വിളിയോടെ ആകെ തകര്‍ന്ന നിലയില്‍ നിന്ന തമിഴ്സ്വാമിമാരുടെ വിളറിയ മുഖങ്ങളിലേക്കു അവസാനിപ്പിക്കാമെന്ന മട്ടില്‍ ലേലം തുടങ്ങിയ സ്വാമിയാര്‍ സിഗ്നല്‍ കാണിച്ചു.
ലേലം അങ്ങിനെ ഒരു മലയാളപയല്‍ നേടിയിരിക്കുന്നു അതും ശാസ്താവിന്റെ തട്ടകത്തില്‍ വച്ചു. അര്‍നോള്‍ഡ് പാത്രങ്ങളുടെ അടുത്തു ചെന്ന് എണ്ണമെടുത്തു. ഇതെല്ലാം കൊണ്ടുപോകേണ്ട വിധത്തിനെക്കുറിച്ചാലോചിച്ച് നില്‍ക്കെ…. അതാ….
ലേലം വിളി തുടങ്ങിയ സ്വാമിയാര്‍ ഒരു എച്ചിലിലയും തൂക്കി അര്‍നോള്‍ഡിനടുത്തേക്കു.
ഒന്നും മനസ്സിലാവാതെ പകച്ചു നിന്ന അര്‍നോള്‍ഡിനടിന്റെ ചെവിട്ടില്‍ പെരിയോന്‍ മന്തിച്ചു.
“എടാ വിഡ്ഡികൂശ്മാണ്ഡമേ.. നീ ഇത്രയും നേരം ലേലം വിളിച്ചതു അവരുടെ ഗുരുസ്വാമി ഭക്ഷണം കഴിച്ച ഇലയ്ക്കു വേണ്ടിയാണ്. “
“ഇതവരുടെ ഒരു ചടങ്ങാണ്.“
കൂടുതല്‍ വിസ്തരിച്ചെങ്കിലും പിന്നീടുള്ള വാക്കുകള്‍ അര്‍നോള്‍ഡിന്റെ ചെവിയിലൂടെ കേറിയോ ആവോ…
അവരുടെ ഗുരുസ്വാമിയാവട്ടെ മലയാളനാട്ടില്‍ വരെ തന്റെ പേരും പെരുമയും പരന്നിട്ടുണ്ടെന്ന പുതിയ അറിവില്‍ ഗര്‍വ്വോടെ, അങ്ങേയറ്റം അഭിമാനത്തോടെ തലയുയര്‍ത്തിയിരുന്നു.
ശിഷ്ടം ചിന്ത്യം.
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 8:14 PM 3 മാലോകരുടെ അഭിപ്രായങ്ങള്‍
Monday, December 24, 2007
ശബരിമല തീര്‍ത്ഥാടനം
എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനു പറ്റിയ അബദ്ധം ആണിതു. (വിശ്വസിച്ചാലും ഇല്ലെങ്കിലും…..) ഇതിലെ കഥാപാത്രങ്ങളുടെ (ജീവിച്ചിരിക്കുന്നവര്‍ ആയതു കൊണ്ടു) യഥാര്‍ത്ഥനാമങ്ങള്‍ മാറ്റി അപരനാമങ്ങള്‍ ഉപയോഗിക്കുന്നു.
ഞങ്ങളുടെ ഗ്രാമം. ഒരു മഹാദേവ ക്ഷേത്രവും അതിനു ചുറ്റുമായി നിറയെ വീടുകളും. ഏതൊരു ക്ഷേത്രത്തെയും പോലെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു ആലും ആല്‍ത്തറയും അതിനു ചേര്‍ന്നൊരു കുളവും ഇവിടെ ഉണ്ടു. കഥാപാത്രങ്ങള്‍ ഇവിടുത്തെ ആ സമയത്തെ പുതു തലമുറ. കൌമാരപ്രായക്കാര്‍. സ്ഥലത്തെ പ്രധാന ഗ്ലാമര്‍താരങ്ങള്‍ (പ്രായം ചെന്നവരുടെയും സ്ത്രീജനങ്ങളുടെയും അഭിപ്രായത്തില്‍ തറകള്‍). ഇവരുടെ സ്ഥിരം & സ്വന്തം വേദിയാണീ ആല്‍ത്തറ. ഗ്രാമ ബ്യൂട്ടികള്‍ക്കാര്‍ങ്കിലും ഈ ഗ്യാംഗിലെ ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടാതെ ആ വഴിയിലൂടെ സഞ്ചരിക്കുക അസാദ്ധ്യം. അതു എതു പുലര്‍കാലമോ പാതിരായോ ആവട്ടെ. ഇവളുമാരുടെ ഒരു നോട്ടത്തിനായി ഊണും ഉറക്കുവുമുപെക്ഷിച്ചു രാവും പകലുമുല്ലാതെ സ്വന്തം വീട്ടുകാരുടെ ചീത്തവിളിയും കണ്ടില്ലെന്നു നടിച്ചു ഈ തറയില്‍ തപസ്സു ചെയ്ത പാഴ്ജന്മങ്ങള്‍ക്കു അവസാനം കിട്ടുന്നതോ.. വായ്നോക്കികള് എന്ന ആക്ഷേപം. സൌന്ദര്യാരാധന ഇത്രക്കു പാപമോ… ഈ ആരാധകര്‍ക്കു വേണ്ടിയല്ലെങ്കില്‍ പിന്നെ ഒരുങ്ങിചമഞ്ഞുള്ള അരയന്ന നടകള്‍ ആര്‍ക്കു വേണ്ടി?
ജനിച്ചു വീണതു മുതല്‍ ഈ ക്ഷേത്രവും അവിടുത്തെ അനുഷ്ഠാനങ്ങളും ഇവിടുത്തെ ഓരോ ഗ്രാമവാസിയുടെയും ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടു. അതു കൊണ്ടു തന്നെ ഭക്തി (അതു ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനാണെന്നതു പരസ്യമായ രഹസ്യം) ഏതു പുതു തലമുറക്കാരനിലും ഉണ്ടു.
അത്തവണയും മണ്‍ഡലക്കാലമായി. വൃശ്ചികം ഒന്നു മുതല്‍ ഒരു മാസം വൃതം നോറ്റു നമ്മുടെ കഥാപാത്രങ്ങള്‍ പുണ്യാത്മക്കളായി മാറുന്ന കാലം. സ്വാമി അയ്യപ്പന്‍ ഈ പുണ്യകാലത്തു പതിനെട്ടു പടിയും കരിമലയും നീലിമലയും കാടും മേടും കല്ലും മുള്ളും താണ്ടി ഇവരുടെ മനസ്സാകുന്ന കോവിലിനുള്ളില്‍ കേറുവാന്‍ പല തവണ പാഴ്ശ്രമം നടത്തി പരാജയപ്പെട്ടിട്ടുണ്ടു. അവസാനം അയ്യപ്പനും മനസ്സിലായി ഈ ശുദ്ധാത്മാക്കളെപ്പറ്റി. എത്ര ശ്രമിച്ചാലും ഒരു ദേവതക്കു മാത്രമേ ആ കോവില്‍ തുറക്കാന്‍ സാധിക്കൂ എന്നു. എന്നിരുന്നാലും എത്രമാത്രം ദേവതകളാണവിടെ അവിടെ സ്ഥാനം നേടിയിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാവര്‍ക്കും എങ്ങിനെ ഒരു പോലെ പൂജകള്‍ നടക്കുന്നതെന്നും ഇനിയും കൂടുതല്‍ ദേവതമാര്‍ക്കു കൂടി ഇടം ലഭിക്കുന്നതെങ്ങിനെയെന്നും അയ്യപ്പനു പോലും പീടി കിട്ടാത്ത കാര്യമാണു.
പറഞ്ഞു കാടു കേറിയെങ്കില്‍ ക്ഷമിക്കുക. ആമുഖം കഴിഞ്ഞു സംഭവത്തിലേക്കു. ഒരു മാസത്തെ കഠിനവ്രതത്തിനു (കഠിനം എന്നതു പലപ്പോഴും അയ്യപ്പനാണു) ശേഷം നമ്മുടെ കഥാപാത്രങ്ങള്‍ ധനു ഒന്നിനു അയ്യപ്പദര്‍ശനത്തിനായി മലയാത്ര പുറപ്പെടുന്നു. ഈ കൌമാര ജീവിതങ്ങളെ ഞാന്‍ അപരനാമങ്ങളില്‍ പരിചയപ്പെടുത്തുകയാണു. ഇവരെ തനിച്ചുവിട്ടാലുണ്ടാകാവുന്ന പ്രശ്നങ്ങളെയും റൂട്ട് ഡൈവെര്‍ഷന്‍സിനെയും പറ്റി യഥാവിഥി ജ്ഞാനമുള്ള മാതാപിതാക്കള്‍ അതിനു സമ്മതിക്കാതെ തുടര്‍ച്ചയായി മുടങ്ങാതെ വര്‍ഷങ്ങളോളം ദര്‍ശനസൌഭാഗ്യം നേടിയ സര്‍വ്വശ്രീ പെരിയോന്‍ടെ കാര്‍മ്മികത്വത്തിലും നേതൃത്ത്വത്തിലുമാണ്‍ ഇവരെ അയക്കുന്നതു. കൂടാതെ പെരിയോന്റെ അത്രയില്ലെങ്കിലും തുടര്‍ച്ചയായി ദര്‍ശനം നടത്തി പുണ്യം തേടുന്ന രണ്ടു മൂന്നു സീനിയര്‍ ശുദ്ധാത്മാക്കളും ഈ കക്ഷികളുടെ മേല്‍നോട്ടത്തിനായി കൂടെ ഉണ്ടു. ആകെ മൊത്തം ടോട്ടല്‍ പത്തു പന്ത്രണ്ടു വരുന്ന ഈ തീര്‍ത്ഥാടകരിലെ ചില പ്രധാന കഥപാത്രങ്ങളിതാ…..
1) സ്വാമി അയ്യപ്പന്‍
2) പെരിയോന്‍ അഥവാ പെരിയ സ്വാമി
3) മേല്‍നോട്ടക്കാരന്‍
4) ദ്വാരപാലകന്‍
5) കന്നി സ്വാമി
6) ചിന്ന സ്വാമി
ഈ ദ്വാരപാലകന്‍ എന്ന പേരിനെ കുറിച്ചു നിങ്ങള്‍ക്കറിയാന്‍ ആകാംക്ഷ കാണുമെന്നെനിക്കറിയാം. പുള്ളിക്കാരനെ ഞങ്ങളുടെ ക്ഷേത്രത്തിലെ ഒരു പ്രതിഷ്ഠ പോലെ തോന്നിച്ചെന്നു വേറൊരു സുഹൃത്തിന്റെ മുംബൈയില് നിന്നും വിസിറ്റിനു വന്ന ഒരു കസിന്‍-വനിതാരത്നം മൊഴിഞ്ഞു. അവര് കാറിനു വരുമ്പോള്‍ ആല്‍ത്തറയില്‍ കണ്ട ഈ വിഗ്രഹം കാറിറങ്ങി അമ്പലത്തിലേക്കു കടന്ന സമയത്തു അതാ പടിഞ്ഞാറെ ആനപ്പന്തലിലെ തൂണില്‍ കാലും കേറ്റി വച്ചു ഇമ പോലും വെട്ടാതെ ഇവരെയും നിരീക്ഷിച്ചു കൊണ്ടു നില്‍ക്കുന്നു. ആ നില്‍പ്പ് അവഗണിച്ചു കൊണ്ടു കടന്നു പോയ ആ സംഘത്തെ അമ്പരപ്പിച്ചു കൊണ്ടു വീണ്ടും ഇതാ ദുര്‍ഗ്ഗാദേവിയുടെ മണ്ഡപത്തില്‍ വീണ്ടും ആ അവതാരം. മൈന്‍ഡു ചെയ്യാതെ തൊഴുതു നീങ്ങിയ ആള്‍ക്കാരെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു കൊണ്ടിതാ കിഴക്കേ ആനപ്പന്തലില്‍ വീണ്ടും. അസുഖം മനസ്സിലാക്കിയ സംഘത്തിനു അമ്പലത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഈ മാന്യദേഹത്തെ ദര്‍ശിക്കേണ്ടി വന്നുവെന്നതു ഒരു സത്യം. കൂട്ടുകാരില്‍ നിന്നും വെല്ലുവിളികള്‍ (കോമ്പറ്റീഷന്‍) ഒഴിവാക്കാന്‍ താന്‍ രഹസ്യമായി നടത്തിയ ഈ ഓപ്പറേഷന്റെ പരിണതഫലം “ദ്വാരപാലകന്‍” എന്ന ഇരട്ടപ്പേരിനു ജന്മം കൊടുക്കലായതിന്റെ ഇളിഭ്യത മാറ്റാനും ഇരട്ടപ്പേരു സ്വീകരിക്കാതിരിക്കാനും മറ്റും നടത്തിയ ദ്വാരപാലകന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നതു മറ്റൊരു സത്യം.
പെരിയ സ്വാമിയുടെ ശബരിമലയാത്ര ഇപ്പോഴത്തെ പാക്കേജ് ടൂര്‍ പോലെയല്ല. ലേറ്റസ്റ്റ്, ഞാന്‍ കേട്ടറിഞ്ഞതു റെഡിമെയ്ഡ് നിറച്ച ഇരുമുടികള്‍ വാങ്ങാന്‍ കിട്ടുമെന്നാണ്‍. നേരെ പോയി മാലയിട്ട് റെഡിമെയ്ഡ് ഇരുമുടി തലയില്‍ രണ്ടു ശരണം വിളിയോടെ ഫിറ്റ് ചെയ്തു കാറില്‍ കേറി പോകുന്ന സ്ഥിതിയായത്രേ. പക്ഷേ തീര്‍ത്ഥാടനം വളരെ ഗൌരവത്തോടെ കാണുന്ന ഇദ്ദേഹം പരമ്പരാഗതരീതിയില്‍ 41 ദിവസത്തെ വ്രതശുദ്ധിയോടെ കെട്ടുനിറച്ചു പാദരക്ഷകളൊന്നും ധരിക്കാതെ അഴുത വരെ സാധാരണ ബസില്‍ യാത്ര ചെയ്യും. അവിടെ നിന്നും ശബരിമലയിലേക്കു കാട്ടിലൂടെ വഴി വെട്ടിത്തെളിച്ചു മലകളും പുഴകളും താണ്ടി കാല്‍നടയായി യാത്ര. ഇടക്കു ഭക്ഷണത്തിനും വിശ്രമത്തിനുമായി ചെറിയ ഇടവേളകള്‍. പാകം ചെയ്തു കഴിക്കാനായി പച്ചക്കറികളും പലവ്യഞ്ജനങ്ങളും വേറെ കെട്ടിചുമക്കും. ഇതു പലപ്പോഴും ഒന്നുമറിയാത്ത കന്നി സ്വാമികള്‍ ചുമക്കേണ്ടി വരുമെതു വേറെ സത്യം. പല വേലകളും ഈ കന്നിസ്വാമികളെ കൊണ്ടു തന്നെ ചെയ്യിപ്പിക്കും. മാലയീട്ടതു കൊണ്ടും പുണ്യയാത്രയിലായതു കൊണ്ടും മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന പല അസഭ്യങ്ങളും ഈ കന്നിസ്വാമിമാരുടെ നാവില്‍ നിന്നും പുറത്തേക്കു വരാതെ നോക്കാന്‍ പലപ്പോഴും അയ്യപ്പനു ബദ്ധപ്പെടേണ്ടി വരാറുണ്ട്. അയ്യപ്പന്‍ അതില്‍ എപ്പോഴും വിജയിച്ചും കാണാറില്ല. എന്തു ചെയ്യാന്‍? അതിങ്ങനെയൊക്കെ അങ്ങു നടക്കട്ടെ എന്നാശ്വസിച്ചു കൊണ്ടു അയ്യപ്പന്‍ തിരികെ പോകും.
അഴുത ടു പമ്പ യാത്രാമദ്ധ്യേ ഒരു സായംകാലസമയത്തു പെരിയോന്‍ ഒരു ഇടത്താവളം തെരെഞ്ഞെടുത്തു. മനോഹരമായ ഒരു അരുവിയുടെ തീരം. എല്ലാവര്‍ക്കും യാത്രക്ഷീണം മാറ്റാന്‍ തണുത്ത വെള്ളത്തില്‍ ഒരു കുളിയാവാം. വസ്ത്രങ്ങള്‍ അലക്കേണ്ടവര്‍ക്കു അതാവാം. അതിനു ശേഷം ഒരു ചൂടു കട്ടനുമടിച്ചു അല്പസമയം വിശ്രമം. പിന്നെ യാത്ര തുടരാം. കെട്ടെല്ലാം വിരിപ്പില്‍ വച്ച ശേഷം എല്ലാവരും അരുവിയുടെ കുളിര്‍ നുകരാനിറങ്ങി. ഇതുവരെയുള്ള കാല്‍നടയുടെയെല്ലാം ക്ഷീണം അപ്പാടെ മാറ്റുന്നതായിരുന്നു ആ അരുവിയിലെ തെളിനീര്‍. പെരിയോനും മേല്‍നോട്ടകാരനും പെട്ടെന്നു തന്നെ അവരവരുടെ വസ്ത്രങ്ങള്‍ അലക്കിയ ശേഷം ഉണങ്ങാനായി ഇട്ടു. അതിനു ശേഷം ദേഹശുദ്ധി വരുത്തി പ്രാര്‍ത്ഥനകളില്‍ മുഴുകി. ആവോളം മദിച്ചുകുളിക്കാന്‍ തയ്യാറെടുത്ത കന്നിസ്വാമിയുടെയും ചിന്നസ്വാമിയുടേയും മോഹങ്ങള്‍ക്കു കടിഞ്ഞാണിട്ടു കൊണ്ടു പെരിയോന്റെ ഉത്തരവിറങ്ങി. “പെട്ടെന്നു കുളിച്ചു കയറി ചായ ഉണ്ടാക്കൂ സ്വാമികളേ… ഇതു വിനോദയാത്രയല്ല. നീരാട്ടൊക്കെ പിന്നീടൊരിക്കലാവാം”.
കഠിനഭാരങ്ങള്‍ ചുമന്നു ചുമല്‍ വേദനിച്ചും നടന്നും തളര്‍ന്ന ഈ ഇളം മനസ്സുകള്‍ക്കുള്ളില്‍ നിന്നും അപ്പോളുയര്ന്ന ശാപവചനങ്ങള്‍ കേള്‍ക്കാന്‍ ത്രാണിയില്ലാതെ അയ്യപ്പന്‍ ശബരിമലയില്‍ നിന്നും തല്‍ക്കാലത്തേക്കു തന്റെ സഹോദരവാസ സ്ഥാനമായ പഴനിയിലേക്കു മറഞ്ഞെന്നു ദ്വാരപാലകന്റെ സാക്ഷ്യമൊഴി.
കന്നിസ്വാമിയും ചിന്നസ്വാമിയും കൂടി ഒരു അടുപ്പ് കൂട്ടി കലം വച്ചു വെള്ളം തിളപ്പിക്കാന്‍ തുടങ്ങി. തിളച്ചു തുടങ്ങിയപ്പോള്‍ ചായപ്പൊടി ഇട്ടു കുറച്ചു കൂടി തിളപ്പിച്ചപ്പോഴാണു ഓര്ത്തതു. അരിക്കാന്‍ അരിപ്പ കൊണ്ടു വന്നില്ല. ഇനി എന്തു ചെയ്യും? ചുറ്റും നോക്കി. സഹായം ചോദിക്കാനാണെന്നു വച്ചാല്‍ ബാക്കിയെല്ലാവരും ഓരോ തിരക്കിലാണു. പെരിയോനും മേല്‍നോട്ടക്കാരനും നാമജപത്തില്‍. ചിലര്‍ നീരാട്ടു തുടരുന്നു. ചിലര്‍ വസ്ത്രങ്ങളലക്കുന്നു. ചിന്ന സ്വാമി ഒരു മാര്‍ഗ്ഗത്തിനായി അലഞ്ഞു. കന്നിസ്വാമി അപ്പോഴേക്കും വിളിച്ചുപറഞ്ഞു. “സാരമില്ല, ഞാന്‍ മാനേജ് ചെയ്തു”. ചിന്ന സ്വാമി വന്നപ്പോഴേക്കും ചൂടന്‍ കട്ടന്‍ ചായ തയ്യാര്‍. കന്നിസ്വാമി ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും വിളിച്ചു പറഞ്ഞു. “ചായ റെഡി, എല്ലാവര്‍ക്കും കുടിക്കാം”
ഏറെ നേരമായി നാമജപത്തില്‍ മുഴുകി തൊണ്ട വരണ്ടു നിന്ന പെരിയോന്‍ ജപമെല്ലാം അവസാനിപ്പിച്ചു ചായകുടിക്കു തയ്യാറെടുത്തു. ഇത്ര നേരം ജപത്തിലായിരുന്നെങ്കിലും കന്നിസ്വാമിമാരുടെ പെരിയോന്റെ നേരെയുള്ള ബഹുമാനക്കുറവിലും അനുസരണക്കുറവിലും അതിലുപരി ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കാര്യക്ഷമതക്കുറവിലും ആകെ അസ്വസ്ഥത പൂണ്ടിരുന്ന മനസ്സുമായി ചായ ഗ്ലാസ് കയ്യിലെടുത്തു ഊതിക്കുടിക്കാന്‍ തുടങ്ങി. ആദ്യത്തെ മൊത്തല്‍ കഴിഞ്ഞപ്പോള്‍ തന്നെ പെരിയോന്റെ മുഖം ചെറുതായൊന്നു ചുളിഞ്ഞു. കന്നി സ്വാമി വേവലാതിയോടെ അതു നോക്കി നിന്നു. ഏതോ ഒന്ന് അദ്ദേഹത്തിന്റെ അസ്വസ്ഥത കൂട്ടുന്ന പോലെ തോന്നി. “കൂടുതല്‍ പണിയാന്‍ ഇട വരുത്തല്ലേ അയ്യപ്പാ… ഇപ്പോ തന്നെ മതിയും കൊതിയും തീര്‍ന്നേ….” എന്നു മനംനൊന്തു കന്നിസ്വാമി വിളിച്ചു. പഴനിയിലിരുന്നും അയ്യപ്പന്‍ ആ വിളി കേട്ടു കാണണം. നേരത്തേ കേട്ടതില്‍കൂടുതല്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാത്തതിനാലോ എന്തോ അയ്യപ്പന്‍ ആ അപേക്ഷ ഫയലില്‍ സ്വീകരിച്ചു. പെരിയോന്‍ വേറൊന്നും മൊഴിഞ്ഞില്ല. ഇതിനിടയില്‍ മറ്റു ചില സ്വാമിമാരും നമ്മുടെ കന്നി-ചിന്ന സ്വാമിമാരും ചായ കുടിയില്‍ പങ്കെടുത്തു തുടങ്ങി.
ദ്വാരപാലകന്‍ നീരാട്ട് അവസാനിപ്പിച്ചു തോര്‍ത്തി കയറി. മേല്‍നോട്ടക്കാരന്‍ ജപം നിര്‍ത്തി അവിടെയും ഇവിടെയും എന്തോ തപ്പി നടക്കുന്നതു കണ്ടു ദ്വാരപാലകന്‍ ചോദിച്ചു “ എന്താണു നോക്കുന്നതു ?”
“അലക്കിയിട്ട തുണികളിലൊന്നു കാണുന്നില്ല”
മേല്‍നോട്ടക്കരന്‍ ആശങ്കയോടെ പറഞ്ഞു. രണ്ടു പേരും കൂടി അലക്കി ഉണങ്ങാന്‍ വിരിച്ചിരിക്കുന്ന തുണികളുടെ ഇടയില്‍ പരതി തുടങ്ങി. “പറന്നു പോകാന്‍ സാദ്ധ്യതയില്ല. ഞാന്‍ പാറക്കല്ലു കേറ്റിവച്ചിരുന്നതാണു” മേല്‍നോട്ടക്കാരന്റെ വിലാപം.
നേരം സന്ധ്യയായി തുടങ്ങി. യാത്ര തുടരേണ്ട സമയമാവുന്നു. “അതാണോ… ഇതാണോ..” എന്ന ദ്വാരപാലകന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം “അല്ല” എന്നായിരുന്നു. മേല്‍നോട്ടക്കാരന്റെ പിറുപിറ്ക്കലില്‍ “ഇതാരെങ്കിലും അടിച്ചുമാറ്റുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ലേ…” എന്നതു ദ്വാരപാലകന്‍ വ്യക്തമായി കേട്ടു. ആ ദുരവസ്ഥയില്‍ ദ്വാരപാലകനും സഹതപിച്ചു. ഒരു പുണ്യയാത്രയില്‍ സംഭവിക്കേണ്ട ഒന്നല്ല ഇതെന്നു പല സ്വാമിമാരും ഏറ്റു പറഞ്ഞു. ആരെങ്കിലും അറിയാതെയെങ്ങാനും എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണമെന്ന പെരിയോന്റെ അഭ്യര്‍ത്ഥന നിര്‍വികാരമുഖങ്ങളല്ലാതെ വേറൊരു പ്രതികരണവുമുണ്ടാക്കിയില്ല.
ഇങ്ങനെ പോയാല്‍ സമയം നഷ്ടപ്പെടുമെന്നു ബോദ്ധ്യമായ പെരിയോന്‍ മറ്റു സ്വാമിമാരോടും ഈ അന്വേഷണത്തില്‍ പങ്കു കൂടാന്‍ ആജ്ഞാപിച്ചു. എല്ലാരും ഊര്‍ജ്ജ്വസ്വലതയോടെ പരതല്‍ തുടങ്ങി. അപ്പോഴേക്കും “അയ്യോ…” എന്ന ഒരു വിളി കേട്ടു എല്ലാരും കൂടി.
തന്റെ പ്രിയപ്പെട്ട തുണിയുമായി അതാ മേല്‍നോട്ടക്കാരന്‍ നില്‍ക്കുന്നു.
“ഇതാരാ ഈ കൊലച്ചതി ചെയ്തതു ?”
മേല്‍നോട്ടക്കാരന്‍ വീണ്ടും, “ആരാണു ഇതില്‍ ചായ അരിച്ചതെന്നു ?”
കന്നിസ്വാമി മുന്നോട്ടു വന്നു. “ഞാനാണു”
മേല്‍നോട്ടക്കാരന്‍ : “നിനക്കെന്താ വിവരമില്ലേ…? ഉണങ്ങാനിട്ട കോണകമാണോ ചായ അരിക്കാനെടുക്കുന്നതു? വേറൊരു തുണിയും കിട്ടിയില്ലേ? “
ചൂടുചായ സ്വാദോടെ ഊതിയൂതിക്കുടിച്ച സ്വാമിമാരുടെ ഇതു കേട്ട ശേഷമുള്ള മുഖപ്രസാദം ഒന്നു കാണേണ്ടതായിരുന്നെന്നു ദ്വാരപാലകന്ടെ നിരീക്ഷണം. വര്‍ണ്ണനാതീതമായ് ഈ ഭാവങ്ങള്‍ പകര്‍ത്താനും മറ്റും ഡിജിറ്റല്‍ ക്യാമറകള്‍ അന്നില്ലാതിരുന്നതു നന്നായെന്നു അനുഭവസ്ഥരും അതിന്റെ നഷ്ടബോധത്തില്‍ ദ്വാരപാലകനും.
കന്നി സ്വാമി ഇളിഞ്ഞ മുഖവുമായി ഇരുണ്ട ഒരു കോണിലേക്കു വലിഞ്ഞ്പ്പോള്‍ അങ്ങേയറ്റം വ്രതശുദ്ധിയോടെ വൃത്തിക്കും ശുദ്ധിക്കും ഒരു ഭംഗവും വരാതെ അത്ര നാളും ദര്‍ശനം നടത്തിവന്ന പെരിയോണ്ടെ ഉള്ളില്‍ ക്രോധത്തിന്റെ തീപ്പൊരികള്‍ പുകഞ്ഞു തുടങ്ങീയിരുന്നു. ചായ കുടിക്കാതിരുന്ന സ്വാമിമാരുടെ ആര്‍ത്തുള്ള ചിരികളുടെ അലകള്‍ ഒരു ശക്തിയുള്ള കാറ്റായി ആ തീപ്പൊരികളെ തീജ്വാലകളാക്കി മാറ്റി.
അടിമുടി കോപത്താല്‍ വിറച്ച പെരിയോന്റെ നാവില്‍ നിന്നും ബഹിര്‍ഗ്ഗമിച്ച ആ ജ്വാലകളുടെ ശക്തി താങ്ങാനാവാതെ അയ്യപ്പന്‍ പഴനിയില്‍ നിന്നും അപ്പോള്‍ തന്നെ ഹിമാലയസാനുക്കളിലേക്കു വലിഞ്ഞെന്നു മറ്റു സ്വാമിമാര്‍ ഒന്നടങ്കം ഏറ്റു പറഞ്ഞു.
ദര്ശനത്തിനു ശേഷം തിരിച്ചെത്തിയ സംഘത്തിലെ വിശേഷങ്ങള്‍ പൊടിപ്പും തൊങ്ങലും അല്പം കൂടുതലായി ചേര്‍ത്തു വിവരിക്കുന്ന പതിവുള്ള ദ്വാരപാലകന്റെ മനോസൃഷ്ടിയാണിതെന്ന് കന്നിസ്വാമിയും അല്ല യഥാര്‍ത്ഥ് സംഭവമായിരുന്നെന്നു മറ്റു ചില സ്വാമിമാരും പറയുന്നു. ഭൂരിപക്ഷം ഇതിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരം ഒരു ചെറിയ ചിരിയിലൊതുക്കി.
ഏതായാലും കന്നിയാത്ര മറക്കാനാവാത്ത യാത്രയായി മാറിയ ആ കന്നിസ്വാമി പിന്നീടുള്ള വര്‍ഷങ്ങളില്‍ അയ്യപ്പനെയും പെരിയോനെയും കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ തുനിഞ്ഞില്ല.
ശുഭം.
ഇതിവിടെ നാട്ടിയത് : രാജേഷ് മേനോന് at 11:11 PM 1 മാലോകരുടെ അഭിപ്രായങ്ങള്‍